വായനയ്ക്കു ശേഷം ...

മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം

18.10.12

വാശി


"ഹരീ , നീ കുറച്ചു കൂടെ ക്ഷമ കാണിക്കണം"

അറിയാം , പക്ഷേ ...
ചില സമയത്ത് അവരുടെ വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ ...

" കേള്‍ക്കുമ്പോള്‍?! "

അവരിത്ര നാളും എന്തൊക്കെയാ ചെയ്തതെന്നും പറഞ്ഞതെന്നും എനിക്ക് നല്ല ഓര്‍മയുണ്ട്.

"ഡാ , കുറെ നേരമായി നീ 'അവര്‍' എന്ന് പറയുന്നത് നിന്റെ സ്വന്തം പപ്പയും മമ്മിയും ആണെന്ന് ഓര്‍മ വേണം "

നീ പറയുന്ന കേട്ടാല്‍ തോന്നും ഞാന്‍ കഥ പറഞ്ഞതാണെന്ന്; ഉള്ള കാര്യമല്ലേ പറഞ്ഞുള്ളൂ ?!

"ആയിരിക്കാം , പക്ഷേ ഇപ്പൊ നിന്റെ കണ്ണിലേക്കു നോക്കിയാലറിയാം നിന്റെ മനസ്സില്‍ പകയുടെ ഒരു കനല്‍ എരിഞ്ഞു കത്തുന്നുണ്ട് "

കുറച്ചു നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല , ഞാന്‍ മേശപ്പുറത്തിരുന്ന ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചു തീര്‍ത്തു വെറുതെ അങ്ങനെ കുറച്ചു നേരം ഇരുന്നു.

" നമുക്കൊന്ന് ബീച്ച് വരെ പോകാം , സംസാരിച്ചിരിക്കാന്‍ അതാണ്‌ പറ്റിയ സ്ഥലം. " മൂകതയ്ക്ക്‌ ഞാന്‍ തന്നെ വിരാമമിട്ടു.

ഡേവിസ് - എന്റെ സുഹൃത്ത് , കുടുംബഡോക്ടര്‍ , സഹോദരന്‍ , എഴുത്തുകാരന്‍ അങ്ങനെ എന്തൊക്കെയോ ആണവന്‍.

അവന്റെ കാറില്‍ തന്നെ ബീച്ചിലേക്ക് പുറപ്പെട്ടു; സമയം അഞ്ചര ആകുന്നതേയുള്ളൂ . സൂര്യാസ്തമയം കാണാന്‍ ഒരുപാട് പേര്‍ അവിടേക്ക് എത്തിക്കൊണ്ടിരുന്നു.

ബീച്ചിന്റെ പഴയ പ്രതാപമൊക്കെ നശിച്ചിരിക്കുന്നു ; നഗരസഭയുടെ മുഖംമിനുക്കല്‍ പരിപാടിയാണ് ബീച്ച് ഈ കോലത്തിലെങ്കിലും ആക്കിയെടുത്തത്.


പണ്ട് ഈ പൂഴിമണ്ണില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ വരുമായിരുന്നു ഞങ്ങള്‍, ബീച്ചിന്റെ ഒത്ത നടുക്കാവും പലപ്പോഴും പിച്ച്. പ്ലാസ്റ്റിക്‌ കോര്‍ക്ക് പന്ത് കൊണ്ട് ഫുള്‍ടോസ് എറിഞ്ഞ് കൊണ്ടുള്ള കുട്ടി ക്രിക്കറ്റ്‌. അന്നൊക്കെ എത്ര ആഞ്ഞു വീശിയാലും പന്ത് കടലില്‍ വീഴില്ലായിരുന്നു , ബീച്ചിന്റെ വലിപ്പത്തേക്കാള്‍ ഉപരി , വീശിയടിക്കുന്ന കാറ്റ് പന്തിനെ തിരികെ കരയിലെത്തിക്കുമായിരുന്നു. ഒരു തവണയെങ്കിലും സിക്സര്‍ അടിച്ചു പന്ത് കടലില്‍ ഇട്ടാല്‍ സര്‍ബത്ത് എന്ന മോഹനവാഗ്ദാനങ്ങളുമായി പലപ്പോഴും കളിച്ചെങ്കിലും ഒരിക്കലും പന്ത് വെള്ളത്തില്‍ വീണില്ല.
ഇടയ്ക്ക് നേവിക്കാര്‍ വന്നു ഡിസ്ക് എറിഞ്ഞ് കളിക്കുമായിരുന്നു , കടലിലേക്ക്‌ ഊക്കോടെ എറിയുന്ന ഡിസ്ക് ഒരു ബൂമറാങ്ക് പോലെ എറിഞ്ഞിടത്തെക്ക് തിരിച്ചു പറന്നു വരും; അത് നിലത്തു വീഴും മുന്‍പ് പിടിക്കുന്നവന്‍ ആണ് കേമന്‍; ആ അഭ്യാസം കണ്ടു പലപ്പോഴും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.

