വായനയ്ക്കു ശേഷം ...

മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം

11.8.13

റിയർവ്യൂ മിറർ


നാൽപതു കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിച്ചിരുന്നത് ഇന്ധനക്ഷമത  കൂട്ടാനായിരുന്നില്ല;  ഇരുൾമൂടിനിൽക്കുന്ന വഴികളിൽ മഞ്ഞനിറംചാലിച്ചെഴുതി മനോഹരമാക്കിയ ദൃശ്യം എന്റെ ബൈക്കിന്റെ റിയർവ്യൂ മിററിൽ  തെളിഞ്ഞിരുന്നു , അത് വ്യക്തമായി കാണാൻ കഴിയുന്നത് ഈ വേഗത്തിൽ പോകുമ്പോഴാണ് ..

മുന്നിലേക്ക്‌ നോക്കുമ്പോഴും കാണുന്നത് അതെ റോഡിന്റെ മറുപകുതി തന്നെയാണ് ; വിജനമായ നെടുനീളൻ റോഡ്‌ . ഇടയ്ക്കെപ്പോഴെങ്കിലും ചീറിപ്പാഞ്ഞു വരുന്ന ഹൈ ബീം കണ്ണുകൾ .

 പക്ഷെ കണ്ണാടിയിലെ ദൃശ്യങ്ങളിൽ കണ്ണിലേക്കു തുളങ്ങിറങ്ങുന്ന പ്രകാശരശ്മികളില്ല; അവിടെ കാണുന്നത് മറുപുറം ആണ്, ഒരു പക്ഷെ കഴിഞ്ഞുപോയ കാലത്തിന്റെ , സമയത്തിന്റെ , നേരിട്ട പ്രശ്നങ്ങളുടെയെല്ലാം കാണാതെ പോയ മറുപുറം, അറിയാതെ പോയ സൗന്ദര്യം.

 ചരിത്രത്തിലേക്ക് കണ്ണ് പായിച്ചു വാഹനം ഓടിക്കുക ദുഷ്കരമായതിനാൽ ബൈക്ക് ഇടതുവശം ചേർത്ത് ഒതുക്കി നിർത്തി. കണ്ണാടിയൊന്നു തിരിച്ചു നോക്കി, പുറകിലെ സീറ്റ്‌ ശൂന്യമാണ് .

ഈ യാത്ര തുടങ്ങുമ്പോൾ അവിടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നെനിക്കു ഓർമയില്ല ; ഇടയ്ക്ക് നിന്നാരെങ്കിലും കയറിയിരുന്നോ എന്നതും ഓർമയിലില്ല; ഇവിടെയിപ്പോൾ അങ്ങനെയൊരാൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ പണിപ്പെട്ടു ഭൂതകാലത്തിലേക്ക് വലിഞ്ഞെത്തി നോക്കേണ്ട കാര്യമുണ്ടെന്നു തന്നെ തോന്നുന്നില്ല.

കണ്ണാടിയിലൂടെ നോക്കുമ്പോൾ കാണാം - അങ്ങകലെ മഞ്ഞവെളിച്ചങ്ങൾ അവസാനിക്കുന്നയിടത്ത് ഇരുൾ കട്ടകുത്തി നിൽപ്പുണ്ട്. അവിടെ എന്തോ ഞാൻ മറന്നു വെച്ചു; അല്ലെങ്കിൽ എന്റെതായ എന്തോ അവിടെയുണ്ട് എന്നൊരു തോന്നൽ എന്നിൽ ബലപ്പെട്ടു വന്നു.

ബൈക്ക് സ്റ്റാൻഡിൽ ഇട്ടു പുറകിലേക്ക് നടന്നു , കുറച്ചധികം നടന്നപ്പോൾ ഞാനും ആ കണ്ണാടിയിൽ പ്രത്യക്ഷനായി. നേരത്തെ ഞാൻ കണ്ട മഞ്ഞവെളിച്ചങ്ങളുടെ സുന്ദരമായ കാൻവാസിൽ ഒരു കറുത്ത പൊട്ടായി ഞാനും പ്രത്യക്ഷനായി, ഞാനൊഴികെ മറ്റെല്ലാം നിശ്ചലമായിരുന്നു ..

അകലെയായി കാണുന്ന ഇരുളിലേക്ക് സാവധാനം ചലിക്കുന്ന ഒരു നിഴൽ മാത്രമാണ് ഞാനിപ്പോൾ .  ഭൂതകാലത്തിലേക്ക് വർത്തമാന കാലത്തിലെ ഒരു പ്രജയ്ക്കും പ്രവേശനമില്ല. അതെനിക്കും അറിയാഞ്ഞിട്ടല്ല ; പക്ഷെ ഭൂതവും വർത്തമാനവും പങ്കിടുന്ന അതിർത്തിരേഖയെവിടെയെന്നു എനിക്ക് നിശ്ചയമില്ലായിരുന്നു. അറിയാതെ ഞാനതിലേക്ക് നടന്നു കയറുകയായിരുന്നു.

