വായനയ്ക്കു ശേഷം ...

മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം

18.10.12

വാശി


"ഹരീ , നീ കുറച്ചു കൂടെ ക്ഷമ കാണിക്കണം"

അറിയാം , പക്ഷേ ...
ചില സമയത്ത് അവരുടെ വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ ...

" കേള്‍ക്കുമ്പോള്‍?! "

അവരിത്ര നാളും എന്തൊക്കെയാ ചെയ്തതെന്നും പറഞ്ഞതെന്നും എനിക്ക് നല്ല ഓര്‍മയുണ്ട്.

"ഡാ , കുറെ നേരമായി നീ 'അവര്‍' എന്ന് പറയുന്നത് നിന്റെ സ്വന്തം പപ്പയും മമ്മിയും ആണെന്ന് ഓര്‍മ വേണം "

നീ പറയുന്ന കേട്ടാല്‍ തോന്നും ഞാന്‍ കഥ പറഞ്ഞതാണെന്ന്; ഉള്ള കാര്യമല്ലേ പറഞ്ഞുള്ളൂ ?!

"ആയിരിക്കാം , പക്ഷേ ഇപ്പൊ നിന്റെ കണ്ണിലേക്കു നോക്കിയാലറിയാം നിന്റെ മനസ്സില്‍ പകയുടെ ഒരു കനല്‍ എരിഞ്ഞു കത്തുന്നുണ്ട് "

കുറച്ചു നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല , ഞാന്‍ മേശപ്പുറത്തിരുന്ന ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചു തീര്‍ത്തു വെറുതെ അങ്ങനെ കുറച്ചു നേരം ഇരുന്നു.

" നമുക്കൊന്ന് ബീച്ച് വരെ പോകാം , സംസാരിച്ചിരിക്കാന്‍ അതാണ്‌ പറ്റിയ സ്ഥലം. " മൂകതയ്ക്ക്‌ ഞാന്‍ തന്നെ വിരാമമിട്ടു.

ഡേവിസ് - എന്റെ സുഹൃത്ത് , കുടുംബഡോക്ടര്‍ , സഹോദരന്‍ , എഴുത്തുകാരന്‍ അങ്ങനെ എന്തൊക്കെയോ ആണവന്‍.

അവന്റെ കാറില്‍ തന്നെ ബീച്ചിലേക്ക് പുറപ്പെട്ടു; സമയം അഞ്ചര ആകുന്നതേയുള്ളൂ . സൂര്യാസ്തമയം കാണാന്‍ ഒരുപാട് പേര്‍ അവിടേക്ക് എത്തിക്കൊണ്ടിരുന്നു.

ബീച്ചിന്റെ പഴയ പ്രതാപമൊക്കെ നശിച്ചിരിക്കുന്നു ; നഗരസഭയുടെ മുഖംമിനുക്കല്‍ പരിപാടിയാണ് ബീച്ച് ഈ കോലത്തിലെങ്കിലും ആക്കിയെടുത്തത്.


പണ്ട് ഈ പൂഴിമണ്ണില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ വരുമായിരുന്നു ഞങ്ങള്‍, ബീച്ചിന്റെ ഒത്ത നടുക്കാവും പലപ്പോഴും പിച്ച്. പ്ലാസ്റ്റിക്‌ കോര്‍ക്ക് പന്ത് കൊണ്ട് ഫുള്‍ടോസ് എറിഞ്ഞ് കൊണ്ടുള്ള കുട്ടി ക്രിക്കറ്റ്‌. അന്നൊക്കെ എത്ര ആഞ്ഞു വീശിയാലും പന്ത് കടലില്‍ വീഴില്ലായിരുന്നു , ബീച്ചിന്റെ വലിപ്പത്തേക്കാള്‍ ഉപരി , വീശിയടിക്കുന്ന കാറ്റ് പന്തിനെ തിരികെ കരയിലെത്തിക്കുമായിരുന്നു. ഒരു തവണയെങ്കിലും സിക്സര്‍ അടിച്ചു പന്ത് കടലില്‍ ഇട്ടാല്‍ സര്‍ബത്ത് എന്ന മോഹനവാഗ്ദാനങ്ങളുമായി പലപ്പോഴും കളിച്ചെങ്കിലും ഒരിക്കലും പന്ത് വെള്ളത്തില്‍ വീണില്ല.
ഇടയ്ക്ക് നേവിക്കാര്‍ വന്നു ഡിസ്ക് എറിഞ്ഞ് കളിക്കുമായിരുന്നു , കടലിലേക്ക്‌ ഊക്കോടെ എറിയുന്ന ഡിസ്ക് ഒരു ബൂമറാങ്ക് പോലെ എറിഞ്ഞിടത്തെക്ക് തിരിച്ചു പറന്നു വരും; അത് നിലത്തു വീഴും മുന്‍പ് പിടിക്കുന്നവന്‍ ആണ് കേമന്‍; ആ അഭ്യാസം കണ്ടു പലപ്പോഴും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.

