വായനയ്ക്കു ശേഷം ...

മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം

23.2.15

ലളിത


"ലളിതേ , ഒന്നിങ്ങു വരൂ  "

പാതിചാരിയ വാതിലിനപ്പുറത്തു നിന്ന് ശ്രീനിവാസന്റെ ശബ്ദം മാത്രം  സ്വീകരണമുറിയിലേക്കെത്തി.

ആ വിളി തീരെ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും സന്തത സഹചാരികളായ കണ്ണടയും ചെരിപ്പും ലളിത മറന്നു; ധൃതിപ്പെട്ടു വേഗം മുറിയിലേക്ക് ചെന്നു. കണ്ണടയില്ലാതെ ഒട്ടും കാഴ്ചയില്ലാതിരുന്നതാണ് , ചെരുപ്പില്ലാതെ മാർബിൾ തറയിൽ നടക്കാനും സാധ്യമല്ലായിരുന്നു; എന്നിട്ടും ...

ചില യാത്രകളിൽ അങ്ങനെയാണ് , എന്തൊക്കെ ഉണ്ടെങ്കിലും സമയമാവുമ്പോ ഒന്നും എടുക്കാൻ കഴിയില്ല.

മുറിയിൽ ഒന്നിനും സ്ഥാനചലനമില്ല, കനത്തിൽ മാറാലയുണ്ട്;
എട്ടു വർഷമായില്ലേ മുറിയിൽ ആളനക്കം ഇല്ലാതായിട്ട് ...

" പാതി എഴുതി കമിഴ്ത്തി വെച്ച കടലാസുകൾ അങ്ങിനെ തന്നെ അവിടെയിരുപ്പുണ്ട് , N ശ്രീനിവാസന്റെ ഇനിയും പൂർത്തിയാകാത്ത രചന. 

ഇത് ഒരിക്കൽ എടുത്തു വായിക്കണമെന്നും പണ്ട് പറഞ്ഞു തന്ന ഓർമ വെച്ചു കഥ പൂർത്തിയാക്കനമെന്നും കുറച്ചായി കരുതുന്നു, ഇന്നിപ്പോ മുറിയിലേക്ക് കയറിയ സ്ഥിതിക്ക്  അതെടുക്കാം, ഉമ്മറത്തിരുന്നു ബാക്കിയെഴുതാം ".

ലളിതയുടെ ശ്രമം വിഫലമായി, അതിരൊരു കടലാസ് പോലും ഉയർത്താൻ അവർക്കായില്ല.
ആത്മാവിനു ഭൂമിയിലെ ഒരു കടലാസ് ഉയർത്താൻ പോലുമാവില്ല എന്ന തോന്നലിനു കനം വെച്ചു.



സങ്കടം കൂടി വന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങി.
കണ്ണുനീർ തുള്ളികൾ ചുളിവുവീണ കവിളും കടന്നൊഴുകി കയ്യിലേക്കിറ്റു വീണു.

ലളിത പതിയെ കണ്ണു തുറന്നു.
ഇത്തവണയും കണ്ടത് സ്വപ്നമാണെന്ന സത്യത്തോട് അവർ വേഗം പൊരുത്തപ്പെട്ടു.


 ***

6 comments:

  1. നൊമ്പരപ്പെടുത്തിയല്ലോ ഈ കിനാവ്‌....

    ReplyDelete
  2. സ്വപ്നങ്ങള്‍ സ്വര്‍ഗകുമാരികളല്ലാതാകുന്ന സന്ദര്‍ഭങ്ങള്‍.

    ReplyDelete
  3. ഇനിയും സ്വപ്നം കാണു. അപ്പോൾ എഴുത്ത് തനിയെ വരും.

    ReplyDelete
  4. ലളിതം ! സ്വപ്നങ്ങൾ .. സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ...

    ReplyDelete
  5. ഇഷ്ടപ്പെട്ടു.ചില സ്വപ്നങ്ങൾ അങ്ങനെയാണ്‌.

    ReplyDelete

എന്റെ ഈ കുത്തിക്കുറിക്കലുകൾക്കായി സമയം ചെലവിട്ടതിന് നന്ദി . താങ്കളുടെ അഭിപ്രായം , അതെന്തു തന്നെയായാലും ഇവിടെ രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.