വായനയ്ക്കു ശേഷം ...

മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം

17.11.13

പ്രണയാക്ഷരങ്ങൾ





പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത അവളുടെ വിശേഷങ്ങളിൽ എവിടെയോ മാമ്പൂവിന്റെ ഗന്ധം അലിഞ്ഞിരുന്നു ,
കരിമഷിയിട്ട കണ്ണുകളിൽ , ബേബിപൗഡർ മണക്കുന്ന കഴുത്തിൽ , നനുനനുത്ത കൈവെള്ളയിൽ , കിലുങ്ങുന്ന പാദസരങ്ങളിൽ , പിന്നെയെന്റെത് മാത്രമായ രഹസ്യസങ്കേതങ്ങളിൽ അങ്ങനെയെല്ലായിടത്തും അവളെന്നെ കുരുക്കിയിട്ടിരുന്നു. അവരുടെയല്പത്തം കേട്ടവൾ കുലുങ്ങിച്ചിരിച്ചപ്പോൾ എന്റെ മേനിയിലെ കൊളുത്തുകൾ വലിഞ്ഞു കീറി ചോര കിനിഞ്ഞു; ഞാൻ മറന്ന തമാശകളെ മനസാ ശപിച്ചു. എന്റേതുമാത്രമെന്നുറക്കെ പ്രഖ്യാപിച്ചു ചേർന്ന് നിന്നപ്പോൾ ; എന്റെ കവിള് ചുവപ്പിച്ചപ്പോൾ ഞാനീ ലോകത്തിന്റെ നെറുകയിലേക്ക് കയറി. രാത്രികൾ അവളുടേത്‌ മാത്രമാക്കി; നിശബ്ദനായി അവളുടെ നിശ്വാസങ്ങളും ഹൃദയസ്പന്ദനങ്ങൾക്കും മാത്രം കാതോർത്തു കിടന്നപ്പോൾ അവൾ പറയാതെ പറഞ്ഞ കഥകൾ കേൾക്കുകയായിരുന്നു ഞാൻ. സമയത്തിനന്നു പുതിയ സൂചികകൾ ആയിരുന്നു ; പ്രഭാതങ്ങൾ അവൾക്കു വേണ്ടി മാത്രം വിരിഞ്ഞ പൂക്കളായിരുന്നു.
എന്നായിരുന്നു ആ വേനലാരംഭിച്ചത്? തൊടിയിലെ പൂക്കലത്രയും കരിഞ്ഞു; നീണ്ട വിരസമായ പകലുകൾ പുല്ലു മേഞ്ഞു നടന്നു. ചോരവാർന്നു ഞാൻ മൃതപ്രാണനായി , തിരികെ നടക്കുമ്പോൾ ഞാൻ കണ്ടു , കാറ്റേറ്റു വീണ മാമ്പൂക്കളെ. ആരൊക്കെയോ ചവുട്ടിയരച്ച അതിനു നിറമോ മണമോ ഉണ്ടായിരുന്നില്ല .

7.11.13

പുതിയ നിയമങ്ങൾ

ഒരു വലിയ ജനക്കൂട്ടം 

 കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മാറ്റത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ഒരു വലിയ സംഘം

ഏതോ രാഷ്ട്രീയ നേതാവിനെതിരെയും അയാളുടെ പാർട്ടി നടത്തിയ അഴിമതിക്കെതിരെയും ആണ് മുദ്രാവാക്യങ്ങളത്രയും.

അസംഖ്യം വെള്ളത്തൊപ്പിക്കാർ!

ഓരോ തൂവെള്ള തൊപ്പിയിലും " ഞാൻ സാധാരണക്കാരൻ ആണ് " എന്നെഴുതിയിട്ടുണ്ട്. ചിലർ അങ്ങിങ്ങായി ചൂലുയർത്തി പിടിച്ചിട്ടുണ്ട്.

ആ മൈതാനത്തിന്റെ ഏറ്റവും പിന്നിലാണ് ക്യാമറമാൻ;  തൊപ്പികൾക്കിടയിലൂടെ അവരുടെ നേതാവിന്റെ മുഖം ഒപ്പിയെടുക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല.

ഉറങ്ങിക്കിടന്ന .. അല്ല ഉറക്കം നടിച്ചു കിടന്ന ചിലരെ തട്ടിയുണർത്താൻ ഇവരുടെ നേതാവിനായി.

ഒരു മാറ്റത്തിന് വേണ്ടിയാണ് അവർ മുറവിളി കൂട്ടുന്നത്. അതേ , മാറ്റം പ്രകൃതി നിയമമാണ്.

ബഹളത്തിനിടയിലേക്ക് ക്യാമറാമാൻ ഇറങ്ങിച്ചെന്നപ്പോൾ  മുദ്രാവാക്യം വിളി അത്യുച്ചത്തിലായി.

പർവീണ്‍ ഉടനെ ടി വി യുടെ ശബ്ദം കുറച്ചു. വാർത്തകൾക്കായി ടി വി കാണുന്ന പതിവ് പർവീണിനു ഇല്ല. അയാളുമായി നേരിട്ട് ബന്ധമില്ലാത്ത ലോകകാര്യങ്ങൾ അറിയാൻ അയാളൊരിക്കലും താല്പ്പര്യം കാണിച്ചില്ല.

ഏറ്റവുമൊടുവിൽ അയാൾ ശ്രദ്ധയോടെ വായിച്ച വാർത്ത ഏതായിരുന്നു?

ങ്ഹാ  , കാവേരി നദീജലത്തർക്കത്തെ സംബന്ധിച്ച കോടതി വിധിയായിരിക്കണം. ആ സമയത്ത് മാണ്ഡ്യ , കൃഷ്ണഗിരി പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. മാണ്ഡ്യക്കപ്പുറം ഒരു ഗ്രാമത്തിൽ നിന്ന് ബാംഗ്ലൂർ ചെന്നാണ് മഹേഷ്‌ ശേഖരപ്പ നോയിഡയ്ക്ക് പറന്നിരുന്നത്.

ടി വിയുടെ ശബ്ദം ക്രമീകരിച്ചു കഴിയും മുൻപേ ഒരീറ്റപ്പുലിയെ പോലെ മഹേഷ്‌ പർവീണിന്റെ  മേലേക്ക് കയറി  കാർപെറ്റിലേക്ക് കിടത്തി. അയാളുടെ രോമാവൃതമായ മാറിലും , കഴുത്തിലും വയറ്റിലും വെളുത്തു നഗ്നമായ തുടകളിലും ദന്തക്ഷതം ഏൽപ്പിച്ചു കൊണ്ടവൻ മുന്നേറി. അവരുടെ ശ്വസോച്ച്വാസവും നീട്ടിയും കുറുകിയുമുള്ള മൂളലും ഞെരങ്ങലുമെല്ലാം തൊപ്പിക്കാരുടെ മുദ്രാവാക്യങ്ങളിൽ മുങ്ങിപ്പോയി.

ദാഹമൊന്നു ശമിച്ച്  മാർബിൾ തറയിൽ മലർന്നു കിടന്നപ്പോഴാണ്‌ മൊബൈലിന്റെ സ്ക്രീൻലൈറ്റ് മിന്നുന്നതും ചെറിയൊരു ശബ്ദത്തോടെ വിറച്ചു കൊണ്ട് മേശപ്പുറത്തു വട്ടം ചുറ്റുന്നതും  മഹേഷ്‌ ശ്രദ്ധിച്ചത്.

