വായനയ്ക്കു ശേഷം ...

മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം

8.12.12

കബന്ധം

അവിടമാകെ ഇരുട്ടായിരുന്നു , കണ്ണില്‍ കുത്തിയാല്‍ അറിയാത്തത്ര ഇരുട്ട് എന്ന് വേണമെങ്കില്‍ പറയാം. അതിനേക്കാള്‍ ഭയാനകമായി തോന്നിച്ചത് അവിടത്തെ നിശബ്ദതയാണ്; ഒരു മൊട്ടുസൂചി വീണാല്‍ കേള്‍ക്കാം. ഇരുളും നിശബ്ദതയും - എനിക്ക് ഭയമാണ് ഇവയെ ; ഇവിടെയിപ്പോ അകെ കേള്‍ക്കുന്നത് എന്റെ ശ്വാസോച്ചാസത്തിന്റെ ശബ്ദം മാത്രമാണ്. മുന്‍പിലേക്ക് ഒരടിപോലും വെയ്ക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. മുന്നിലേക്ക്‌ വെയ്ക്കുന്ന കാല്‍ ഒരു വലിയ കുഴിയിലേക്കാവുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. മരിക്കാന്‍ എനിക്ക് ഭയമില്ലായിരുന്നു ; പക്ഷെ എന്തിനിങ്ങനെ ഒരു മരണം എന്നറിഞ്ഞിട്ടു മരിക്കണം എന്നതാണ് എന്റെ അന്ത്യാഭിലാഷം.

ഞാനല്ലാതെ ആ പരിസരത്ത് വേറെ ആരെങ്കിലും ഉള്ളതായി തോന്നുന്നില്ല. അവിടെ നിന്നനങ്ങാന്‍  തന്നെ എനിക്ക് പേടിയാണ്; പേരറിയാത്ത ഏതോ വലിയ മലയുടെ ഏറ്റവും മുകളിലുള്ള ഒരു കൊച്ചു സ്ഥലത്താണ് ഇരിക്കുന്നതെന്ന് എനിക്ക് തോന്നി ; അതല്ലെങ്കില്‍ അംബരചുംബിയായ എന്തെങ്കിലും കെട്ടിടത്തിനു ഏറ്റവും മുകളില്‍. ഉയരവും എനിക്ക് പേടിയാണ് ; കാണാന്‍ കഴിയുന്നില്ലെങ്കിലും ഇരുളിലും നിശബ്ദതയിലൂടെയും മുന്നിലുള്ള ശൂന്യത ഞാന്‍ അനുഭവിച്ചറിയുന്നു.

ചിലപ്പോള്‍ കുറച്ചു നേരം കഴിഞ്ഞാല്‍ വെളിച്ചം വരുമായിരിക്കും; പക്ഷെ എത്രനേരം?

നിശബ്ദത കൂടുതല്‍ അസഹ്യമാകുന്നു; എന്റെ ഹൃദയമിടിപ്പ്‌ പോലും എനിക്ക് കേള്‍ക്കാന്‍ കഴിയുന്നില്ല. അറിയാതെ എന്റെ കൈകള്‍ നെഞ്ചിലൊന്ന് തടവി ; അംഗഭംഗം ഒന്നുമില്ല പക്ഷെ അത് സത്യമാണ് - എന്റെ ഹൃദയം നിലച്ചിരിക്കുന്നു.

ഭയം കൊണ്ടാവണം എന്റെ ശ്വാസോച്ചാസം കൂടുതല്‍ ശക്തമായി .എവിടെ നിന്നോ പതിയെ തണുപ്പ് അരിച്ചിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു ; ഞാന്‍ ചെറുതായി വിറയ്ക്കുന്നു.    

എന്റെ ശരീരത്തിലേക്ക് ചെറുനനവും പടരുന്നു; എവിടെ നിന്നോ വെള്ളം എനിക്ക് ചുറ്റും ഉയരുന്നു; കണ്ണങ്കാല്‍ വരെയെത്തി. ഞാന്‍ പതിയെ എഴുന്നേറ്റു. ചുറ്റുമുള്ള ഇരുട്ടില്‍ കൈ പതിയെ പരതി. ഞാനേതോ അറയ്ക്കുള്ളില്‍ ആണ് ; നാല് വശവും അടച്ച ഒരു ചെറിയ അറ.  എപ്പോഴോ തെറിച്ച ഒരു തുള്ളി , വെള്ളത്തിനു ഉപ്പുരസം ആണെന്ന് മനസിലാക്കി തന്നു .

കടല്‍ വെള്ളം!

ഈശ്വരാ, കടലിനു നടുക്കണോ ഞാന്‍ ?! പക്ഷെ കടലിന്റെ ഇരമ്പമൊന്നും കേള്‍ക്കാനില്ലല്ലോ; പണ്ട് കടലിന്റെ ഇരമ്പം കേള്‍ക്കാന്‍ രാമേശ്വരത്ത് നിന്ന് വാങ്ങിയ ശംഖു ചെവിയില്‍ വെച്ചതോര്‍ക്കുന്നു.
 അല്ല; ഇത് കടല്‍ വെള്ളമല്ല ; ഇതില്‍ മണ്‍തരികള്‍ ഒന്നുമില്ല.

വെള്ളത്തിന്റെ അളവ് കൂടിക്കൂടി വരുന്നു. അരയോളം മുങ്ങി. മരണം മുന്നില്‍ കാണുമ്പോഴും അവിടെ നിന്നനങ്ങാന്‍ എനിക്ക് ഭയമായിരുന്നു. എന്റെ ഏതു നേര്‍ത്ത ചലനവും മരണത്തിനു എന്നിലേക്കുള്ള കുറുക്കു വഴിയാകും എന്ന് ഞാന്‍ വിശ്വസിച്ചു.  വെള്ളം നിറഞ്ഞു കൊണ്ടേയിരുന്നു.

എനിക്ക് തെറ്റി. ഇത് കടല്‍വെള്ളമല്ല ; കണ്ണുനീരാണ്. എനിക്ക് വേണ്ടി കണ്ണുനീര്‍ വാര്‍ത്തവരുടെ കണ്ണുനീര്‍ ഒരുമിച്ചു ഒഴുകിയെത്തി എന്നെ അതില്‍ മുക്കികൊല്ലാന്‍ പോവുകയാണ്. വൈകിയെങ്കിലും ഞാനത് മനസിലാക്കി ; എന്തിനു എന്ന ചോദ്യം ഇനി അവശേഷിക്കുന്നില്ല.