ഇന്നതൊന്നുമില്ല ; പേരിനു മാത്രമുള്ള ബീച്ചില്‍ അവിടവിടെയായി ചിലര്‍ പട്ടം പറത്തുന്നു. മാഞ്ച കൊണ്ട് ഉയര്‍ന്നു പറക്കുന്ന പല പട്ടങ്ങളുടെ നൂലും അവര്‍ അരിഞ്ഞിടുന്നു ; വെട്ടിപ്പിടിക്കലിന്റെയും കീഴടക്കലിന്റെയും സുഖം അവരുടെ മുഖങ്ങളില്‍ കളിയാടി നിന്നിരുന്നു.

എനിക്കും ആ മുഖഭാവമാണോ ?     

*-*-*-*-*-*

"കപ്പലണ്ടി , കപ്പലണ്ടി , നല്ല ചൂട് കപ്പലണ്ടി - രണ്ടെണ്ണം പത്ത് , രണ്ടെണ്ണം പത്ത് "
 ആ കപ്പലണ്ടിക്കാരന്‍ പയ്യനാണ് ഭൂതകാലത്ത് നിന്ന് എന്നെ തിരികെ കൊണ്ട് വന്നത്. നാശം !

എന്ത് രസമായിരുന്നു പണ്ട്, ആ ഓര്‍മകളില്‍ കുറച്ചു നേരം കൂടെയിരിക്കാന്‍ ഞാന്‍ കൊതിച്ചിരുന്നു.

"ഹരീ , നീ ഒന്ന് റിലാക്സ്ഡ് ആവട്ടെ എന്ന് കരുതിയാണ് ഇത്ര നേരം ഞാന്‍ മിണ്ടാതെയിരുന്നത് , സമയം ആറായി . നീ വേഗം കാര്യം പറ. ആറരയ്ക്ക് മോളുവിനെ ട്യുഷന്‍ ക്ലാസ്സില്‍ നിന്നും കൊണ്ടുവരാന്‍ പോണം.
ഒറ്റയ്ക്ക് വിട്ടാല്‍ ശരിയാവില്ല, കാലം-നാട്ടുകാര്‍ രണ്ടുമത്ര പന്തിയല്ല"

വാ നമുക്ക് തിരിച്ചു നടക്കാം - ഞാന്‍ എഴുന്നേറ്റു നടക്കാന്‍ തുടങ്ങി , കൂടെയവനും.

ഡേവിസേ , നിനക്കറിയാമല്ലോ എന്റെ കാര്യങ്ങള്‍ , എനിക്ക് വാശിയായിരുന്നു , എന്റെ കഴിവുകളെ കണ്ടില്ലെന്നു നടിക്കുന്ന അവരോടു; എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ വേഗത്തില്‍ തല്ലികൊഴിക്കുന്ന എന്റെ വീട്ടുകാരോട് എനിക്ക് എനിക്ക് വാശിയായിരുന്നു , ഒരിക്കലെങ്കിലും അവരുടെ മുന്നില്‍ ജയിച്ചു കാണിക്കണം എന്ന വാശി. ഒരു പക്ഷെ ഇതായിരിക്കും അവരും ആഗ്രഹിച്ചിരിക്കുക്ക , അങ്ങനെയെങ്കിലും ഞാന്‍ നന്നാവട്ടെയെന്ന്.
പരീക്ഷയക്കു 45/50 വാങ്ങി ചെല്ലുമ്പോഴും അവരു പറയും ഗ്രേസിയുടെ മോള്‍ക്ക്‌ 50/50 ഉണ്ടല്ലോ എന്ന്.
 ഗ്രേസിയുടെ മോള്‍ , ശേഖരന്റെ മോന്‍  അങ്ങനെ കുറച്ചു പേരുകള്‍ , എന്റെ ചെറിയ നേട്ടങ്ങള്‍ അവരുടെ വന്‍ വിജയങ്ങളുടെ നിഴലില്‍ ഒന്നുമല്ലാതായി, അല്ലെങ്കില്‍ അവരങ്ങനെ ആക്കി തീര്‍ത്തു.

അന്ന് തുടങ്ങിയ വാശിയാണ് ; ഒരിക്കലെങ്കിലും ഈ പറയുന്ന എല്ലാവരെക്കാളും വലിയവന്‍ ആകണം എന്നൊരു തോന്നല്‍, അത് ദിനം കഴിയുന്തോറും ശക്തമായി കൊണ്ടിരുന്നു, അങ്ങനെ ഒരു ദിവസത്തിനായി കാത്തിരിക്കാന്‍ തുടങ്ങി. സത്യത്തില്‍ ഈ പറയുന്ന ആരോടും എനിക്ക് വിരോധം ഉണ്ടായിരുന്നില്ല !!!