ഇന്നതൊന്നുമില്ല ; പേരിനു മാത്രമുള്ള ബീച്ചില്‍ അവിടവിടെയായി ചിലര്‍ പട്ടം പറത്തുന്നു. മാഞ്ച കൊണ്ട് ഉയര്‍ന്നു പറക്കുന്ന പല പട്ടങ്ങളുടെ നൂലും അവര്‍ അരിഞ്ഞിടുന്നു ; വെട്ടിപ്പിടിക്കലിന്റെയും കീഴടക്കലിന്റെയും സുഖം അവരുടെ മുഖങ്ങളില്‍ കളിയാടി നിന്നിരുന്നു.

എനിക്കും ആ മുഖഭാവമാണോ ?     

*-*-*-*-*-*

"കപ്പലണ്ടി , കപ്പലണ്ടി , നല്ല ചൂട് കപ്പലണ്ടി - രണ്ടെണ്ണം പത്ത് , രണ്ടെണ്ണം പത്ത് "
 ആ കപ്പലണ്ടിക്കാരന്‍ പയ്യനാണ് ഭൂതകാലത്ത് നിന്ന് എന്നെ തിരികെ കൊണ്ട് വന്നത്. നാശം !

എന്ത് രസമായിരുന്നു പണ്ട്, ആ ഓര്‍മകളില്‍ കുറച്ചു നേരം കൂടെയിരിക്കാന്‍ ഞാന്‍ കൊതിച്ചിരുന്നു.

"ഹരീ , നീ ഒന്ന് റിലാക്സ്ഡ് ആവട്ടെ എന്ന് കരുതിയാണ് ഇത്ര നേരം ഞാന്‍ മിണ്ടാതെയിരുന്നത് , സമയം ആറായി . നീ വേഗം കാര്യം പറ. ആറരയ്ക്ക് മോളുവിനെ ട്യുഷന്‍ ക്ലാസ്സില്‍ നിന്നും കൊണ്ടുവരാന്‍ പോണം.
ഒറ്റയ്ക്ക് വിട്ടാല്‍ ശരിയാവില്ല, കാലം-നാട്ടുകാര്‍ രണ്ടുമത്ര പന്തിയല്ല"

വാ നമുക്ക് തിരിച്ചു നടക്കാം - ഞാന്‍ എഴുന്നേറ്റു നടക്കാന്‍ തുടങ്ങി , കൂടെയവനും.

ഡേവിസേ , നിനക്കറിയാമല്ലോ എന്റെ കാര്യങ്ങള്‍ , എനിക്ക് വാശിയായിരുന്നു , എന്റെ കഴിവുകളെ കണ്ടില്ലെന്നു നടിക്കുന്ന അവരോടു; എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ വേഗത്തില്‍ തല്ലികൊഴിക്കുന്ന എന്റെ വീട്ടുകാരോട് എനിക്ക് എനിക്ക് വാശിയായിരുന്നു , ഒരിക്കലെങ്കിലും അവരുടെ മുന്നില്‍ ജയിച്ചു കാണിക്കണം എന്ന വാശി. ഒരു പക്ഷെ ഇതായിരിക്കും അവരും ആഗ്രഹിച്ചിരിക്കുക്ക , അങ്ങനെയെങ്കിലും ഞാന്‍ നന്നാവട്ടെയെന്ന്.
പരീക്ഷയക്കു 45/50 വാങ്ങി ചെല്ലുമ്പോഴും അവരു പറയും ഗ്രേസിയുടെ മോള്‍ക്ക്‌ 50/50 ഉണ്ടല്ലോ എന്ന്.
 ഗ്രേസിയുടെ മോള്‍ , ശേഖരന്റെ മോന്‍  അങ്ങനെ കുറച്ചു പേരുകള്‍ , എന്റെ ചെറിയ നേട്ടങ്ങള്‍ അവരുടെ വന്‍ വിജയങ്ങളുടെ നിഴലില്‍ ഒന്നുമല്ലാതായി, അല്ലെങ്കില്‍ അവരങ്ങനെ ആക്കി തീര്‍ത്തു.