നിമിഷങ്ങള്‍ക്കകം മൃതിയെന്നെ പുല്‍കുമെങ്കിലും അവിടെ നിന്നനങ്ങാന്‍ എനിക്ക് ഭയമായിരുന്നു. പണ്ടും ഞാന്‍ ഇങ്ങനെ തന്നെയായിരുന്നു. പലപ്പോഴും വേണ്ട സമയത്ത് ഞാന്‍ നിശ്ചലന്‍ ആയിരുന്നു. ഏറെക്കുറെ സന്തുലിതമായിരുന്ന അന്തരീക്ഷം ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു; എന്റെ സ്വാര്‍ത്ഥത. അതിന്റെ അനന്തര ഫലമാണ് ഈ ജലസമാധി.

ജലനിരപ്പുയര്‍ന്നു കൊണ്ടിരുന്നു. മൂക്കിനു കീഴെവരെയെത്തി വെള്ളം. വായ മുഴുവന്‍ കണ്ണുനീര്‍ നിറഞ്ഞിരിക്കുന്നു. അതിന്റെ ഉപ്പുരസവും , അതില്‍ കലര്‍ന്നിരിക്കുന്ന വേദനയും ഞാന്‍ മനസിലാക്കുന്നു.

ഇനി നിമിഷങ്ങള്‍ മാത്രം; ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. സ്വമൃതി നേരില്‍ കാണാനുള്ള ധൈര്യം പോലും എനിക്കില്ലാതായി.


                                                   ***********

നിമിഷങ്ങള്‍ പലതു കഴിഞ്ഞു. നിരപ്പുയര്‍ന്നില്ല.

അതെ നിരപ്പുയരുന്നില്ല!!!

എനിക്കുവേണ്ടി കരഞ്ഞ കണ്ണുകള്‍ കരച്ചില്‍ നിര്‍ത്തിയിരിക്കുന്നു. ഇനി കണ്ണുനീര്‍ ഒഴുകിയെത്തില്ല ; നിരപ്പുയരില്ല; ഞാന്‍ മരിക്കില്ല !

എന്റെ കണ്ണുകളില്‍ നിന്ന് ആനന്ദാശ്രു പൊഴിഞ്ഞു ; രണ്ടു തുള്ളി ആ കണ്ണുനീരിനോപ്പം ലയിച്ചു.

ഓ ! കണ്ണുനീര്‍ ഒഴുകിപോവുകയാണ്; നിരപ്പ് കുറയുന്നു. പതിയെ അവിടമാകെ പ്രകാശം പരക്കുന്നു. കണ്ണുകളിലേക്കു പ്രകാശം കുത്താന്‍ തുടങ്ങിയപ്പോള്‍ അറിയാതെ ഞാന്‍ കണ്ണുകള്‍ പൊത്തി.

ഒന്ന് രണ്ടു നിമിഷം ഞാന്‍ അങ്ങനെ നിന്ന് കാണണം. പതിയെ ഞാന്‍ കണ്ണുകള്‍ തുറന്നു.

ഒരിറ്റു കണ്ണീര്‍ വാര്‍ക്കാന്‍ കൂടിയാളില്ലാത്ത ഒരനാഥ പ്രേതം മുന്നില്‍ കിടക്കുന്ന കണ്ടു; അതിന്റെ മുഖം വ്യക്തമല്ല.  മുന്നോട്ടു ചെന്ന് അത് നോക്കണമെന്നുണ്ട്; പക്ഷെ ഇവിടെ നിന്നനങ്ങാന്‍ എനിക്ക് ഭയമാണ്.. എനിക്കറിയാം - അതിനു എന്റെ മുഖച്ചായ ആയിരിക്കുമെന്ന്.






 
 






  

18.10.12

വാശി


"ഹരീ , നീ കുറച്ചു കൂടെ ക്ഷമ കാണിക്കണം"

അറിയാം , പക്ഷേ ...
ചില സമയത്ത് അവരുടെ വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ ...

" കേള്‍ക്കുമ്പോള്‍?! "

അവരിത്ര നാളും എന്തൊക്കെയാ ചെയ്തതെന്നും പറഞ്ഞതെന്നും എനിക്ക് നല്ല ഓര്‍മയുണ്ട്.

"ഡാ , കുറെ നേരമായി നീ 'അവര്‍' എന്ന് പറയുന്നത് നിന്റെ സ്വന്തം പപ്പയും മമ്മിയും ആണെന്ന് ഓര്‍മ വേണം "

നീ പറയുന്ന കേട്ടാല്‍ തോന്നും ഞാന്‍ കഥ പറഞ്ഞതാണെന്ന്; ഉള്ള കാര്യമല്ലേ പറഞ്ഞുള്ളൂ ?!

"ആയിരിക്കാം , പക്ഷേ ഇപ്പൊ നിന്റെ കണ്ണിലേക്കു നോക്കിയാലറിയാം നിന്റെ മനസ്സില്‍ പകയുടെ ഒരു കനല്‍ എരിഞ്ഞു കത്തുന്നുണ്ട് "

കുറച്ചു നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല , ഞാന്‍ മേശപ്പുറത്തിരുന്ന ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചു തീര്‍ത്തു വെറുതെ അങ്ങനെ കുറച്ചു നേരം ഇരുന്നു.

" നമുക്കൊന്ന് ബീച്ച് വരെ പോകാം , സംസാരിച്ചിരിക്കാന്‍ അതാണ്‌ പറ്റിയ സ്ഥലം. " മൂകതയ്ക്ക്‌ ഞാന്‍ തന്നെ വിരാമമിട്ടു.

ഡേവിസ് - എന്റെ സുഹൃത്ത് , കുടുംബഡോക്ടര്‍ , സഹോദരന്‍ , എഴുത്തുകാരന്‍ അങ്ങനെ എന്തൊക്കെയോ ആണവന്‍.

അവന്റെ കാറില്‍ തന്നെ ബീച്ചിലേക്ക് പുറപ്പെട്ടു; സമയം അഞ്ചര ആകുന്നതേയുള്ളൂ . സൂര്യാസ്തമയം കാണാന്‍ ഒരുപാട് പേര്‍ അവിടേക്ക് എത്തിക്കൊണ്ടിരുന്നു.