അനക്കം നിന്നു 

5 മിസ്സ്‌ കോളുകൾ : ഹോം 

"In a meeting. will start in an hour from here. flight is @ 10:15 "  മറുതലയ്ക്കൽ ഇരിക്കുന്നയാൾക്കായി സന്ദേശമയച്ചു പർവീണിന്റെ ചുണ്ടുകൾക്കിടയിലെ മധുപാത്രം തേടി അവനിഴഞ്ഞു പോയി.

                                                                      ***
    
" ഞാനിറങ്ങട്ടെ മുതലാളി? മകൻ രാത്രി എത്തുമായിരിക്കുമല്ലേ? രാത്രിയിലേക്കുള്ള ഭക്ഷണവും ചായയും അടുക്കളയിൽ ഇരുപ്പുണ്ട്‌.  ഭാര്യക്ക്‌ തീരെ സുഖമില്ല. ഞാൻ ചെന്നിട്ടു വേണം .. " ചെല്ലപ്പൻ തലേക്കെട്ടഴിച്ചു കൊണ്ട് നിന്നു.

"സരി , നീവു ബെളെഗെ ആറു ഘണ്ടെ  ബരബേക്കൂ "  ശേഖരപ്പ ഓർമിപ്പിച്ചു .

" ഓ "  ചെല്ലപ്പൻ വീട്ടിലേക്കു പോകാൻ തയ്യാറെടുത്തു. ഏകദേശം ഒൻപതു മാസമായി ഇവിടെ കൂടിയിട്ടു. പോകുന്ന വഴി അടുക്കളയിൽ ഒളിപ്പിച്ചു വെച്ചിരുന്ന പൈന്റ്കുപ്പി എടുക്കാൻ അയാൾ മറന്നില്ല. ഒറ്റവലിക്ക് അത് തീർത്തിട്ടു കുപ്പി ഏതോ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു അയാൾ ഇരുളിലേക്ക് നടന്നു കയറി.

അധികമകലെയല്ലാതെ ഒരിടത്ത് ചിന്നു തന്റെ ജീവിതത്തിലേക്ക് കൂടി പടർന്നു കയറുന്ന ഇരുളിനെ നോക്കി  നിറവയറും താങ്ങി നിർവികാരയായി പടിക്കൽ കാത്തിരുപ്പുണ്ടായിരുന്നു. അങ്ങേത്തെരുവിൽ നിന്നും ഇരുളിലേക്ക് അന്തർധാനം ചെയ്ത ചെല്ലപ്പൻ അധികം വൈകാതെ ചിന്നുവിന്റെ മുന്നിൽ പ്രത്യക്ഷനായി. 

ചെല്ലപ്പന് ചില പ്രത്യേക ചിട്ടകളുണ്ടായിരുന്നു. 

വന്നു കഴിഞ്ഞാൽ ഉടൻ കുളിച്ചു ദേഹശുദ്ധി വരുത്തി ഭക്ഷണം കഴിക്കാനിരിക്കും . ഭക്ഷണത്തിനു ശേഷം പത്തു നിമിഷം മുറ്റത്ത് ഉലാത്തും. പിന്നീട് വീടിനകത്തേക്ക് പോയി കയ്യിൽ ഒരു ചുവന്ന പട്ടുതുണിയുമായി വരും; ഉമ്മറത്ത് വെച്ചിരിക്കുന്ന ഭാഗീരഥിയമ്മയുടെ ഛായാചിത്രത്തിനു മുന്നിൽ ഒരു നിമിഷം കണ്ണടച്ച് നിൽക്കും ; പിന്നീടാച്ചിത്രം പട്ടു തുണി കൊണ്ട് മൂടും. ആ ഒറ്റമുറി വീട്ടിൽ അയാൾക്കാവശ്യമുള്ള സ്വകാര്യത ഉണ്ടാക്കിയെടുത്തിരുന്നത് അങ്ങനെയാണ്. പണ്ട് മുതലേ ആചരിച്ചു വരുന്ന നിഷ്ഠയാണിത്‌ , അമ്മയുടെ മുന്നില് വെച്ച് മകളെയോ - മകളുടെ മുന്നിൽ വെച്ച് അമ്മയെയോ അയാൾ ഭോഗിച്ചിരുന്നില്ല.

ഈ രാത്രി കഴിഞ്ഞാൽ ആ കൊച്ചു ജീവന്റെ ചുമതല എനിക്കാണ്; നാളെ പുലർച്ചെ ആ ജീവന് പുതിയൊരു ശരീരം കൊടുക്കണം. ഇന്ന് രാത്രിയിലുള്ള ചെല്ലപ്പന്റെ പരാക്രമത്തിൽ ആ ജീവൻ ചിന്നുവിനെ വിട്ടു , ഭൂമി വിട്ടു എന്റെയടുക്കൽ എത്തും.  നാളെ പ്രഭാതത്തിൽ കിഴക്കൻ ആഫ്രിക്കയിൽ ഒരു വണ്ടിന്റെ ഉദരത്തിൽ ഈ ജീവനെ കൊണ്ട് ചെന്നാക്കണം.

ഓ മറന്നു . എന്നെ പരിചയപ്പെടുത്തിയില്ലല്ലോ

നിങ്ങൾ ജഗൽന്നിയന്താവെന്നു വിളിക്കുമ്പോൾ വിളി കേൾക്കാൻ ബാധ്യസ്ഥനായവൻ ഞാനാണ്.  ഈ പ്രപഞ്ചത്തിലെ സകല സൂക്ഷ്മസ്ഥൂല കണികകളുടെയും ഭാവി എന്നാൽ എഴുതപ്പെട്ടിരിക്കുന്നു.

ഞാനൊരു ആശയക്കുഴപ്പത്തിലാണ്.

മാറ്റം പ്രകൃതിനിയമമാണ്; പ്രകൃതിയുടെ നിയമങ്ങൾ എല്ലാം എഴുതിയത് ഞാൻ ആണെങ്കിലും എനിക്കു ബാധകമായ ഒരേയൊരു നിയമം  മാറ്റത്തിന്റെയാണ്. 

അല്പസ്വല്പം വ്യത്യാസങ്ങളോടെ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ , അവനു ബുദ്ധിശക്തി നൽകിയപ്പോൾ പലരുമെന്നെ തടഞ്ഞു ; ഞാൻ അന്നാരെയും കേട്ടില്ല.  ഇന്നവർ എന്റെ നിയമങ്ങൾ ഓരോന്നായി തെറ്റിക്കുന്നു. ഞാൻ എഴുതി വെച്ച ശിക്ഷാവിധികളെ അവൻ തൃണവൽക്കരിക്കുന്നു; കൂടുതൽ കൂടുതൽ ആളുകൾ അനുനിമിഷം ഒരു മാറ്റം കാംക്ഷിക്കുന്നു. 