അന്ന് തുടങ്ങിയ വാശിയാണ് ; ഒരിക്കലെങ്കിലും ഈ പറയുന്ന എല്ലാവരെക്കാളും വലിയവന്‍ ആകണം എന്നൊരു തോന്നല്‍, അത് ദിനം കഴിയുന്തോറും ശക്തമായി കൊണ്ടിരുന്നു, അങ്ങനെ ഒരു ദിവസത്തിനായി കാത്തിരിക്കാന്‍ തുടങ്ങി. സത്യത്തില്‍ ഈ പറയുന്ന ആരോടും എനിക്ക് വിരോധം ഉണ്ടായിരുന്നില്ല !!!

ദൈവം സഹായിച്ചു ഇന്നെന്റെ സ്വപ്നം സാക്ഷാത്കരിച്ചുവെങ്കിലും മനസിലേറ്റ മുറിവുകള്‍ ഉണങ്ങാതെ ചോരയോലിച്ചു കിടക്കുന്നു.

*-*-*-*-*-*

അച്ഛനാണെങ്കില്‍ ഒരു കാര്യം മൂന്ന് പ്രാവശ്യം ചോദിക്കും , ചെവി കേള്‍ക്കാത്ത പോലെ ഒരഭിനയവും ; പറയുന്നത് ശ്രദ്ധിക്കാഞ്ഞിട്ടാ.  എനിക്കൊരു കാര്യം വീണ്ടും വീണ്ടും ചോദിക്കുന്നത് തീരെ ഇഷ്ടമല്ല, പിന്നെ റോഡ്‌ ക്രോസ് ചെയ്യുമ്പോള്‍ മാത്രമുള്ള ഒരു സ്ലോമോഷന്‍ നടത്തം , നാട്ടുകാര്‍ വിചാരിക്കും എന്തോ വലിയ അസുഖക്കാരന്‍ ആണെന്ന്, എന്നാ വല്ല അസുഖവുമുണ്ടോ , അതൊട്ടില്ല താനും; പിന്നെ എന്തിനാ ഈ അഭിനയം?!
അമ്മയ്ക്കാണെങ്കില്‍ സുപ്രീംകോടതി ജഡ്ജി ആണെന്നാ വിചാരം , എല്ലാ കാര്യങ്ങളും പറഞ്ഞു ബോധ്യപെടുത്തി കൊടുക്കണം. ഹാര്‍ട്ട്‌പേഷ്യന്റ് ആയതു കൊണ്ട് സൂക്ഷിച്ചു മാത്രമേ വാ തുറക്കാനും പറ്റു ..നേരെ വാ നേരെ പോ , അതാണ് എന്റെ സമ്പ്രദായം, അധികം വളച്ചു ചുറ്റലും മിനുസപെടുത്തലും ഒന്നും എന്നെ കൊണ്ട് പറ്റില്ല, ഉള്ള കാര്യം അങ്ങോട്ട്‌ പറയും ; അതിനും പരാതി.

" ഹരീ , നിന്റെ എല്ലാ തോന്ന്യാസങ്ങളും സഹിച്ചു നിന്നെ വളര്‍ത്തി വലുതാക്കിയത് ഇവരാണെന്നു നീ മറക്കരുത്"

അപ്പളേ ഡോക്ടറേ ,  നിന്നെ പോലുള്ള എല്ലാ ഉപദേശികളും സ്ഥിരം പറയുന്ന കാര്യമാണിത്. എടാ , എനിക്കും ഒരു മോനില്ലേ , അവന്റെ കുസൃതിക്കും കുറുമ്പിനും വല്ല കുറവുണ്ടോ? പക്ഷെ അവനോടു ഞാന്‍ ഇങ്ങനെ എപ്പോഴെങ്കിലും പെരുമാറി കണ്ടിട്ടുണ്ടോ നീ?! കൊച്ചു കുഞ്ഞുങ്ങളോട് നമുക്കെന്നും ഒരു മമതയുണ്ടാകും.

"നിന്നെ ഭരിക്കാന്‍ വരാത്തത് കൊണ്ടായിരിക്കും"
ആവാം!