ബീച്ചിന്റെ പഴയ പ്രതാപമൊക്കെ നശിച്ചിരിക്കുന്നു ; നഗരസഭയുടെ മുഖംമിനുക്കല്‍ പരിപാടിയാണ് ബീച്ച് ഈ കോലത്തിലെങ്കിലും ആക്കിയെടുത്തത്.


പണ്ട് ഈ പൂഴിമണ്ണില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ വരുമായിരുന്നു ഞങ്ങള്‍, ബീച്ചിന്റെ ഒത്ത നടുക്കാവും പലപ്പോഴും പിച്ച്. പ്ലാസ്റ്റിക്‌ കോര്‍ക്ക് പന്ത് കൊണ്ട് ഫുള്‍ടോസ് എറിഞ്ഞ് കൊണ്ടുള്ള കുട്ടി ക്രിക്കറ്റ്‌. അന്നൊക്കെ എത്ര ആഞ്ഞു വീശിയാലും പന്ത് കടലില്‍ വീഴില്ലായിരുന്നു , ബീച്ചിന്റെ വലിപ്പത്തേക്കാള്‍ ഉപരി , വീശിയടിക്കുന്ന കാറ്റ് പന്തിനെ തിരികെ കരയിലെത്തിക്കുമായിരുന്നു. ഒരു തവണയെങ്കിലും സിക്സര്‍ അടിച്ചു പന്ത് കടലില്‍ ഇട്ടാല്‍ സര്‍ബത്ത് എന്ന മോഹനവാഗ്ദാനങ്ങളുമായി പലപ്പോഴും കളിച്ചെങ്കിലും ഒരിക്കലും പന്ത് വെള്ളത്തില്‍ വീണില്ല.
ഇടയ്ക്ക് നേവിക്കാര്‍ വന്നു ഡിസ്ക് എറിഞ്ഞ് കളിക്കുമായിരുന്നു , കടലിലേക്ക്‌ ഊക്കോടെ എറിയുന്ന ഡിസ്ക് ഒരു ബൂമറാങ്ക് പോലെ എറിഞ്ഞിടത്തെക്ക് തിരിച്ചു പറന്നു വരും; അത് നിലത്തു വീഴും മുന്‍പ് പിടിക്കുന്നവന്‍ ആണ് കേമന്‍; ആ അഭ്യാസം കണ്ടു പലപ്പോഴും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.

ഇന്നതൊന്നുമില്ല ; പേരിനു മാത്രമുള്ള ബീച്ചില്‍ അവിടവിടെയായി ചിലര്‍ പട്ടം പറത്തുന്നു. മാഞ്ച കൊണ്ട് ഉയര്‍ന്നു പറക്കുന്ന പല പട്ടങ്ങളുടെ നൂലും അവര്‍ അരിഞ്ഞിടുന്നു ; വെട്ടിപ്പിടിക്കലിന്റെയും കീഴടക്കലിന്റെയും സുഖം അവരുടെ മുഖങ്ങളില്‍ കളിയാടി നിന്നിരുന്നു.

എനിക്കും ആ മുഖഭാവമാണോ ?     

*-*-*-*-*-*

"കപ്പലണ്ടി , കപ്പലണ്ടി , നല്ല ചൂട് കപ്പലണ്ടി - രണ്ടെണ്ണം പത്ത് , രണ്ടെണ്ണം പത്ത് "
 ആ കപ്പലണ്ടിക്കാരന്‍ പയ്യനാണ് ഭൂതകാലത്ത് നിന്ന് എന്നെ തിരികെ കൊണ്ട് വന്നത്. നാശം !

എന്ത് രസമായിരുന്നു പണ്ട്, ആ ഓര്‍മകളില്‍ കുറച്ചു നേരം കൂടെയിരിക്കാന്‍ ഞാന്‍ കൊതിച്ചിരുന്നു.

"ഹരീ , നീ ഒന്ന് റിലാക്സ്ഡ് ആവട്ടെ എന്ന് കരുതിയാണ് ഇത്ര നേരം ഞാന്‍ മിണ്ടാതെയിരുന്നത് , സമയം ആറായി . നീ വേഗം കാര്യം പറ. ആറരയ്ക്ക് മോളുവിനെ ട്യുഷന്‍ ക്ലാസ്സില്‍ നിന്നും കൊണ്ടുവരാന്‍ പോണം.
ഒറ്റയ്ക്ക് വിട്ടാല്‍ ശരിയാവില്ല, കാലം-നാട്ടുകാര്‍ രണ്ടുമത്ര പന്തിയല്ല"

വാ നമുക്ക് തിരിച്ചു നടക്കാം - ഞാന്‍ എഴുന്നേറ്റു നടക്കാന്‍ തുടങ്ങി , കൂടെയവനും.

ഡേവിസേ , നിനക്കറിയാമല്ലോ എന്റെ കാര്യങ്ങള്‍ , എനിക്ക് വാശിയായിരുന്നു , എന്റെ കഴിവുകളെ കണ്ടില്ലെന്നു നടിക്കുന്ന അവരോടു; എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ വേഗത്തില്‍ തല്ലികൊഴിക്കുന്ന എന്റെ വീട്ടുകാരോട് എനിക്ക് എനിക്ക് വാശിയായിരുന്നു , ഒരിക്കലെങ്കിലും അവരുടെ മുന്നില്‍ ജയിച്ചു കാണിക്കണം എന്ന വാശി. ഒരു പക്ഷെ ഇതായിരിക്കും അവരും ആഗ്രഹിച്ചിരിക്കുക്ക , അങ്ങനെയെങ്കിലും ഞാന്‍ നന്നാവട്ടെയെന്ന്.
പരീക്ഷയക്കു 45/50 വാങ്ങി ചെല്ലുമ്പോഴും അവരു പറയും ഗ്രേസിയുടെ മോള്‍ക്ക്‌ 50/50 ഉണ്ടല്ലോ എന്ന്.
 ഗ്രേസിയുടെ മോള്‍ , ശേഖരന്റെ മോന്‍  അങ്ങനെ കുറച്ചു പേരുകള്‍ , എന്റെ ചെറിയ നേട്ടങ്ങള്‍ അവരുടെ വന്‍ വിജയങ്ങളുടെ നിഴലില്‍ ഒന്നുമല്ലാതായി, അല്ലെങ്കില്‍ അവരങ്ങനെ ആക്കി തീര്‍ത്തു.