പ്രകൃതിക്ക് വിധേയരായി മാത്രമേ ഭൂമിയിലെ  ജീവജാലങ്ങൾക്ക് നിലനിൽപ്പുള്ളൂ; മനുഷ്യർ അതിനെ വെല്ലുവിളിച്ചു അജയ്യരായി നിൽക്കുമ്പോൾ പ്രകൃതിനിയമങ്ങൾ മാറ്റാതെ തരമില്ല. അല്ലെങ്കിൽ അലംഘനീയമായ ആ മാറ്റം ഇവിടെ സംഭവിക്കും.

മൂകത തളംകെട്ടിക്കിടന്നിരുന്ന ഇടനാഴികളിലേതിലോ പതിഞ്ഞ ഒരു കാൽപ്പെരുമാറ്റം!


അതടുത്തേക്കു വരുകയാണ്.


*******

15.9.13

പൊന്നി

എന്തിനാണീ പാതിരാത്രി ഇറങ്ങിപ്പുറപ്പെട്ടതെന്ന ചോദ്യം അപ്പോഴും മനസിന്റെ ഏതോ കോണിൽ കിടന്നു കറങ്ങുന്നുണ്ടായിരുന്നു. ബൈക്ക് പാർക്ക്‌ ചെയ്തു വീട്ടിലേക്കു നടക്കുമ്പോൾ സെക്യൂരിറ്റിക്കാരൻ അണ്ണാച്ചി പതിവ്പോലെ കൂർക്കംവലിച്ചുറക്കമായിരുന്നു. ഉറക്കം അയാളെ സംബന്ധിച്ചിടത്തോളം സങ്കൽപ്പികമായ മറ്റൊരു ലോകത്തിലേക്കുള്ള കൂടുമാറ്റമാണ്; മോഹഭംഗങ്ങളും നിരാശയും കുത്തിയൊലിച്ചു വന്നിട്ടും അതിലൊന്നും മുങ്ങിമരിക്കാതെ ജീവനോടെ ഇരിക്കുന്നത് തന്നെ ഈ സ്വപ്നാടനത്തിനാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. അയാളുടെ ശരിയായ പേര് അണ്ണാദുരൈ എന്നോ മറ്റോ ആണ് ; ഞങ്ങൾ നാലുവീട്ടുകാർക്കും അയാൾ വെറും അണ്ണാച്ചിയാണ്.

എന്റെ കൈകൾ അപ്പോഴും നന്നായി വിറച്ചു കൊണ്ടിരുന്നു.


ഈ ഉദ്യാന നഗരിയെ മൂടി നിൽക്കുന്ന മഞ്ഞിന്റെ ആവരണത്തെ എനിക്കിഷ്ടമാണ് ; വെളിച്ചെണ്ണ കട്ടപിടിച്ചു പോകുമെന്ന കാര്യത്തിലൊഴിച്ചു മറ്റൊരിക്കലും ഞാനതിനെ കുറ്റം പറഞ്ഞിട്ടില്ല. രാത്രിയിൽ നേർത്ത മഴത്തുള്ളികളുടെ മറവിൽ ശരീരത്തിന്റെ സൂക്ഷ്മതകളിലേക്ക് ആഴ്ന്നിറങ്ങുന്ന തണുത്തുറഞ്ഞ ദ്രംഷ്ടകൾ പകൽ വെളിച്ചത്തിൽ അതി സമർഥമായി ഒളിച്ചുവെക്കുന്നു ഈ നഗരം ; ഞാനതീ രാത്രി മനസിലാക്കുന്നു. ചാറ്റൽ മഴയത്ത്  ഇരുൾ കട്ടപിടിച്ചു  കിടന്ന വീഥിയുടെ ഓരോ കോണിലും ഒരാൾപ്പെരുമാറ്റത്തിനു കാതോർത്തു വൃഥാവിലാണെന്നറിഞ്ഞിട്ടും ഒരു കറക്കം.
 വാതിൽ തള്ളിത്തുറന്നകത്ത് കയറും മുൻപ് അടുത്ത വീടിന്റെ വാതിലിലേക്കൊന്നു പാളി നോക്കി; പാതി ചാരിയ വാതിലിനിടയിലൂടെ അകത്തേതോ മുറിയിൽ നിന്ന് വെളിച്ചവും സംസാരശബ്ദവും പുറത്തേക്ക് തലനീട്ടി നിൽപ്പുണ്ട്.
അവരുടെ അടുത്ത ബന്ധുക്കളോ സുഹ്രുത്തുക്കളോ ആയിരിക്കും .

പിന്നെ നോക്കിയതെന്റെ പൊന്നിയെയാണ് ; അത്ഭുതങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല; ഏകദേശം മുഴുവനായി തന്നെ വാടി, ചെടിച്ചട്ടിയിലെ മണ്ണുമായൊരു  അനശ്വരബാന്ധവത്തിനായി തല കുനിച്ചു നിൽക്കുന്നു.
      
നനഞ്ഞ വസ്ത്രങ്ങൾ മാറി കിടക്കയിലേക്ക് മറിയുമ്പോൾ തല നന്നായി വിങ്ങുന്നുണ്ടായിരുന്നു. മനസ് ശാന്തമാക്കാൻ ശ്രമിക്കുന്തോറും എവിടെ നിന്നൊക്കെയോ കൂടുതൽ ചിന്തകൾ തള്ളിക്കയറി വരുന്നു. ഇതിപ്പോ ഒരു ശീലമായി , മരുന്നൊന്നും കഴിക്കാറില്ല; വേദനയുടെ കാഠിന്യം കൂടുമ്പോൾ തനിയെയുറങ്ങി പോവും.
    
*******

കൃത്യമായി പറഞ്ഞാൽ രണ്ടു മാസവും അഞ്ചു ദിവസങ്ങൾക്ക് മുൻപാണ് പൊന്നി ഇവിടെയെത്തുന്നത്. അങ്ങനെ ഓർത്തുവെക്കാൻ തക്ക ഒരു പ്രത്യേകതയും ഞാനതിൽ കാണുന്നില്ല ; അതെനിക്ക് സമ്മാനിച്ചത് ശാലുവാണെന്നത് ഒഴികെ.

ശാലുവെന്റെ കാമുകിയാണ്; മറ്റൊരുത്തന്റെ ഭാര്യയുമാണ്. രണ്ടു പുരുഷന്മാർക്കായി തന്റെ യൗവ്വനം പകുത്തു നൽകിയിട്ടും അവളുടെ കണ്ണുകളിൽ ഒരു അസംതൃപ്തിയെന്നും നിഴലിച്ചു നിന്നിരുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. വന്യമായ കാമത്തേക്കാൾ അവളെ ലഹരി പിടിപ്പിച്ചിരുന്നത് നൃത്തമാണ്. അവളുടെ ചടുലതക്കും സൂക്ഷമതയ്ക്കും മുന്നിൽ പല പ്രതിഭകളും പമ്പരം പോലെ കറങ്ങി വീണിട്ടുണ്ട്. ആ ഉന്മാദലഹരി പലപ്പോഴും കാഴ്ച്ചക്കാരിലേക്ക് എത്തിക്കുന്നതിൽ അവൾ വിജയിച്ചിട്ടുമുണ്ട്. അങ്ങനെയൊരു വേദിയിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്.  വിവാഹത്തിനു ശേഷം നൃത്തം ഉപേക്ഷിക്കേണ്ടി വന്നത് അവളെ കുറച്ചൊന്നുമല്ല ഉലച്ചത്.  എന്റെ വീട്ടിൽ ചില രാത്രികൾ മുഴുവൻ അവൾ ഒരു ഭ്രാന്തിയെ പോലെ നൃത്തം ചെയ്തിരുന്നു. അവൾ ഭർത്താവിന്റെ കൂടെ അമേരിക്കയ്ക്ക് പോയിട്ടിന്നു രണ്ടു മാസവും അഞ്ചു ദിവസവും തികഞ്ഞു. 

