വായനയ്ക്കു ശേഷം ...

മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം

24.10.10

പുനര്‍ജനി

പ്രണയം എന്തെന്ന് ഞാന്‍ മറക്കുന്നു ,
മറക്കുവാന്‍ ഞാന്‍ അതെന്തെന്നറിഞ്ഞുവോ?!!
തേടി നടന്നു - ഭ്രാന്തമായ്, എന്നിലെ യൌവനം,
വിശന്നും തളര്‍ന്നും പിന്നെ കിതച്ചും.

ഒരു നോക്ക് കാണുവാന്‍ , ഒന്ന്  സ്പര്‍ശിക്കുവാന്‍,
ആശിച്ചിരുന്നു ഞാന്‍- നിന്നെയെന്‍ പ്രണയമേ,
ഏറ്റു ഞാന്‍ ക്രൂരമ്പ് പലവട്ടം, എങ്കിലും,
ഒട്ടുമേ ചോര്‍ന്നതില്ല എന്‍ വീര്യം.

വാടി തളര്‍ന്നു ഞാന്‍ വീണു ഉറങ്ങുമ്പോള്‍,
താളം പിഴച്ച എന്‍ സ്പന്ദനം  കേള്‍ക്കാന്‍,
ഏഴഴക് ഉള്ളൊരു മായാ ശലഭമായ്,
നീയെന്റെ ചാരത്തു പാറി പറന്നു.

ഇന്ന് ഞാന്‍ അറിയുന്നു-നിന്നെ,
തര്‍പ്പണം ചെയ്ത ബലിച്ചോര്‍ ഉരുള,
കാകനായ്‌ വന്നു ഭുജിച്ചതും, പിന്നെ,
അകലെയെക്ക് എങ്ങോ  പറന്നകന്നതും,
എന്റെ കണ്ണ്നീരില്‍ മുങ്ങി, മൃതി പൂകി,
പുനര്‍ജനി തേടും ആ ആത്മാവ്- അത് നീ എന്‍ പ്രണയമെന്നു.