അന്ന് തുടങ്ങിയ വാശിയാണ് ; ഒരിക്കലെങ്കിലും ഈ പറയുന്ന എല്ലാവരെക്കാളും വലിയവന്‍ ആകണം എന്നൊരു തോന്നല്‍, അത് ദിനം കഴിയുന്തോറും ശക്തമായി കൊണ്ടിരുന്നു, അങ്ങനെ ഒരു ദിവസത്തിനായി കാത്തിരിക്കാന്‍ തുടങ്ങി. സത്യത്തില്‍ ഈ പറയുന്ന ആരോടും എനിക്ക് വിരോധം ഉണ്ടായിരുന്നില്ല !!!

ദൈവം സഹായിച്ചു ഇന്നെന്റെ സ്വപ്നം സാക്ഷാത്കരിച്ചുവെങ്കിലും മനസിലേറ്റ മുറിവുകള്‍ ഉണങ്ങാതെ ചോരയോലിച്ചു കിടക്കുന്നു.

*-*-*-*-*-*

അച്ഛനാണെങ്കില്‍ ഒരു കാര്യം മൂന്ന് പ്രാവശ്യം ചോദിക്കും , ചെവി കേള്‍ക്കാത്ത പോലെ ഒരഭിനയവും ; പറയുന്നത് ശ്രദ്ധിക്കാഞ്ഞിട്ടാ.  എനിക്കൊരു കാര്യം വീണ്ടും വീണ്ടും ചോദിക്കുന്നത് തീരെ ഇഷ്ടമല്ല, പിന്നെ റോഡ്‌ ക്രോസ് ചെയ്യുമ്പോള്‍ മാത്രമുള്ള ഒരു സ്ലോമോഷന്‍ നടത്തം , നാട്ടുകാര്‍ വിചാരിക്കും എന്തോ വലിയ അസുഖക്കാരന്‍ ആണെന്ന്, എന്നാ വല്ല അസുഖവുമുണ്ടോ , അതൊട്ടില്ല താനും; പിന്നെ എന്തിനാ ഈ അഭിനയം?!
അമ്മയ്ക്കാണെങ്കില്‍ സുപ്രീംകോടതി ജഡ്ജി ആണെന്നാ വിചാരം , എല്ലാ കാര്യങ്ങളും പറഞ്ഞു ബോധ്യപെടുത്തി കൊടുക്കണം. ഹാര്‍ട്ട്‌പേഷ്യന്റ് ആയതു കൊണ്ട് സൂക്ഷിച്ചു മാത്രമേ വാ തുറക്കാനും പറ്റു ..നേരെ വാ നേരെ പോ , അതാണ് എന്റെ സമ്പ്രദായം, അധികം വളച്ചു ചുറ്റലും മിനുസപെടുത്തലും ഒന്നും എന്നെ കൊണ്ട് പറ്റില്ല, ഉള്ള കാര്യം അങ്ങോട്ട്‌ പറയും ; അതിനും പരാതി.

" ഹരീ , നിന്റെ എല്ലാ തോന്ന്യാസങ്ങളും സഹിച്ചു നിന്നെ വളര്‍ത്തി വലുതാക്കിയത് ഇവരാണെന്നു നീ മറക്കരുത്"

അപ്പളേ ഡോക്ടറേ ,  നിന്നെ പോലുള്ള എല്ലാ ഉപദേശികളും സ്ഥിരം പറയുന്ന കാര്യമാണിത്. എടാ , എനിക്കും ഒരു മോനില്ലേ , അവന്റെ കുസൃതിക്കും കുറുമ്പിനും വല്ല കുറവുണ്ടോ? പക്ഷെ അവനോടു ഞാന്‍ ഇങ്ങനെ എപ്പോഴെങ്കിലും പെരുമാറി കണ്ടിട്ടുണ്ടോ നീ?! കൊച്ചു കുഞ്ഞുങ്ങളോട് നമുക്കെന്നും ഒരു മമതയുണ്ടാകും.

"നിന്നെ ഭരിക്കാന്‍ വരാത്തത് കൊണ്ടായിരിക്കും"
ആവാം!

"ഭരിക്കപ്പെട്ടിരുന്നവന്‍ ഭരണകര്‍ത്താവായി രൂപാന്തരം പ്രാപിക്കുമ്പോള്‍ ഉണ്ടാകുന്ന ആശയക്കുഴപ്പം -അതാണ്‌ നിന്റെ പ്രശ്നം; അധികാരം കൈവിട്ടവര്‍ അരക്ഷിതരായി നിന്റെ നേരെ നോക്കുമ്പോള്‍ നീ അവരെ കാണുന്നില്ല , അവരുടെ ഭൂതകാലത്തെ മാത്രമേ കാണുന്നുള്ളൂ ... നീ നിന്റെ മാതാപിതാക്കളെ കാണുന്നില്ല , നിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്ത എതിരാളികളെ മാത്രമേ നീ അവരില്‍ കാണുന്നുള്ളൂ. അത് ശരിയാവില്ല . നീ ഒരു മനുഷ്യനായി ചിന്തിക്കു. കുടുംബവും , ബന്ധുക്കളും അടങ്ങുന്ന ചങ്ങലയിലെ ഒരു കണ്ണിയായി മാറാന്‍ ശ്രമിക്കു, അതല്ലെങ്കില്‍ നിനക്ക് നഷ്ടങ്ങളെ ഉണ്ടാകൂ, നീ എല്ലാം മനസിലാക്കി വരുമ്പോഴേക്കും ഒരുപാട് വൈകും

നീ പറയും പോലെ ആകണമെന്നില്ല കാര്യങ്ങള്‍ , അവര്‍ക്ക് പ്രായമായി വരികയല്ലേ, ചിലപ്പോള്‍ ശാരീരികമായി അസുഖം ഒന്നുമില്ലെങ്കിലും മനസ്സില്‍ അങ്ങനെ തോന്നല്‍ ഉണ്ടാകും, കൊച്ചുകുട്ടികള്‍ ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു ക്യരെക്ടര്‍ ആയി വളരുന്നവരാണ്, അതിനു ഒരു ആകൃതി വരുത്താന്‍ എളുപ്പമാണ് , കുഴച്ച കളിമണ്ണ് കൊണ്ട് പാത്രം   ഉണ്ടാക്കുന്ന പോലെ ; പക്ഷെ അതുപോലെയല്ല വൃദ്ധരായഅച്ഛനമ്മമാര്‍ ; അവര്‍  ഉരുക്ക്കമ്പി പോലെയാണ് , അവര്‍ക്ക് ഒരു ആകൃതിയും പ്രകൃതിയും ഉള്ളവരാണ് , അത് മാറ്റിയെടുക്കുക പ്രയാസമാണ്, ഒരുപക്ഷെ മാറ്റാന്‍ ശ്രമിച്ചാല്‍ അവര്‍, അവര്‍ അല്ലാതായി തീര്‍ന്നേക്കാം."
 