പോകുന്നതിനു മുൻപ് അവളെനിക്കു സമ്മാനിച്ചിട്ട് പോയ സങ്കരയിനം ചെടിയാണ് പൊന്നി. അതിൽ നീലയും വെള്ളയും ഇടകലർന്ന മനോഹരങ്ങളായ പൂക്കൾ ഉണ്ടായിരുന്നു. അവളുടെ ഫ്ലാറ്റിന്റെ മട്ടുപ്പാവിൽ പൊന്നി പടന്നു പന്തലിച്ചു പുഷ്പ്പിച്ച് നിറഞ്ഞു നിന്നുരുന്നു.  ഏതു കോണിൽ നിന്ന് നോക്കിയാലും ഒരേപോലെയിരിക്കുന്ന അസംഖ്യം ഫ്ലാറ്റുകളിൽ ഇതിലൊന്നിൽ മാത്രമാണ്  ഇങ്ങനൊരു സുന്ദരദൃശ്യം ഉണ്ടായിരുന്നത്; പലരും അതിന്റെ വിത്തും കമ്പും ചോദിച്ചെത്തിയിരുന്നുവെങ്കിലും അവർക്കെല്ലാം നിരാശരായി മടങ്ങേണ്ടി വന്നിരുന്നു.

ആ ചെടിക്ക് പൊന്നി എന്ന് പേരിട്ടതും അവളാണ് ; അവളുടെ ഫ്ലാറ്റിനു മുകളിലുള്ള ഫ്ലാറ്റിലെ ഒരു സുന്ദരിക്കുട്ടിയാണ് പൊന്നി, ശാലുവിനു അവിടെയാകെ ഉണ്ടായിരുന്ന കൂട്ടുകാരി. അവളെ ഞങ്ങളെന്നും നീലയും വെള്ളവും സ്കൂൾ യൂണിഫൊമിലേ കണ്ടിട്ടുള്ളൂ; അങ്ങനെയാ കൊച്ചു സുന്ദരിയുടെ പേര് തന്നെ അവളാച്ചെടിക്കുമിട്ടു.  പൊന്നി.

പക്ഷെ ഇവിടെ എത്തിയപ്പോൾ മുതൽ പൊന്നിക്കൊരു മ്ലാനതയാണ് , പഴയ പോലെ പൂക്കളില്ല, അങ്ങിങ്ങായി ചെറുതായി ഒരു വാട്ടം. വളർന്നു വന്ന ചുറ്റുപാടിൽ നിന്നും പറിച്ചു നട്ടതിന്റെ ആകുലതകളാവണം.

ഏതാണ്ടിതേ സമയത്താണ് എന്റെ അയൽവാസി, ബീഹാറി , അയാളുടെ അമ്മയെയും കൊണ്ട് വന്നത്. ഏകദേശം എഴുപതിനോടടുത്ത് പ്രായമുള്ള ഒരു വൃദ്ധ. എപ്പോഴും സാരി കൊണ്ട് മുഖം മറച്ചു എനിക്കറിയാത്ത ഏതോ ഭാഷയിൽ ഇവിടെ എല്ലാവരോടും സംസാരിച്ചിരുന്നു. അവർ പറയുന്നത് ആർക്കും മനസിലാവില്ലെങ്കിലും അവർക്കൊരു പുഞ്ചിരി സമ്മാനിച്ച് എല്ലാവരും നടന്നകലും.

അവരെ ഞാൻ ശ്രദ്ധിച്ച് തുടങ്ങിയതൊരു രാത്രിയിലാണ്; മുന്നിലുള്ള റോഡിലെ വഴിവിളക്കിന്റെ മഞ്ഞപ്രകാശത്തെ നോക്കി ഏതോ വരികൾ മൂളുന്നുണ്ടായിരുന്നു. ഭാഷയും വരികളും മനസിലായില്ലെങ്കിലും നല്ല ഇമ്പമുണ്ടായിരുന്നു അത് കേൾക്കാൻ. പിന്നീട് പല രാത്രികളിലും അവരത് ആവർത്തിച്ചു.

ഒരിക്കലവരുടെ മുഖം ഞാൻ കണ്ടു ; പതിവിലും നേരത്തെ ജോലി കഴിഞ്ഞെത്തിയപ്പോൾ , ഗേറ്റ് കടന്നു വരുന്നത് സ്വന്തം മകനാണെന്ന് തെറ്റിദ്ധരിച്ചു ഓടിയിറങ്ങി വന്നതായിരുന്നു അവർ. ആദ്യ കാഴ്ചയിൽ ആരെയും ഭയപ്പെടുത്തുന്ന ഒരു മുഖമായിരുന്നു അവരുടേത്. ഒരു കണ്ണ് വല്ലാതെ പുറത്തേക്ക് തുറിച്ചിരുന്നു , അതിലാവട്ടെ  കൃഷ്ണമണി പൂർണമായും വെളുത്ത നിറത്തിലും; തിമിരം ബാധിച്ചതാണെന്നു പിന്നീടറിഞ്ഞു. ഇനിയും ആസ്വദിച്ചു തീർന്നിട്ടില്ലാത്ത ജീവിതത്തോടുള്ള പ്രതീക്ഷ മറുകണ്ണിൽ ജ്വലിച്ചു നിന്നു. ഞാനൊരു ചിത്രകാരൻ ആയിരുന്നെങ്കിൽ അവരുടെ ചിത്രം എന്തായാലും വരച്ചേനെ; കലാകാരന്റെ കഴിവിനെ മാറ്റുരച്ചു നോക്കാൻ പാകത്തിന് ഒരുപാട് സൂക്ഷ്മമായ വിശദാംശങ്ങൾ അവരുടെ മുഖത്തുണ്ടായിരുന്നു. അവരുടെ മുഖം മറച്ചുള്ള നടപ്പിന്റെ രഹസ്യം അങ്ങനെയാണ് വെളിപ്പെട്ടത്.

തണുത്തുറഞ്ഞ പ്രഭാതങ്ങളിൽ പാർക്കിങ്ങിനു അടുത്തുള്ള സ്ഥലത്തിരുന്നു അവർ വെയിലു കായുന്നത് ഞാൻ കണ്ടിട്ടുണ്ട്' ചുളിവു വീണ തൊലിയും സാരിയും തുളച്ചു കയറാനുള്ള മൂർച്ച ആ ദ്രംഷ്ടകൾക്കുള്ള കാര്യം ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.