ദൈവം സഹായിച്ചു ഇന്നെന്റെ സ്വപ്നം സാക്ഷാത്കരിച്ചുവെങ്കിലും മനസിലേറ്റ മുറിവുകള്‍ ഉണങ്ങാതെ ചോരയോലിച്ചു കിടക്കുന്നു.

*-*-*-*-*-*

അച്ഛനാണെങ്കില്‍ ഒരു കാര്യം മൂന്ന് പ്രാവശ്യം ചോദിക്കും , ചെവി കേള്‍ക്കാത്ത പോലെ ഒരഭിനയവും ; പറയുന്നത് ശ്രദ്ധിക്കാഞ്ഞിട്ടാ.  എനിക്കൊരു കാര്യം വീണ്ടും വീണ്ടും ചോദിക്കുന്നത് തീരെ ഇഷ്ടമല്ല, പിന്നെ റോഡ്‌ ക്രോസ് ചെയ്യുമ്പോള്‍ മാത്രമുള്ള ഒരു സ്ലോമോഷന്‍ നടത്തം , നാട്ടുകാര്‍ വിചാരിക്കും എന്തോ വലിയ അസുഖക്കാരന്‍ ആണെന്ന്, എന്നാ വല്ല അസുഖവുമുണ്ടോ , അതൊട്ടില്ല താനും; പിന്നെ എന്തിനാ ഈ അഭിനയം?!
അമ്മയ്ക്കാണെങ്കില്‍ സുപ്രീംകോടതി ജഡ്ജി ആണെന്നാ വിചാരം , എല്ലാ കാര്യങ്ങളും പറഞ്ഞു ബോധ്യപെടുത്തി കൊടുക്കണം. ഹാര്‍ട്ട്‌പേഷ്യന്റ് ആയതു കൊണ്ട് സൂക്ഷിച്ചു മാത്രമേ വാ തുറക്കാനും പറ്റു ..നേരെ വാ നേരെ പോ , അതാണ് എന്റെ സമ്പ്രദായം, അധികം വളച്ചു ചുറ്റലും മിനുസപെടുത്തലും ഒന്നും എന്നെ കൊണ്ട് പറ്റില്ല, ഉള്ള കാര്യം അങ്ങോട്ട്‌ പറയും ; അതിനും പരാതി.

" ഹരീ , നിന്റെ എല്ലാ തോന്ന്യാസങ്ങളും സഹിച്ചു നിന്നെ വളര്‍ത്തി വലുതാക്കിയത് ഇവരാണെന്നു നീ മറക്കരുത്"

അപ്പളേ ഡോക്ടറേ ,  നിന്നെ പോലുള്ള എല്ലാ ഉപദേശികളും സ്ഥിരം പറയുന്ന കാര്യമാണിത്. എടാ , എനിക്കും ഒരു മോനില്ലേ , അവന്റെ കുസൃതിക്കും കുറുമ്പിനും വല്ല കുറവുണ്ടോ? പക്ഷെ അവനോടു ഞാന്‍ ഇങ്ങനെ എപ്പോഴെങ്കിലും പെരുമാറി കണ്ടിട്ടുണ്ടോ നീ?! കൊച്ചു കുഞ്ഞുങ്ങളോട് നമുക്കെന്നും ഒരു മമതയുണ്ടാകും.

"നിന്നെ ഭരിക്കാന്‍ വരാത്തത് കൊണ്ടായിരിക്കും"
ആവാം!

"ഭരിക്കപ്പെട്ടിരുന്നവന്‍ ഭരണകര്‍ത്താവായി രൂപാന്തരം പ്രാപിക്കുമ്പോള്‍ ഉണ്ടാകുന്ന ആശയക്കുഴപ്പം -അതാണ്‌ നിന്റെ പ്രശ്നം; അധികാരം കൈവിട്ടവര്‍ അരക്ഷിതരായി നിന്റെ നേരെ നോക്കുമ്പോള്‍ നീ അവരെ കാണുന്നില്ല , അവരുടെ ഭൂതകാലത്തെ മാത്രമേ കാണുന്നുള്ളൂ ... നീ നിന്റെ മാതാപിതാക്കളെ കാണുന്നില്ല , നിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്ത എതിരാളികളെ മാത്രമേ നീ അവരില്‍ കാണുന്നുള്ളൂ. അത് ശരിയാവില്ല . നീ ഒരു മനുഷ്യനായി ചിന്തിക്കു. കുടുംബവും , ബന്ധുക്കളും അടങ്ങുന്ന ചങ്ങലയിലെ ഒരു കണ്ണിയായി മാറാന്‍ ശ്രമിക്കു, അതല്ലെങ്കില്‍ നിനക്ക് നഷ്ടങ്ങളെ ഉണ്ടാകൂ, നീ എല്ലാം മനസിലാക്കി വരുമ്പോഴേക്കും ഒരുപാട് വൈകും