മതി നിന്റെ സാരോപദേശം. ഒരു കാര്യം ചെയ്യ് , "അസുരന്റെ ജല്പനങ്ങള്‍" എന്ന് പേരില്‍ ഇത് നീ ഒരു കഥയായെഴുത്ത്‌ , നിന്റെ കേസ്സ്റ്റഡിയും , റിപ്പോര്‍ട്ടും , ഉപദേശങ്ങളും ഒക്കെ ചേര്‍ത്ത് ഒരു പുസ്തകം ആയി ഇറക്കു; ഞാനത് വാങ്ങി വായിച്ചു നന്നായിക്കൊള്ളാം  ,എന്നെ പോലുള്ള ബാക്കിയുള്ളവരും കൂടെ നന്നാവും.

ഡേവിസ് വെറുതെ ചിരിച്ചതെയുള്ളൂ - ഈ ചിരിയിലാണ് മേരി വീണുപോയത്.

*-*-*-*-*-*

ജീവിതത്തില്‍ ലക്ഷ്യം ആയി കരുതിയിരുന്ന പലതും മാറ്റേണ്ട സമയമായി , ഇനി ഞാന്‍ എന്തെന്ന് തെളിയിക്കേണ്ട ആവശ്യമില്ല, അല്ലെങ്കിലും അതെങ്ങനെ തെളിയിക്കാന്‍! പക്ഷെ അവന്‍ പറഞ്ഞ പോലെ ഒരു രൂപാന്തരം ആവശ്യമാണ്‌, വൈകും മുന്‍പേ.

ശരിതെറ്റുകള്‍ അളക്കാന്‍ ഇനിയെത്ര സമയം ബാക്കിയുണ്ടെന്ന് അറിയില്ല ; അതിനു ശ്രമിച്ചിട്ടും പ്രയോജനമൊന്നും ഇല്ല. മനസിലെ പകയുടെ കനലുകളില്‍ സ്നേഹത്തിന്റെ നനവ്‌ പടരണം. ഇത് വരെ പഠിച്ച ഭാഷകള്‍ അല്ല , ഇനി പഠിക്കാനിരിക്കുന്ന ഹൃദയത്തിന്റെ ഭാഷ കൊണ്ടേ ഇനി കാര്യമുള്ളൂ. ഈ പൊരി വെയിലില്‍ ഒരു തണല്‍ വൃക്ഷമാണാവശ്യം , ഒരു പടുകൂറ്റന്‍ ആല്‍മരമായി വളരണം...

വീണ്ടും കണ്ണിലേതോ കോണില്‍ ഒരു വാശി മിന്നിമറഞ്ഞില്ലേ?!

ഭാഗ്യം , ഇത്തവണ ഡേവിസ് അതുകണ്ടില്ല; അവന്‍ കാര്‍ ഓടിക്കുന്ന തിരക്കിലായിരുന്നു.

*-*-*-*-*-*



{ നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപെടുത്താം .  നന്ദി }

18.9.12

തിരുത്ത്


ഇതിപ്പോ അഞ്ചാമത്തെ  പ്രാവശ്യമാണിത് വായിക്കുന്നത്. എഴുത്തില്‍  പിഴവൊന്നും  ഉണ്ടാകില്ലെന്നറിയാം , കുറച്ചു നാളായി ഇങ്ങനെയാണ് , നിര്‍വികാരനായി എന്തൊക്കെയോ എഴുതി നിറയ്ക്കുന്നു ; സത്യം പറഞ്ഞാല്‍ പച്ചക്കള്ളങ്ങള്‍ എഴുതിക്കൂട്ടുന്നു.

സത്യത്തിനു ഒരു വിലയും ഇല്ലെന്നു മനസിലായപ്പോഴാവണം എന്റെ എഴുത്തിനു മാറ്റം വന്നു തുടങ്ങിയത് ; അല്ല അസത്യത്തിനു നല്ല വിലയുണ്ടെന്ന ബോധ്യമായപ്പോഴാണ് വഴിമാറി നടക്കല്‍ തുടങ്ങിയത് .  കഴിഞ്ഞ ഇരുപതുവര്‍ഷം കൊണ്ട് ഞാന്‍ നേടിയെടുത്ത സല്‍പേര് , അത് ആദ്യമായി ദുരുപയോഗം ചെയ്തപ്പോള്‍ മനസുനീറി; ഉറക്കമില്ലാത്ത ഒരുപാട് നാളുകള്‍ അത് സമ്മാനിച്ചു. പിന്നെയെപ്പോഴോ അതിനോടൊക്കെ താദാത്മ്യം പ്രാപിച്ചു .

ഇത്ര നാളത്തെ സത്യസന്ധത കൊണ്ട് ഞാനെന്തു നേടി ?

ഒരു ഡോക്ടറുടെ ഭാര്യയെന്നു പറയാന്‍ അവള്‍ക്കു നാണമായി തുടങ്ങി. മകള്‍ വളര്‍ന്നു വരുന്നു , സ്വന്തമായി നല്ലൊരു വീടില്ല , സ്വത്തുവകകളില്ല , കാരണവന്മാര്‍ ഒന്നും തന്നില്ല , മുന്തിയ ജാതിയായത് കൊണ്ട് ആനുകൂല്യങ്ങളും ഇല്ല. പിന്നെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ഇമേജ് ഉണ്ട്. 

നന്മവറ്റിയ ഈ സമൂഹത്തില്‍ കാല്‍ക്കാശിനു വിലയില്ലാത്ത ഒരു ഇമേജ് , അത് മാത്രമായിരുന്നു എന്റെ സമ്പാദ്യം !