ഒരിക്കലവർ എന്നോട് എന്തൊക്കെയോ പറഞ്ഞു; ആംഗ്യങ്ങളിൽ നിന്ന് എനിക്ക് മനസിലായത് - എന്റെ ബൈക്ക് കുറച്ചു നീക്കി വെക്കണമെന്നും  വെയിലുകായാൻ പോകുന്നതിനു അതൊരു തടസ്സമാകുന്നുവെന്നുമായിരുന്നു . ഞാൻ തലകുലുക്കിയ ശേഷം ബൈക്ക് കുറച്ചു മാറ്റി വെച്ചു. അവര് പറയുന്നത് മനസിലായി എന്ന് തോന്നിയത് കൊണ്ടാണോ എന്നറിയില്ല , പിന്നീട് പലപ്പോഴും കാണുമ്പോൾ അവരെന്നോട് എന്തൊക്കെയോ പറഞ്ഞു. എന്റെ മറുപടി എപ്പോഴും ചിരിയിലോ തലകുലുക്കലിലോ ഒതുങ്ങി. 

അവർ നിർത്താതെ കുറെ സമയം സംസാരിക്കും , പിന്നീട് ദൂരെക്കെങ്ങോ നോക്കിയിരിക്കും. വെറുമൊരു കേഴ്വിക്കാരാൻ മാത്രമായിരുന്നു ഞാൻ. സ്വന്തം നാടും നാട്ടുകാരെയും വിട്ട് മാറി നിൽക്കുന്നതിൽ അവർക്കഗാധമായ ഒറ്റപെടൽ തോന്നുന്നുണ്ടാവണം.

മറ്റൊരു ദിവസം അവരൊരു തുണ്ട് കടലാസും മൊബൈൽ ഫോണും കൊണ്ട് വന്നു എന്റെ കതകിൽ തട്ടി രാവിലെ തന്നെ ഉണർത്തി. എനിക്കൊട്ടും ഇഷ്ടമില്ലാത്ത കാര്യമാണ് എന്റെ ഉറക്കം തടസപ്പെടുത്തുന്നത്.  അതിൽ ഇംഗ്ലീഷിൽ രതീഷ്‌ എന്നൊരു പേരും ഒരു നമ്പറും കണ്ടു , അതാ ബീഹാറി അയൽവാസി , അവരുടെ മകന്റെയാണെന്ന് ഊഹിച്ചു ; അത് ശരിയായിരുന്നു. അല്ലെങ്കിലും "ആശയവിനിമയത്തിന് ഭാഷ" എന്നതിനപ്പുറം ഒരു സ്ഥാനം ഭാഷയ്ക്ക്‌ കൊടുക്കുന്നതിൽ എനിക്ക് യോജിപ്പുണ്ടായിരുന്നില്ല.

അതിനു ശേഷം പല ഉറക്കമില്ലാത്ത രാത്രികളിലും ജനൽ തുറന്നിട്ട്‌ ഞാൻ അവരുടെ പാട്ടിനു കാതോർത്തു കിടന്നിട്ടുണ്ട്. ചില ദിവസങ്ങളിൽ ഗേറ്റ് കടന്നവർ പുറത്തേക്ക് പോകുന്നതായും കണ്ടിട്ടുണ്ട്.  രാവിലെ നടക്കാൻ പോകാതിരിക്കാൻ  ഭാഷയും മുഖവും  കാരണങ്ങൾ ആയിരുന്നിരിക്കാം. ആകാശവും ചന്ദ്രനും നക്ഷത്രങ്ങളും എല്ലാ ദേശക്കാർക്കും സുപരിചിതമായ കാഴ്ച്ചയാണല്ലോ?  ഇരുളിന്റെ കറുത്ത ശീല കൊണ്ട് പകലിന്റെ അപരിചിതമായ മുഖം മറക്കാൻ രാത്രിക്ക് അപാരമായ ഒരു കഴിവുണ്ട്.  അതാവണം അവരെയും ആകർഷിച്ചത്.

ഒറ്റപ്പെടലെന്ന വികാരമുദിച്ചു കഴിഞ്ഞാൽ യാന്ത്രികമായ ചലനങ്ങൾക്കപ്പുറത്ത് നിന്നും ഒരൊളിഞ്ഞു നോട്ടം മാത്രമേ നിറക്കൂട്ടണിഞ്ഞ ജീവിതത്തോട് കാണൂ.
           
*******

  സമയാസമയത്ത് ആഹാരം കഴിക്കാത്തതും വേണ്ടത്ര ഉറക്കമില്ലാത്തതുമാണ് ഇടയ്ക്കിടെ തലവേദന ഉണ്ടാക്കുന്നതെന്നാണ് ഡോക്ടർ പറയുന്നത്. അതെന്തു തന്നെയായാലും അന്ന് രാത്രിയും കടുത്ത തലവേദന എന്നെ ഉറക്കത്തിലേക്ക് തള്ളി വിട്ടു.

എന്നും രാത്രി കൂര്ക്കം വലിച്ചുറങ്ങുന്ന അണ്ണാച്ചിയന്നെന്റെ സ്വപ്നത്തിൽ വന്നു . വേഗം ഡ്രസ്സ്‌ മാറി വണ്ടിയുടെ താക്കോലുമായി വരാൻ അയാളെന്നോട് ആവശ്യപ്പെട്ടു. ഒരാഴ്ച മുൻപേ കാണാതെ പോയ ബീഹാറിയുടെ അമ്മയുടെ അടുത്തേക്ക് പോകാനാണെന്നു പറഞ്ഞപ്പോൾ കൂടുതൽ ആലോചിക്കാതെ ഞാൻ അയാളുടെ കൂടെ പുറപ്പെട്ടു.  നേരം പുലരുവോളം ഞങ്ങൾ ഇരുണ്ട വഴികളിലൂടെ വണ്ടിയോടിച്ചു ; പുലരാറായപ്പോൾ ഒരു കുന്നിന്റെ മുകളിൽ എത്തിപ്പെട്ടു. വണ്ടിയവിടെ വെച്ചു , അണ്ണാച്ചി കാണിച്ച വഴിയിലൂടെ മുന്നിൽക്കണ്ട പാറകളിലേക്ക് വലിഞ്ഞു കയറി.

മുകളിലെത്തി ഇനിയെന്ത് എന്നയർഥത്തിൽ അണ്ണാച്ചിയെ നോക്കിയപ്പോഴേക്കും അയാളവിടെ നിന്നും അപ്രത്യക്ഷൻ ആയിരുന്നു.  കുന്നിൻ ചരുവിൽ പാറി നടക്കുന്ന അനേകായിരം മിന്നാമിന്നികളെ അപ്പോഴാണ്‌ ഞാൻ കണ്ടത്. അവയുടെ പറക്കലിന് ഒരു താളമുണ്ടായിരുന്നു , ക്രമേണ എവിടെ നിന്നോ ആ താളത്തിൽ ഒരു മൂളിപ്പാട്ട് കേട്ട് തുടങ്ങി , പല ദിക്കിൽ നിന്നും പക്ഷികൾ ആ പാട്ട് ഏറ്റുപാടി. ക്രമേണ ശബ്ദം കൂടുതൽ ഉച്ചത്തിലും വ്യക്തമായും കേൾക്കാൻ തുടങ്ങി; അതാ വൃദ്ധ പാടിയിരുന്ന പാട്ടാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

അവരുടെ പാട്ടും കിളികളുടെ ഏറ്റുപാടലും, മിന്നാമിന്നികളുടെ പറക്കലുമൊക്കെയായി സ്വർഗം താണിറങ്ങി ആ കുന്നിനു മുകളിൽ തൊട്ടു നിൽക്കുകയാണെന്ന് എനിക്ക് തോന്നി .
   