നീ പറയും പോലെ ആകണമെന്നില്ല കാര്യങ്ങള്‍ , അവര്‍ക്ക് പ്രായമായി വരികയല്ലേ, ചിലപ്പോള്‍ ശാരീരികമായി അസുഖം ഒന്നുമില്ലെങ്കിലും മനസ്സില്‍ അങ്ങനെ തോന്നല്‍ ഉണ്ടാകും, കൊച്ചുകുട്ടികള്‍ ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു ക്യരെക്ടര്‍ ആയി വളരുന്നവരാണ്, അതിനു ഒരു ആകൃതി വരുത്താന്‍ എളുപ്പമാണ് , കുഴച്ച കളിമണ്ണ് കൊണ്ട് പാത്രം   ഉണ്ടാക്കുന്ന പോലെ ; പക്ഷെ അതുപോലെയല്ല വൃദ്ധരായഅച്ഛനമ്മമാര്‍ ; അവര്‍  ഉരുക്ക്കമ്പി പോലെയാണ് , അവര്‍ക്ക് ഒരു ആകൃതിയും പ്രകൃതിയും ഉള്ളവരാണ് , അത് മാറ്റിയെടുക്കുക പ്രയാസമാണ്, ഒരുപക്ഷെ മാറ്റാന്‍ ശ്രമിച്ചാല്‍ അവര്‍, അവര്‍ അല്ലാതായി തീര്‍ന്നേക്കാം."
 
മതി നിന്റെ സാരോപദേശം. ഒരു കാര്യം ചെയ്യ് , "അസുരന്റെ ജല്പനങ്ങള്‍" എന്ന് പേരില്‍ ഇത് നീ ഒരു കഥയായെഴുത്ത്‌ , നിന്റെ കേസ്സ്റ്റഡിയും , റിപ്പോര്‍ട്ടും , ഉപദേശങ്ങളും ഒക്കെ ചേര്‍ത്ത് ഒരു പുസ്തകം ആയി ഇറക്കു; ഞാനത് വാങ്ങി വായിച്ചു നന്നായിക്കൊള്ളാം  ,എന്നെ പോലുള്ള ബാക്കിയുള്ളവരും കൂടെ നന്നാവും.

ഡേവിസ് വെറുതെ ചിരിച്ചതെയുള്ളൂ - ഈ ചിരിയിലാണ് മേരി വീണുപോയത്.

*-*-*-*-*-*

ജീവിതത്തില്‍ ലക്ഷ്യം ആയി കരുതിയിരുന്ന പലതും മാറ്റേണ്ട സമയമായി , ഇനി ഞാന്‍ എന്തെന്ന് തെളിയിക്കേണ്ട ആവശ്യമില്ല, അല്ലെങ്കിലും അതെങ്ങനെ തെളിയിക്കാന്‍! പക്ഷെ അവന്‍ പറഞ്ഞ പോലെ ഒരു രൂപാന്തരം ആവശ്യമാണ്‌, വൈകും മുന്‍പേ.

ശരിതെറ്റുകള്‍ അളക്കാന്‍ ഇനിയെത്ര സമയം ബാക്കിയുണ്ടെന്ന് അറിയില്ല ; അതിനു ശ്രമിച്ചിട്ടും പ്രയോജനമൊന്നും ഇല്ല. മനസിലെ പകയുടെ കനലുകളില്‍ സ്നേഹത്തിന്റെ നനവ്‌ പടരണം. ഇത് വരെ പഠിച്ച ഭാഷകള്‍ അല്ല , ഇനി പഠിക്കാനിരിക്കുന്ന ഹൃദയത്തിന്റെ ഭാഷ കൊണ്ടേ ഇനി കാര്യമുള്ളൂ. ഈ പൊരി വെയിലില്‍ ഒരു തണല്‍ വൃക്ഷമാണാവശ്യം , ഒരു പടുകൂറ്റന്‍ ആല്‍മരമായി വളരണം...

വീണ്ടും കണ്ണിലേതോ കോണില്‍ ഒരു വാശി മിന്നിമറഞ്ഞില്ലേ?!

ഭാഗ്യം , ഇത്തവണ ഡേവിസ് അതുകണ്ടില്ല; അവന്‍ കാര്‍ ഓടിക്കുന്ന തിരക്കിലായിരുന്നു.

*-*-*-*-*-*{ നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപെടുത്താം .  നന്ദി }