വഴിവിട്ടു  സമ്പാദിക്കുവാന്‍  തുടങ്ങിയപ്പോള്‍ , വീട്ടില്‍ , മുന്‍പില്ലാത്ത വിധം ഒരു സന്തോഷം കാണാനുണ്ടായിരുന്നു , മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഞാന്‍ ഉയരുന്നതിന്റെ ആശ്വാസമാവാം ...

ആദ്യം ഒരു തോട്ടം തൊഴിലാളി തമിഴത്തി , ഏതു കൊച്ചു കുഞ്ഞും പറയും അത് ബലാല്‍സംഗം ആണെന്ന്; അല്ലെന്നു വരുത്തുന്നതിലല്ലേ കഴിവ് ?!

ഞാനത് ഭംഗിയായി ചെയ്തു , എന്നെ കാത്തു കിടന്ന ഒരു അവധിക്കാല ബംഗ്ലാവിനു വേണ്ടി. അന്ന് മുതലാണ്‌ എന്റെ കഴിവുകള്‍ ഞാന്‍ ഉപയോഗിച്ച് തുടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം.  പിന്നീടൊരു തിരിഞ്ഞു നോട്ടം ഉണ്ടായിട്ടില്ല; വേലക്കാരികള്‍ , കൂലിപ്പണിക്കാരികള്‍ , അഗതികള്‍ , വേലിചാടിയവര്‍ അങ്ങനെ പലരും , ഏറ്റവുമൊടുവില്‍ ദാ ഇവള്‍ , ബധിരയും മൂകയുമായ ഒരു കൊച്ചുസുന്ദരി.

കണക്കു പറഞ്ഞു കാശു വാങ്ങുന്നുണ്ട് ഞാന്‍ , അതിനു കഴിവുള്ളവരുടെ കേസുകള്‍ മാത്രമാണ് ഇപ്പോള്‍ അറ്റന്‍ഡ് ചെയ്യുനതും. പ്രതിയുടെ മാനത്തിനു ഞാന്‍ ഇടുന്ന വില ! ഹാ എന്തൊരു സൗഭാഗ്യം .

അവിടം കൊണ്ട് തീരുന്നില്ല , ഇത്ര വലിയൊരു കച്ചവടം തരപ്പെടുത്തി തന്നതിന് ഉപകാര സ്മരണ , പരേതയുടെ വീട്ടുകാര്‍ക്ക് ; ശിഷ്ടകാലം ജീവിക്കാനുള്ള വക. അവിടെയേ കച്ചവടം അവസാനിക്കുന്നുള്ളൂ. 

അല്ലെങ്കിലും ഇവളൊക്കെ ജീവിച്ചിരുന്നാലും ഇതില്‍ കൂടുതലൊന്നും ആ കുടുംബങ്ങള്‍ക്ക് കിട്ടാനില്ല. 

അഭിപ്രായം : " എന്റെ അറിവും വിശ്വാസവും പ്രകാരം , മരണകാരണം - തലയ്ക്കു പിന്നില്‍ ഏറ്റ ശക്തമായ ക്ഷതവും , ബലാല്‍ക്കാരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി ഉണ്ടായ ശ്വാസതടസ്സവും ഹൃദയാഘാതവും ആണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലുള്ള മുറിവുകളും സ്രവങ്ങളും വ്യക്തമാക്കുന്നത്  ഒന്നിലേറെ പേരുടെ ക്രൂരമായ പീഡനത്തിനു ഈ പെണ്‍കുട്ടി വിധേയയായിരുന്നു എന്നതാണ്  "

റിപ്പോര്‍ട്ടിന്റെ അവസാന ഭാഗം ഒന്നുകൂടെ വായിച്ചുറപ്പിച്ചു കവറിലാക്കി സീല്‍ ചെയ്തു.

ഇതൊരിക്കലും ഒരു മനംമാറ്റം ആയിരുന്നില്ല ; ജഡം പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോള്‍ ആ വീട്ടുകാരുടെ കണ്ണുകള്‍ എന്നോടാവശ്യപെട്ടതും ഇത് തന്നെയാണ്. മുഴുപട്ടിണിയായിട്ടു കൂടി , പണത്തിനും മീതെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു , നീതി മാത്രമാണ് വേണ്ടതെന്നു ആവശ്യപെട്ട ആ കുടുംബം ഇതര്‍ഹിക്കുന്നു.

ഈ ഒരു റിപ്പോര്‍ട്ട്‌ ഒന്നുമാകുന്നില്ല , പോലീസ് - കോടതി അങ്ങനെ ഒരുപാട് നൂലാമാലകള്‍ . എന്നെങ്കിലും അവര്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ എനിക്കില്ല ; കോടതിയില്‍ വാദിയെ പ്രതിയാകുന്ന പ്രഗല്‍ഭരുടെ മുന്നില്‍ എത്രനാള്‍ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ആകും ?! 

ഇതിലെന്റെ ലാഭം ഒരു രാത്രിയിലെ സുഖനിദ്ര മാത്രമാകാം ; അല്ലെങ്കിലും അലാറം വെച്ച് രാത്രി കിടക്കുമ്പോള്‍ ,രാവിലെ അത് കേട്ടുണരാന്‍ നമ്മള്‍ ജീവനോടെ ഉണ്ടാകും എന്നത് വെറും വിശ്വാസം മാത്രമല്ലെ !!!

എന്നത്തെയും പോലെ 'എന്റെ ശരി'-ക്ക് മാത്രം മുഖം കൊടുത്തു ഓഫീസില്‍ നിന്നിറങ്ങുന്നു.

പ്രായോഗികതക്കപ്പുറം ചില നേരുകള്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അതിനെ അവഗണിക്കാന്‍ എനിക്കാവുമായിരുന്നില്ല . " ഭിക്ഷ കൊടുക്കുമ്പോഴും പാത്രമറിഞ്ഞു കൊടുക്കണം " എന്ന് പഠിപ്പിച്ച അപ്പുപ്പന്റെ മുഖം അവ്യക്തതയോടെ ഞാനിന്നും ഓര്‍ക്കുന്നു. 