ഞാനിരുന്ന പാറയുടെ കുറച്ചു മുകളിലായി ആ വൃദ്ധയിരുന്നു പാടുന്നത് ഞാൻ കണ്ടു . അവർ പാട്ടവസാനിച്ചപ്പോൾ എന്നെ നോക്കി കൈ വീശിക്കാണിച്ചു.  എന്നത്തെയും പോലെ ഞാനവരെ നോക്കി ചിരിച്ചു .

കിളികൾ ഏറ്റുപാടൽ അവസാനിപ്പിച്ചയുടൻ മിന്നാമിന്നികളെ കാണാതായി , അങ്ങ് ദൂരെ കിഴക്കേ ചക്രവാളത്തിൽ സൂര്യനുദിച്ചു വരുന്ന കാഴ്ചയാണ് പിന്നീട് ഞാൻ കണ്ടത് . ഒരു ദിവസത്തേക്ക് മുഴുവനുമുള്ള ഊർജ്ജവുമായി ചുവന്നു തുടുത്ത സൂര്യൻ പതിയെ പ്രകാശം പരത്തിക്കൊണ്ട് ഉയർന്നു വന്നു. ഈ സൂര്യനെ പൂർണ മിഴിവോടെ , ഞാൻ കാണുന്ന ഈ തേജസ്സോടെ പകർത്താൻ ഒരു ഫോട്ടോഗ്രാഫർക്കും കഴിയാതെ പോയത് ഒരു നഷ്ടമായെന്നു ഞാൻ കണക്കു കൂട്ടി.

കൂടുതൽ പ്രകാശം പരന്നപ്പോൾ ഞാനിരിക്കുന്നത് കുന്നിന്റെ നെറുകയിൽ ആണെന്നും അതിനും മുകളിൽ അനന്തവിഹായസ്സു മാത്രമാണെന്നും മനസിലായി.  ഞാനിരുന്ന പാറയുടെ ഉയരം എന്നെ ഭയപ്പെടുത്തി. വീശിയടിക്കുന്ന കാറ്റിൽ ഞാൻ നിലതെറ്റി താഴേക്കു പതിച്ചു ചിന്നഭിന്നമാകുമെന്ന് ഞാൻ ഭയപ്പെട്ടു. ആ പാറയിൽ ഞാൻ അമർന്നിരുന്നു , വിരലുകൾ കൊണ്ട് അള്ളിപ്പിടിച്ചു, കണ്ണുകൾ ഇറുക്കിയടച്ചു. 

 ഏതാനും നിമിഷങ്ങൾക്കകം എന്റെ അലാറം അടിക്കുമെന്നും ഞാനീ സ്വപ്നത്തിൽ നിന്നുമുണരുമെന്ന ബോധം എന്റെ മനസ്സിൽ നിന്ന് ഭീതിയെ പതിയെ തട്ടി മാറ്റി. എന്റെ മനസും ശരീരവും പതിയെ അയഞ്ഞു. 
           
*******

11.8.13

റിയർവ്യൂ മിറർ


നാൽപതു കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിച്ചിരുന്നത് ഇന്ധനക്ഷമത  കൂട്ടാനായിരുന്നില്ല;  ഇരുൾമൂടിനിൽക്കുന്ന വഴികളിൽ മഞ്ഞനിറംചാലിച്ചെഴുതി മനോഹരമാക്കിയ ദൃശ്യം എന്റെ ബൈക്കിന്റെ റിയർവ്യൂ മിററിൽ  തെളിഞ്ഞിരുന്നു , അത് വ്യക്തമായി കാണാൻ കഴിയുന്നത് ഈ വേഗത്തിൽ പോകുമ്പോഴാണ് ..

മുന്നിലേക്ക്‌ നോക്കുമ്പോഴും കാണുന്നത് അതെ റോഡിന്റെ മറുപകുതി തന്നെയാണ് ; വിജനമായ നെടുനീളൻ റോഡ്‌ . ഇടയ്ക്കെപ്പോഴെങ്കിലും ചീറിപ്പാഞ്ഞു വരുന്ന ഹൈ ബീം കണ്ണുകൾ .

 പക്ഷെ കണ്ണാടിയിലെ ദൃശ്യങ്ങളിൽ കണ്ണിലേക്കു തുളങ്ങിറങ്ങുന്ന പ്രകാശരശ്മികളില്ല; അവിടെ കാണുന്നത് മറുപുറം ആണ്, ഒരു പക്ഷെ കഴിഞ്ഞുപോയ കാലത്തിന്റെ , സമയത്തിന്റെ , നേരിട്ട പ്രശ്നങ്ങളുടെയെല്ലാം കാണാതെ പോയ മറുപുറം, അറിയാതെ പോയ സൗന്ദര്യം.

 ചരിത്രത്തിലേക്ക് കണ്ണ് പായിച്ചു വാഹനം ഓടിക്കുക ദുഷ്കരമായതിനാൽ ബൈക്ക് ഇടതുവശം ചേർത്ത് ഒതുക്കി നിർത്തി. കണ്ണാടിയൊന്നു തിരിച്ചു നോക്കി, പുറകിലെ സീറ്റ്‌ ശൂന്യമാണ് .

ഈ യാത്ര തുടങ്ങുമ്പോൾ അവിടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നെനിക്കു ഓർമയില്ല ; ഇടയ്ക്ക് നിന്നാരെങ്കിലും കയറിയിരുന്നോ എന്നതും ഓർമയിലില്ല; ഇവിടെയിപ്പോൾ അങ്ങനെയൊരാൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ പണിപ്പെട്ടു ഭൂതകാലത്തിലേക്ക് വലിഞ്ഞെത്തി നോക്കേണ്ട കാര്യമുണ്ടെന്നു തന്നെ തോന്നുന്നില്ല.

കണ്ണാടിയിലൂടെ നോക്കുമ്പോൾ കാണാം - അങ്ങകലെ മഞ്ഞവെളിച്ചങ്ങൾ അവസാനിക്കുന്നയിടത്ത് ഇരുൾ കട്ടകുത്തി നിൽപ്പുണ്ട്. അവിടെ എന്തോ ഞാൻ മറന്നു വെച്ചു; അല്ലെങ്കിൽ എന്റെതായ എന്തോ അവിടെയുണ്ട് എന്നൊരു തോന്നൽ എന്നിൽ ബലപ്പെട്ടു വന്നു.

ബൈക്ക് സ്റ്റാൻഡിൽ ഇട്ടു പുറകിലേക്ക് നടന്നു , കുറച്ചധികം നടന്നപ്പോൾ ഞാനും ആ കണ്ണാടിയിൽ പ്രത്യക്ഷനായി. നേരത്തെ ഞാൻ കണ്ട മഞ്ഞവെളിച്ചങ്ങളുടെ സുന്ദരമായ കാൻവാസിൽ ഒരു കറുത്ത പൊട്ടായി ഞാനും പ്രത്യക്ഷനായി, ഞാനൊഴികെ മറ്റെല്ലാം നിശ്ചലമായിരുന്നു ..