അതെ സമയം അങ്ങകലെ ചിത്രഗുപ്തന്റെ സൂപ്പർകമ്പ്യൂട്ടറുകൾ പ്രോഗ്രാമർക്ക് പിടികൊടുക്കാതെ പോയ ഈ നീക്കത്തെ സസൂക്ഷ്മം വീക്ഷിച്ചു കൃത്യമായി ഒരു പുനർനിർണയത്തിന് തയ്യാറെടുക്കുകയായിരുന്നു. ഗൂഗിളിന്റെ വഴികാട്ടി ദിശ പറയാൻ എടുക്കുന്ന സമയം ചിത്രഗുപ്തന്റെ സൂപ്പർകമ്പ്യൂട്ടറുകൾ എടുത്തു കൂടാ. ഞാനും കാലത്തിന്റെ അതിർത്തിരേഖയും തമ്മിൽ ചുവടുകളുടെ അകലം മാത്രമാണ് ബാക്കി.

ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരം അപ്പോഴേക്കും ആ കമ്പ്യൂട്ടർ  എങ്ങോട്ടോ അയച്ചു കഴിഞ്ഞിരുന്നു. ഒന്ന് മറിയാതെ ഞാൻ എന്റെ മുന്നോട്ടുള്ള പ്രയാണം തുടർന്നു.
എനിക്ക് പിന്നിൽ , വർത്തമാന കാലത്തിൽ , ഇരുളിൽ നിന്നും ചില നിഴലുകൾ പുറത്തുവന്നു , അവയതിവേഗം ആ കണ്ണാടിയുടെ അടുത്തേക്ക് നീങ്ങി. അതു പതിയെ ബൈക്കിലേക്ക് കയറി , കാലം ആ നിഴലുകൾക്ക് ചെയ്തു കൊടുത്ത സൗജന്യമായിരുന്നു എന്റെ മറവി , താക്കോൽ ഞാനവിടെ തന്നെ വെച്ചിരുന്നു.

പതിവിനു വിപരീതിമായി രണ്ടു ഹൈ ബീം കണ്ണുകൾ ഭൂതത്തിൽ നിന്നും വർത്തമാനത്തിലേക്ക് ചീറി പാഞ്ഞു വരുന്നുണ്ടായിരുന്നു. അപ്പോഴേക്കും ആ ബൈക്ക് ഒന്ന് മുരണ്ടു , പിറകിലെ ചുവന്ന വെളിച്ചം തെളിഞ്ഞു; ഞാനപ്പോഴും ഇതൊന്നുമറിയാതെ മുന്നോട്ടു തന്നെ നടന്നു.

അടുത്ത കാൽവെക്കുന്നത് അലംഘനീയമായ അദൃശ്യരേഖയുടെ പുറത്താണെന്ന് എനിക്കറിയില്ലായിരുന്നു , ആ രണ്ടു കണ്ണുകൾ എന്നെ കടന്നു ഭൂതത്തിൽ നിന്നും വർത്തമാനകാലത്തിൽ പ്രവേശിച്ചു, പോകുന്ന വഴി ആ റോഡിൻറെ വശത്ത് കഴിഞ്ഞ നിമിഷം തെളിഞ്ഞ ചുവന്ന പ്രകാശം ഊതിക്കെടുത്തി അതിന്റെ കുതിപ്പ് തുടർന്നു.

കാലത്തിന്റെ അതിർവരമ്പിൽ നിന്നെനിക്ക് കിട്ടിയത് എന്റെ ജീവനായിരുന്നു എന്ന് മനസിലാകാനുള്ള വിവേകം അപ്പോഴെനിക്കുണ്ടായില്ല ; ഞാൻ വെറുമൊരു മനുഷ്യനെ പോലെ നിലവിളിച്ചു കൊണ്ട് തകർന്നു വീണ ആ കണ്ണാടിച്ചില്ലിന്റെയടുത്തെക്ക് ഓടി ; അവിടെ അപരിചിതരായ രണ്ടു നിഴലുകൾ മനുഷ്യരൂപം പൂണ്ട് രക്തത്തിൽ കുളിച്ചു കിടപ്പുണ്ടായിരുന്നു.

ഭാവിയിലേക്ക് കുതിച്ചു പാഞ്ഞ ആ ഹൈ ബീം കണ്ണുകളുടെ റിയർവ്യൂമിററിൽ ഈ ദൃശ്യം കൃത്യമായി പതിഞ്ഞത് നോക്കി ചിത്രഗുപ്തന്റെ പ്രോഗ്രാമ്മർ പുഞ്ചിരിച്ചു. ഞാനപ്പോൾ ആരെ വിളിക്കണമെന്നറിയാതെ മൊബൈലിൽ ബട്ടണുകൾ മാറി മാറി അമർത്തിക്കൊണ്ടിരിക്കുകയായിരുന്നു.