23.7.12

മായക്കണ്ണാടി

" ടീച്ചറെ, ഇവനെ കണ്ടാല്‍ കുഞ്ചാക്കോബോബനെ പോലെ ഇല്ലേ ?! "
ടീച്ചര്‍ എന്റെ മുഖത്തേക്കും അവനെയും ഒന്ന് സൂക്ഷിച്ചു നോക്കി.
വലിപ്പിച്ചതാണെന്ന് എനിക്കും ടീച്ചര്‍ക്കും മനസിലായി , പക്ഷെ ...
പക്ഷെ ഈ കുഞ്ചാക്കോബോബന്‍ എവിടുന്നു വന്നു .. അതായിരുന്നു സംശയം.
ഭാഗ്യത്തിന് അധികം ആലോചിച്ചു കാട് കയറുന്നതിനു മുന്‍പേ അവന്‍ തിരുവാ തുറന്നു
 " ഇവനും വല്യ കഷണ്ടി ആണ് ടീച്ചറെ, മുടി കൊണ്ട് പൊത്തി വെച്ചേക്കുവല്ലേ കള്ളന്‍ " - പറഞ്ഞു തീര്‍ന്നതും , ഞാന്‍ കഷ്ടപ്പെട്ട് ചീകി ഒതുക്കി വെച്ച മുടി , മേല്‍പ്പോട്ടുയര്‍ത്തി ആകെ അലങ്കോലമാക്കിയതും ഒരുമിച്ചായിരുന്നു.

നമ്മളു പിന്നെ ക്ലാസ്സിലെ ചുള്ളന്മാരുടെ ലിസ്റ്റില്‍ ഇല്ലാത്തത് കൊണ്ട് തരുണീമണികള്‍ ഒന്നും കണ്ടില്ല !

ങാ .. പറഞ്ഞു വരുമ്പം എന്നെയും അവനെയും നിങ്ങള്‍ അറിയില്ലല്ലോ  !!!

ഞങ്ങള്‍ രണ്ടു പ്ലസ്‌ ടു വിദ്യാര്‍ഥികള്‍ ; നഗരത്തിലെ കുപ്രസിദ്ധ വിദ്യാലയത്തില്‍ മെരിറ്റില്‍ അഡ്മിഷന്‍ കിട്ടിയ രണ്ടു ജാഡത്തെണ്ടികള്‍ . ഒരു പക്ഷെ ആ ജാഡ ആയിരിക്കാം ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്. 

അല്ല ! അതുമാത്രമല്ല കാരണം. 

ബഹുഭൂരിഭാഗം വരുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ക്കിടന്നു ചക്രശ്വാസം വലിക്കുന്ന ഞങ്ങള്‍ കുറച്ചു മലയാളം മീഡിയക്കാരുടെ പ്രശ്നങ്ങള്‍ ടീച്ചര്‍മാരോട് തുറന്നു പറഞ്ഞത് ഞങ്ങള്‍ രണ്ടു പേരായിരുന്നു. നേരത്തെ പറഞ്ഞ ജാടയ്ക്കു ചെറുതല്ലാത്തൊരു സ്ഥാനം ഈ കൃത്യത്തിലും ഉണ്ട്. 

ഹരികൃഷ്ണന്മാരെ പോലെ പരസ്പരം കളിയാക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്; മുരിങ്ങാക്കോലിനു വെള്ളപൂശിയ പോലത്തെ ഞാന്‍, പപ്പും പൂടയും പറിച്ച കോഴിയെ പോലെ അവന്‍ . മസില്‍ , പൊക്കം , മുടി , വലിയനെറ്റി  ഇവയൊക്കെ പരാതി ഇല്ലാത്തവിധം ഞങ്ങള്‍ വീതിച്ചെടുത്തു, കിട്ടി എന്നതാവും ശരി.  സൗന്ദര്യം ഇല്ലായ്മയും അതിനെ ചൊല്ലിയുള്ള അഹങ്കാരം ഇല്ലായ്മയും ഞങ്ങളെ കൂട്ടിയിണക്കി.

പൊതുവേ പരീക്ഷാക്കാലത്താണ് ഭക്തശ്ശിരോമണികള്‍ അമ്പലത്തില്‍ പോക്ക് പതിവെങ്കിലും 'ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ ' എന്ന ആപ്തവാക്യം ഞങ്ങളെ ദൈവത്തോടടുപ്പിച്ചു.
ആരുമില്ല എന്നു പറഞ്ഞത്‌  മാന്‍പേടകളെ ഉദ്ദേശിച്ചു മാത്രമാണ് കേട്ടോ ! ശങ്കരാടി പറയും പോലെ നല്ല 'ഘടാഘടിയന്മാരായ' മാതാപിതാക്കള്‍ ഞങ്ങള്‍ക്കുണ്ട്‌.... 
അമ്പലത്തില്‍ പോവുക എന്ന് പറഞ്ഞാല്‍ , നിങ്ങളു കരുതും പോലെ ആയാസമുള്ള പണിയല്ല; (ആണെങ്കില്‍ ഞങ്ങളു ചെയ്യുമോ ?! കൊള്ളാം)
സ്കൂളിലേക്ക് കയറുന്നതിനു മുന്‍പ്, ഇടത്തോട്ടു തിരിയുന്നതിന് പകരം നേരെ ഒരു പത്തു മീറ്റര്‍ ; അമ്പലം എത്തി.  ഈഴവശ്ശിവന്‍ ആണ് പ്രതിഷ്ഠ , ഗുരു കണ്ണാടിയാണ് പ്രതിഷ്ഠ നടത്തിയത് എന്നും കേട്ടുകേള്‍വി ഉണ്ട്.

കഥയിലെ നായകന്‍ ഈ പറഞ്ഞ കണ്ണാടി അല്ല. ആ ക്ഷേത്രത്തില്‍ , ചന്ദനം കൊടുക്കുന്ന ഭാഗത്ത് ഒരു വലിയ നിലക്കണ്ണാടി ഉണ്ട് , അതാണ്‌ നമ്മുടെ താരം.

കാണാന്‍ ആളില്ലാത്തത് കൊണ്ട് കണ്ണാടി നോക്കി ചന്ദനം തൊടുന്ന ഏര്‍പ്പാടില്ലായിരുന്നു ഇരുവര്‍ക്കും. പക്ഷെ ഒരുദിവസം എന്തോ ഒരു മാറ്റം ; കണ്ണാടി നോക്കി കുറി വരച്ചു.