അകലെയായി കാണുന്ന ഇരുളിലേക്ക് സാവധാനം ചലിക്കുന്ന ഒരു നിഴൽ മാത്രമാണ് ഞാനിപ്പോൾ .  ഭൂതകാലത്തിലേക്ക് വർത്തമാന കാലത്തിലെ ഒരു പ്രജയ്ക്കും പ്രവേശനമില്ല. അതെനിക്കും അറിയാഞ്ഞിട്ടല്ല ; പക്ഷെ ഭൂതവും വർത്തമാനവും പങ്കിടുന്ന അതിർത്തിരേഖയെവിടെയെന്നു എനിക്ക് നിശ്ചയമില്ലായിരുന്നു. അറിയാതെ ഞാനതിലേക്ക് നടന്നു കയറുകയായിരുന്നു.

അതെ സമയം അങ്ങകലെ ചിത്രഗുപ്തന്റെ സൂപ്പർകമ്പ്യൂട്ടറുകൾ പ്രോഗ്രാമർക്ക് പിടികൊടുക്കാതെ പോയ ഈ നീക്കത്തെ സസൂക്ഷ്മം വീക്ഷിച്ചു കൃത്യമായി ഒരു പുനർനിർണയത്തിന് തയ്യാറെടുക്കുകയായിരുന്നു. ഗൂഗിളിന്റെ വഴികാട്ടി ദിശ പറയാൻ എടുക്കുന്ന സമയം ചിത്രഗുപ്തന്റെ സൂപ്പർകമ്പ്യൂട്ടറുകൾ എടുത്തു കൂടാ. ഞാനും കാലത്തിന്റെ അതിർത്തിരേഖയും തമ്മിൽ ചുവടുകളുടെ അകലം മാത്രമാണ് ബാക്കി.

ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരം അപ്പോഴേക്കും ആ കമ്പ്യൂട്ടർ  എങ്ങോട്ടോ അയച്ചു കഴിഞ്ഞിരുന്നു. ഒന്ന് മറിയാതെ ഞാൻ എന്റെ മുന്നോട്ടുള്ള പ്രയാണം തുടർന്നു.
എനിക്ക് പിന്നിൽ , വർത്തമാന കാലത്തിൽ , ഇരുളിൽ നിന്നും ചില നിഴലുകൾ പുറത്തുവന്നു , അവയതിവേഗം ആ കണ്ണാടിയുടെ അടുത്തേക്ക് നീങ്ങി. അതു പതിയെ ബൈക്കിലേക്ക് കയറി , കാലം ആ നിഴലുകൾക്ക് ചെയ്തു കൊടുത്ത സൗജന്യമായിരുന്നു എന്റെ മറവി , താക്കോൽ ഞാനവിടെ തന്നെ വെച്ചിരുന്നു.

പതിവിനു വിപരീതിമായി രണ്ടു ഹൈ ബീം കണ്ണുകൾ ഭൂതത്തിൽ നിന്നും വർത്തമാനത്തിലേക്ക് ചീറി പാഞ്ഞു വരുന്നുണ്ടായിരുന്നു. അപ്പോഴേക്കും ആ ബൈക്ക് ഒന്ന് മുരണ്ടു , പിറകിലെ ചുവന്ന വെളിച്ചം തെളിഞ്ഞു; ഞാനപ്പോഴും ഇതൊന്നുമറിയാതെ മുന്നോട്ടു തന്നെ നടന്നു.

അടുത്ത കാൽവെക്കുന്നത് അലംഘനീയമായ അദൃശ്യരേഖയുടെ പുറത്താണെന്ന് എനിക്കറിയില്ലായിരുന്നു , ആ രണ്ടു കണ്ണുകൾ എന്നെ കടന്നു ഭൂതത്തിൽ നിന്നും വർത്തമാനകാലത്തിൽ പ്രവേശിച്ചു, പോകുന്ന വഴി ആ റോഡിൻറെ വശത്ത് കഴിഞ്ഞ നിമിഷം തെളിഞ്ഞ ചുവന്ന പ്രകാശം ഊതിക്കെടുത്തി അതിന്റെ കുതിപ്പ് തുടർന്നു.

കാലത്തിന്റെ അതിർവരമ്പിൽ നിന്നെനിക്ക് കിട്ടിയത് എന്റെ ജീവനായിരുന്നു എന്ന് മനസിലാകാനുള്ള വിവേകം അപ്പോഴെനിക്കുണ്ടായില്ല ; ഞാൻ വെറുമൊരു മനുഷ്യനെ പോലെ നിലവിളിച്ചു കൊണ്ട് തകർന്നു വീണ ആ കണ്ണാടിച്ചില്ലിന്റെയടുത്തെക്ക് ഓടി ; അവിടെ അപരിചിതരായ രണ്ടു നിഴലുകൾ മനുഷ്യരൂപം പൂണ്ട് രക്തത്തിൽ കുളിച്ചു കിടപ്പുണ്ടായിരുന്നു.

ഭാവിയിലേക്ക് കുതിച്ചു പാഞ്ഞ ആ ഹൈ ബീം കണ്ണുകളുടെ റിയർവ്യൂമിററിൽ ഈ ദൃശ്യം കൃത്യമായി പതിഞ്ഞത് നോക്കി ചിത്രഗുപ്തന്റെ പ്രോഗ്രാമ്മർ പുഞ്ചിരിച്ചു. ഞാനപ്പോൾ ആരെ വിളിക്കണമെന്നറിയാതെ മൊബൈലിൽ ബട്ടണുകൾ മാറി മാറി അമർത്തിക്കൊണ്ടിരിക്കുകയായിരുന്നു.
 

21.6.13

ചിത്രം വിചിത്രം


ഇവിടെ ഹിന്ദുക്കൾ ഉണ്ട് , മുസ്ലിങ്ങൾ ഉണ്ട് , ക്രിസ്ത്യാനികൾ ഉണ്ട് ,
ഹിന്ദു തീവ്രവാദികൾ ഉണ്ട് , മുസ്ലിം തീവ്രവാദികൾ ഉണ്ട് ,
ക്രിസ്ത്യൻ തീവ്രവാദികൾ ഒന്നും കണ്ണിൽപ്പെട്ടില്ലിതുവരെ,
നിരീശ്വരവാദികൾ ഉണ്ട് , വെറും മനുഷ്യർ ഉണ്ട്.

അഭിപ്രായം ഉള്ളവരുണ്ട് , അതില്ലാത്തവരുണ്ട്, അതെന്തെന്നറിയാത്തവർ ഉണ്ട്,
വിവരം ഉള്ളവരുണ്ട്,  ഉണ്ടെന്നു ഭാവിക്കുന്നവരുണ്ട്‌, ഇല്ലാത്തവരും ഉണ്ട് ,
ആർക്കോ വേണ്ടി ഓക്കാനിക്കുന്നവരുണ്ട്, കൂലിപ്പണിയാളുകൾ ഉണ്ട്,
ധീരന്മാർ ഉണ്ട് , പേടിത്തൊണ്ടന്മാരുണ്ട് , ഷോവനിസ്റ്റകളുണ്ട്.  