"ഭരിക്കപ്പെട്ടിരുന്നവന്‍ ഭരണകര്‍ത്താവായി രൂപാന്തരം പ്രാപിക്കുമ്പോള്‍ ഉണ്ടാകുന്ന ആശയക്കുഴപ്പം -അതാണ്‌ നിന്റെ പ്രശ്നം; അധികാരം കൈവിട്ടവര്‍ അരക്ഷിതരായി നിന്റെ നേരെ നോക്കുമ്പോള്‍ നീ അവരെ കാണുന്നില്ല , അവരുടെ ഭൂതകാലത്തെ മാത്രമേ കാണുന്നുള്ളൂ ... നീ നിന്റെ മാതാപിതാക്കളെ കാണുന്നില്ല , നിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്ത എതിരാളികളെ മാത്രമേ നീ അവരില്‍ കാണുന്നുള്ളൂ. അത് ശരിയാവില്ല . നീ ഒരു മനുഷ്യനായി ചിന്തിക്കു. കുടുംബവും , ബന്ധുക്കളും അടങ്ങുന്ന ചങ്ങലയിലെ ഒരു കണ്ണിയായി മാറാന്‍ ശ്രമിക്കു, അതല്ലെങ്കില്‍ നിനക്ക് നഷ്ടങ്ങളെ ഉണ്ടാകൂ, നീ എല്ലാം മനസിലാക്കി വരുമ്പോഴേക്കും ഒരുപാട് വൈകും

നീ പറയും പോലെ ആകണമെന്നില്ല കാര്യങ്ങള്‍ , അവര്‍ക്ക് പ്രായമായി വരികയല്ലേ, ചിലപ്പോള്‍ ശാരീരികമായി അസുഖം ഒന്നുമില്ലെങ്കിലും മനസ്സില്‍ അങ്ങനെ തോന്നല്‍ ഉണ്ടാകും, കൊച്ചുകുട്ടികള്‍ ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു ക്യരെക്ടര്‍ ആയി വളരുന്നവരാണ്, അതിനു ഒരു ആകൃതി വരുത്താന്‍ എളുപ്പമാണ് , കുഴച്ച കളിമണ്ണ് കൊണ്ട് പാത്രം   ഉണ്ടാക്കുന്ന പോലെ ; പക്ഷെ അതുപോലെയല്ല വൃദ്ധരായഅച്ഛനമ്മമാര്‍ ; അവര്‍  ഉരുക്ക്കമ്പി പോലെയാണ് , അവര്‍ക്ക് ഒരു ആകൃതിയും പ്രകൃതിയും ഉള്ളവരാണ് , അത് മാറ്റിയെടുക്കുക പ്രയാസമാണ്, ഒരുപക്ഷെ മാറ്റാന്‍ ശ്രമിച്ചാല്‍ അവര്‍, അവര്‍ അല്ലാതായി തീര്‍ന്നേക്കാം."
 
മതി നിന്റെ സാരോപദേശം. ഒരു കാര്യം ചെയ്യ് , "അസുരന്റെ ജല്പനങ്ങള്‍" എന്ന് പേരില്‍ ഇത് നീ ഒരു കഥയായെഴുത്ത്‌ , നിന്റെ കേസ്സ്റ്റഡിയും , റിപ്പോര്‍ട്ടും , ഉപദേശങ്ങളും ഒക്കെ ചേര്‍ത്ത് ഒരു പുസ്തകം ആയി ഇറക്കു; ഞാനത് വാങ്ങി വായിച്ചു നന്നായിക്കൊള്ളാം  ,എന്നെ പോലുള്ള ബാക്കിയുള്ളവരും കൂടെ നന്നാവും.

ഡേവിസ് വെറുതെ ചിരിച്ചതെയുള്ളൂ - ഈ ചിരിയിലാണ് മേരി വീണുപോയത്.

*-*-*-*-*-*

ജീവിതത്തില്‍ ലക്ഷ്യം ആയി കരുതിയിരുന്ന പലതും മാറ്റേണ്ട സമയമായി , ഇനി ഞാന്‍ എന്തെന്ന് തെളിയിക്കേണ്ട ആവശ്യമില്ല, അല്ലെങ്കിലും അതെങ്ങനെ തെളിയിക്കാന്‍! പക്ഷെ അവന്‍ പറഞ്ഞ പോലെ ഒരു രൂപാന്തരം ആവശ്യമാണ്‌, വൈകും മുന്‍പേ.

ശരിതെറ്റുകള്‍ അളക്കാന്‍ ഇനിയെത്ര സമയം ബാക്കിയുണ്ടെന്ന് അറിയില്ല ; അതിനു ശ്രമിച്ചിട്ടും പ്രയോജനമൊന്നും ഇല്ല. മനസിലെ പകയുടെ കനലുകളില്‍ സ്നേഹത്തിന്റെ നനവ്‌ പടരണം. ഇത് വരെ പഠിച്ച ഭാഷകള്‍ അല്ല , ഇനി പഠിക്കാനിരിക്കുന്ന ഹൃദയത്തിന്റെ ഭാഷ കൊണ്ടേ ഇനി കാര്യമുള്ളൂ. ഈ പൊരി വെയിലില്‍ ഒരു തണല്‍ വൃക്ഷമാണാവശ്യം , ഒരു പടുകൂറ്റന്‍ ആല്‍മരമായി വളരണം...