"ഈശ്വരാ ഇവനു ഇത്ര ഗ്ലാമറോ ?! ഇന്നലെവരെ കൂതറ ആയിരുന്നവന് പെട്ടെന്ന് എന്തു മാറ്റം".  കൂട്ടുകാരായാല്‍ ഇങ്ങനെ വേണം; സ്വന്തം മുഖം നോക്കി ചന്ദനം തൊടുന്നതിനു പകരം നോക്കിയത് മറ്റവന്റെ തിരുമോന്ത. 

മനസിന്‌ വിഷമമുള്ള കാര്യം ആണെങ്കിലും ( അവന്‍ സുന്ദരന്‍ ആയി എന്നുള്ളത്) കാര്യം അവനോടു തുറന്നു പറയാന്‍ ഞാന്‍ തീരുമാനിച്ചു. 

"ഡാ , ആ കണ്ണാടിയില്‍ കൂടി നോക്കുമ്പോള്‍ നിനക്ക് ഒടുക്കത്തെ ഗ്ലാമര്‍ !!! പക്ഷെ നേരിട്ട് കാണുമ്പോള്‍ പഴയ ഓഞ്ഞമുഖം തന്നെ " - അവന്‍ അങ്ങനെ സുഖിക്കേണ്ട.

"ഞാനും അത് തന്നെയാ പറയാന്‍ വന്നത്" - അവന്റെ മറുപടി എന്നെ അത്ഭുതപെടുത്തി; ഛെ, അവസാന വാചകം വേണ്ടായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലെല്ലോ ..

പിറ്റേന്നും ഞങ്ങള്‍ കണ്ണാടി നോക്കി ചന്ദനം തൊട്ടു ; ഇത്തവണ ഒരു നോട്ടം സ്വന്തം മുഖത്തേക്കും ഉണ്ടായിരുന്നു. സംഭവം ശരിയാ , ഒരു പൊടിക്ക് സുന്ദരന്‍ ആയിട്ടുണ്ട്‌.. ;  സന്തോഷത്തോടെ ക്ലാസ്സിലേക്ക് മടക്കം.

പിന്നീടുള്ള പല ദിവസങ്ങളും തുടങ്ങിയിരുന്നത് ഞങ്ങളുടെ സുന്ദരമുഖങ്ങള്‍ കണ്ടു കൊണ്ടായിരുന്നു ; അതിന്റെ ഫലം ആദ്യ പീരീഡ്‌ മുതല്‍ അറിയാന് ഉണ്ടായിരുന്നു - ഞങ്ങള്‍ എപ്പോഴും  outstanding students !!!
ഇപ്പൊ പറഞ്ഞത് ഞങ്ങളുടെ ശൈലി,  നിങ്ങള്‍ ചിലപ്പോള്‍ അതിനെ standing-out (പുറത്ത് നില്‍ക്കുന്ന) വിദ്യാര്‍ത്ഥികള്‍ എന്ന് പറയുമായിരിക്കും.  ഞങ്ങള്‍ ഇംഗ്ലീഷ് പഴയ ലിപിക്കാരാ , അതിന്റെ വ്യത്യാസമാ ... അത് വിട്.

ദൈവത്തിന്റെ അത്തരം പരീക്ഷണങ്ങളില്‍ ഒന്നും ഞങ്ങള്‍ തോറ്റില്ല , ഞങ്ങളുടെ സുന്ദരമുഖം കാണാന്‍ വീണ്ടും പോയി , ഒരുപാടു നാള്‍ .
"ഇത് പോലത്തെ കണ്ണാടിയും, കാഴ്ചയും എല്ലായിടത്തും , എല്ലാവര്‍ക്കും കൊടുക്കണേ ഭഗവാനേ " എന്ന് പ്രാര്‍ത്ഥിക്കാറുണ്ടെന്നു പ്രത്യേകം പറയേണ്ടല്ലോ. ഞങ്ങള്‍ അത്രയ്ക്ക്  സ്വാര്‍ത്ഥന്മാര്‍ അല്ല. 

വര്‍ഷം ഒരുപാടായി, ഞങ്ങളിനിയും പോകും; ഞങ്ങളുടെ  സുന്ദരവദനങ്ങള്‍ കാണാന്‍ ...



3.6.12

ത്രാസ്



ആദ്യം കണ്ടപ്പോഴേ ഞാന്‍ പറഞ്ഞതാണ് അതൊരു കള്ളതുലാസാനെന്നു ,അതിലെന്നും ഒരു തട്ട് താണു കിടക്കും.  അന്ന് കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല, എന്നിട്ടും ഒരു ഭ്രാന്തനെ പോലെ ഞാന്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു; ഒരു പക്ഷെ നാളെ നടന്നേക്കാവുന്ന കള്ളതൂക്കത്തിന്റെ ഉള്ളുകളികള്‍ നേരത്തെ ഊഹിച്ചെടുക്കാന്‍ കഴിഞ്ഞത് കൊണ്ടായിരിക്കാം; ആ  മുറിയുടെ കനത്ത ചുവരുകളില്‍ തട്ടി  എന്റെ ശബ്ദം കാലത്തോടൊപ്പം ഇല്ലാതെയായി.
 ഇന്നലെ ആ തൂക്കം നടന്നു , പ്രതീക്ഷിച്ച പോലെ ഒരുതട്ടു താണു കിടന്നു. നമുക്ക് പ്രിയപ്പെട്ടതു , അത് തൂക്കിയത്‌ മറുതട്ടില്‍ ആയിരുന്നു.  പരീക്ഷ എന്ന പ്രഹേളിക, ഒഴിവാക്കാന്‍ ആവില്ല എന്നറിഞ്ഞിട്ടും ആ കള്ളത്തൂക്കത്തില്‍ തന്നെ തൂക്കാന്‍ അനുവദിച്ചത് നിനക്ക് വിശ്വാസം അതിലായിരുന്നു എന്നത് കൊണ്ട് മാത്രമാണ്. ഞാന്‍ ആശിച്ചു പോകുന്നു, ഒരിക്കലെങ്കിലും നിനക്കെന്റെ വാക്കിനു വില നല്‍കാമായിരുന്നു, എനിക്ക് ജയിക്കാനല്ല , നമ്മള്‍ തോല്‍ക്കാതിരിക്കാന്‍. ഏറെ വൈകിയെന്നു വേദനയോടെ ഞാന്‍ മനസിലാക്കുന്നു.