മേൽജാതിയുണ്ട്, കീഴ്ജാതിയുണ്ട്, ജാതിക്കു വിലയില്ലത്തവരുണ്ട് , 
ഇത്രപേർ "ഉണ്ടി"ട്ടും ബാക്കിയായ് അത്താഴപഷ്ണിക്കാർ നിരവധിയുണ്ട്,
ഇതിലൊന്നും  പെടാത്തൊരു ഭൂരിപക്ഷമുണ്ട് ,
കപട മതേതരന്മാർ എന്ന ഷണ്ടന്മാർ, അർദ്ധനാരികൾക്ക് പോലും കളങ്കമായവർ.

27.4.13

ശലഭങ്ങൾ

അവനു ചിത്രശലഭങ്ങളെന്നാൽ ജീവനായിരുന്നു.  രാവിലെ തൊടിയിലിറങ്ങി ഒരുപാട് നേരം അവയെ നോക്കി ഇരിക്കുമായിരുന്നു ; അവർക്കായി തേനൂറുന്ന പലതരം പൂക്കൾ അവന്റെ തൊടിയിൽ ദിനവും പൂത്തിരുന്നു. ചിലതവന്റെ കവിളിൽ തലോടി പാറിപറക്കും , മറ്റു ചിലതവന്റെ തലയിലും കൈകളിലും വന്നിരുന്നു ചിറകുകൾ വീശും. 
വഴിപോക്കർ പലരുമവന്റെ ഉദ്യാനത്തിലെ അപൂർവസുന്ദരമായ ഈ കാഴ്ചകൾ കണ്ടിരുന്നു; ചിലവരെ അനുകരിച്ചു വീട്ടിലൊരു പൂന്തോട്ടമൊരുക്കി , ചിലർ കടലാസു പൂക്കൾ വാങ്ങി സുഗന്ധദ്രവ്യങ്ങൾ പൂശി ; അവിടെയൊന്നും ചിത്രശലഭങ്ങൾ വന്നില്ല. അവയിലൊന്നും മധുവുണ്ടായിരുന്നില്ല. 

ചിലർ രഹസ്യമായി മതിൽ ചാടിക്കടന്നു അവന്റെ തൊടിയിലെത്തി ; അവിടവിടെയായി വർണ്ണച്ചിറകുകൾ വീശി ചില ശലഭങ്ങൾ പറന്നിരുന്നു , അവയുടെ പിന്നാലെ ചെന്ന് പിടിക്കാൻ നോക്കി ചിലർ ; പ്രാണനെക്കരുതി അവ തെന്നിപ്പറന്നകന്നു. ചിലവയ്ക്ക്  വേഗത കുറവായിരുന്നു, അവയെ ചിലർ പിടികൂടി , ചിലതിനെ ചെറിയ പാത്രങ്ങളിലാക്കി അവർ കൊണ്ടു പോയി; ചിലത് ചിറകുകൾ അതിദ്രുതം വീശി പറന്നു പോകാൻ ശ്രമിച്ചു ; ആഗമനോദ്യേശം നടപ്പില്ലെന്നുറപ്പായപ്പോൾ അവറവയുടെ ചിറകുകൾ പറിച്ചെറിഞ്ഞു. അടുത്ത ദിനവും അതാവർത്തിച്ചപ്പോൾ ശലഭങ്ങൾ വരാതെയായി.  
 
 ഇതൊന്നുമറിയാതെ അവനാ ഉദ്യാനത്തിൽ അവരെ കാത്തു കുറെ നേരമിരുന്നു . അവരെ കാണാതായപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വീണ്ടുവർ രഹസ്യമായി അവിടെയെത്തി , വഴിതെറ്റിയെത്തിയ ചില ശലഭങ്ങളെ പിടിച്ചു കൊണ്ട് പോയി . അവനവരെ വഴിക്ക് വെച്ച് കണ്ടു , അവന്റെ ശലഭങ്ങളെയും - മരപ്പലകയിൽ ചിറകുകൾ വിടർത്തിയ നിലയിൽ പിന്നു തറച്ചു
വെച്ചിരിക്കുകയായിരുന്ന അവയിൽ നിന്ന് ജീവൻ വിട്ടകന്നിട്ടു ഏറെ നേരമായിരുന്നു .  പ്രിയപ്പെട്ട ശലഭങ്ങളുടെ മരണം അവനെ കോപാന്ധനാക്കി; കയ്യിൽ കിട്ടിയ 
 ഉരുളൻ കല്ലെടുത്ത്‌ അവരുടെ തലക്കടിക്കാൻ നോക്കിയ അവന്റെ പിഞ്ചുകൈകൾ അവന്റെ അമ്മാവന്റെ ബലിഷ്ഠമായ കൈകൾക്ക് മുന്നിൽ തോറ്റു പോയി.
   
ദിവസങ്ങളൊരുപാട് കഴിഞ്ഞു ; വീണ്ടും ശലങ്ങൾ അവിടെ പാറി നടക്കാൻ തുടങ്ങി. പക്ഷെ അവയൊന്നും അവന്റെ കവിളിൽ തലോടിയില്ല , തലയിലും കയ്യിലുമിരുന്നില്ല.
മനുഷ്യഗന്ധമേൽക്കുന്നതോടെ അവയെല്ലാം പാറിയകന്നു തുടങ്ങി . അവരന്നും ആ വഴി വന്നു ; ശലഭങ്ങളെ കണ്ടു . അവൻ കാണാതെ അവരാ പൂന്തോട്ടത്തിൽ എത്തി; അവയെല്ലാം പാറിയകന്നു പോയി .  കലിപൂണ്ട മൃഗങ്ങൾ ചുറ്റുമൊന്നു നോക്കി ; ഇല്ല ഒരു ശലഭം പോലുമില്ല.
    

തെക്കൻകാറ്റിൽ ആടിയുലഞ്ഞ തെച്ചിയുടെ ഇലകളവർ അപ്പോഴാണ്‌ ശ്രദ്ധിച്ചത് . പലതിനടിയിളുമുള്ള കൊക്കൂണുകൾ ആ കാറ്റത്ത് പാറിപ്പറന്നിരുന്നു. അവരുടെ കൈകളവയെ ഇലയിൽ നിന്നു വേർപ്പെടുത്തി, ഒന്ന് രണ്ടെണ്ണം തോട് പൊളിച്ചു നോക്കി; അവർ തേടിയ ശലഭങ്ങളെ കാണാതായപ്പോൾ ബാക്കിയുള്ളവ നിലത്തിട്ടു ചവുട്ടിയരച്ചു. തിരികെ വന്നയവനെ വരവേറ്റത് അവന്റെ പ്രിയപ്പെട്ട ശലഭങ്ങളുടെ മൃതിപൂകിയ കുഞ്ഞുങ്ങളായിരുന്നു.  

വർഷങ്ങൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു. ഇന്നാ വീടിന്റെ പടികയറി വരുമ്പോൾ അവനെ കാത്തിരിക്കുന്നത് അവന്റെയച്ചൻ ക്യാമറയിൽ പകർത്തിയ, ശലഭങ്ങളോടൊപ്പമുള്ള അവന്റെ പഴയ വർണചിത്രങ്ങളാണ്.  

അന്നവന്റെ വെളുത്ത ഷർട്ടിൽ പുരണ്ട ചോരക്കറകൾ എല്ലാം ചുവന്ന നിറത്തിലുള്ളതായിരുന്നുവെന്നു ആയവസരത്തിൽ അവളോർത്തു അത്ഭുതം കൊണ്ടു!