വീണ്ടും കണ്ണിലേതോ കോണില്‍ ഒരു വാശി മിന്നിമറഞ്ഞില്ലേ?!

ഭാഗ്യം , ഇത്തവണ ഡേവിസ് അതുകണ്ടില്ല; അവന്‍ കാര്‍ ഓടിക്കുന്ന തിരക്കിലായിരുന്നു.

*-*-*-*-*-*



{ നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപെടുത്താം .  നന്ദി }

10 comments:

  1. ഒന്നൊന്നര വാശിയായി പോയല്ലോ മാഷെ.

    ReplyDelete
  2. ഒരു അടുക്കും ചിട്ടയും വന്നു..!! സഭാഷ് ..!!! ഉയരട്ടെ ഉയരങ്ങളിലേക്ക്

    ReplyDelete
  3. നന്നായിട്ടുണ്ട്. മനസ്സിലെ ഭാവങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വിജയിച്ചു. ചിലപ്പോള്‍ നമുക്കങ്ങനെ കഥയെഴുതാം. മനസ്സിലെ ഒരു ഭാവത്തെ മാത്രം കേന്ദ്രീകരിച്ചു. ആ രീതിയുടെ ഒരു പോരായ്മ അതില്‍ ഒരു 'കഥ'യുണ്ടാകില്ല എന്നതാണ്. ആ ഭാവവും അതിലേക്കു നയിച്ച സംഭവവും മാത്രമായി ഒതുങ്ങി നില്‍ക്കും . ആ ഒരു കുറവുണ്ട്. നല്ല ഭാഷയാണ്‌. ഭാവുകങ്ങള്‍

    ReplyDelete
  4. വാശിയും ഭാഷയുമൊക്കെ കൊള്ളാം . അവസാനമെത്തിയപ്പോഴേക്കും വാശിയുടെ മൂര്‍ച്ച കുറഞ്ഞുപോയോ എന്ന് സംശയമില്ലാതില്ല .

    ReplyDelete
  5. ഒരു പ്രായത്തിൽ ഈ വാശി എന്നിക്കുണ്ടായിരുന്നു, സ്നേഹിക്കുന്നവരെ ഒക്കെ വെറുക്കുന്ന ഒരു തരം സ്വഭാവം, പിന്നീട് അതൊക്കെ മാറി, അല്ല ചിന്ത തന്നെ മാറി
    നന്നായി പറഞ്ഞു

    ReplyDelete
  6. KEEP WRITING. DO NOT ASK ANYONES FEEDBACK. THAT IS LIKE WRITING AN EXAMINATION. YOU ARE NOT WRITING FOR ANYONE BUT FOR YOU. YOU ENJOY 100% OF IT. WRITE AND WRITE AND WRITE. YOU WILL FIND THE BEST WAY IN THIS WAY. I ENJOYED IT. MAY BE YOU ARE KITCHU KUTTAN FOR ME. NO IT DESERVE AN APPLAUD. KEEP WRITING. CAN YOU TRANSLATE TO ENGLISH ALSO LIKE MADHAVIKUTTY SO THAT MORE WILL READ IT.
    ALL THE BEST

    ReplyDelete
  7. ഒന്ന് തീരുമാനിക്കുന്നു
    അതിന് ഉപോല്‍ബലകമായ വാദങ്ങള്‍ കണ്ടെത്തുന്നു
    അങ്ങനെയാണ് കാര്യങ്ങളുടെ പോക്ക്. അല്ലേ?

    കഥ നന്നായിട്ടുണ്ട്.

    ReplyDelete
  8. നന്നായിട്ടുണ്ട്... എഴുത്ത് തുടരുക. ആശംസകള്‍

    ReplyDelete
  9. എന്തൊരു വാശിയാണ്.. ഇപ്പോള്‍ എന്റെ ദേഷ്യം ആണ് ഓര്‍മ്മ വരുന്നത്.. അത് ഇപ്പറഞ്ഞതുപോലെയോക്കെ ആയിരുന്നു.. ഇപ്പോള്‍ എല്ലാം മാറി... നന്നയിരിക്കുന്നു.. ആശംസകള്‍

    ReplyDelete

എന്റെ ഈ കുത്തിക്കുറിക്കലുകൾക്കായി സമയം ചെലവിട്ടതിന് നന്ദി . താങ്കളുടെ അഭിപ്രായം , അതെന്തു തന്നെയായാലും ഇവിടെ രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.