വായനയ്ക്കു ശേഷം ...

മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം

27.4.13

ശലഭങ്ങൾ

അവനു ചിത്രശലഭങ്ങളെന്നാൽ ജീവനായിരുന്നു.  രാവിലെ തൊടിയിലിറങ്ങി ഒരുപാട് നേരം അവയെ നോക്കി ഇരിക്കുമായിരുന്നു ; അവർക്കായി തേനൂറുന്ന പലതരം പൂക്കൾ അവന്റെ തൊടിയിൽ ദിനവും പൂത്തിരുന്നു. ചിലതവന്റെ കവിളിൽ തലോടി പാറിപറക്കും , മറ്റു ചിലതവന്റെ തലയിലും കൈകളിലും വന്നിരുന്നു ചിറകുകൾ വീശും. 
വഴിപോക്കർ പലരുമവന്റെ ഉദ്യാനത്തിലെ അപൂർവസുന്ദരമായ ഈ കാഴ്ചകൾ കണ്ടിരുന്നു; ചിലവരെ അനുകരിച്ചു വീട്ടിലൊരു പൂന്തോട്ടമൊരുക്കി , ചിലർ കടലാസു പൂക്കൾ വാങ്ങി സുഗന്ധദ്രവ്യങ്ങൾ പൂശി ; അവിടെയൊന്നും ചിത്രശലഭങ്ങൾ വന്നില്ല. അവയിലൊന്നും മധുവുണ്ടായിരുന്നില്ല. 

ചിലർ രഹസ്യമായി മതിൽ ചാടിക്കടന്നു അവന്റെ തൊടിയിലെത്തി ; അവിടവിടെയായി വർണ്ണച്ചിറകുകൾ വീശി ചില ശലഭങ്ങൾ പറന്നിരുന്നു , അവയുടെ പിന്നാലെ ചെന്ന് പിടിക്കാൻ നോക്കി ചിലർ ; പ്രാണനെക്കരുതി അവ തെന്നിപ്പറന്നകന്നു. ചിലവയ്ക്ക്  വേഗത കുറവായിരുന്നു, അവയെ ചിലർ പിടികൂടി , ചിലതിനെ ചെറിയ പാത്രങ്ങളിലാക്കി അവർ കൊണ്ടു പോയി; ചിലത് ചിറകുകൾ അതിദ്രുതം വീശി പറന്നു പോകാൻ ശ്രമിച്ചു ; ആഗമനോദ്യേശം നടപ്പില്ലെന്നുറപ്പായപ്പോൾ അവറവയുടെ ചിറകുകൾ പറിച്ചെറിഞ്ഞു. അടുത്ത ദിനവും അതാവർത്തിച്ചപ്പോൾ ശലഭങ്ങൾ വരാതെയായി.  
 
 ഇതൊന്നുമറിയാതെ അവനാ ഉദ്യാനത്തിൽ അവരെ കാത്തു കുറെ നേരമിരുന്നു . അവരെ കാണാതായപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വീണ്ടുവർ രഹസ്യമായി അവിടെയെത്തി , വഴിതെറ്റിയെത്തിയ ചില ശലഭങ്ങളെ പിടിച്ചു കൊണ്ട് പോയി . അവനവരെ വഴിക്ക് വെച്ച് കണ്ടു , അവന്റെ ശലഭങ്ങളെയും - മരപ്പലകയിൽ ചിറകുകൾ വിടർത്തിയ നിലയിൽ പിന്നു തറച്ചു
വെച്ചിരിക്കുകയായിരുന്ന അവയിൽ നിന്ന് ജീവൻ വിട്ടകന്നിട്ടു ഏറെ നേരമായിരുന്നു .  പ്രിയപ്പെട്ട ശലഭങ്ങളുടെ മരണം അവനെ കോപാന്ധനാക്കി; കയ്യിൽ കിട്ടിയ 
 ഉരുളൻ കല്ലെടുത്ത്‌ അവരുടെ തലക്കടിക്കാൻ നോക്കിയ അവന്റെ പിഞ്ചുകൈകൾ അവന്റെ അമ്മാവന്റെ ബലിഷ്ഠമായ കൈകൾക്ക് മുന്നിൽ തോറ്റു പോയി.
   
ദിവസങ്ങളൊരുപാട് കഴിഞ്ഞു ; വീണ്ടും ശലങ്ങൾ അവിടെ പാറി നടക്കാൻ തുടങ്ങി. പക്ഷെ അവയൊന്നും അവന്റെ കവിളിൽ തലോടിയില്ല , തലയിലും കയ്യിലുമിരുന്നില്ല.
മനുഷ്യഗന്ധമേൽക്കുന്നതോടെ അവയെല്ലാം പാറിയകന്നു തുടങ്ങി . അവരന്നും ആ വഴി വന്നു ; ശലഭങ്ങളെ കണ്ടു . അവൻ കാണാതെ അവരാ പൂന്തോട്ടത്തിൽ എത്തി; അവയെല്ലാം പാറിയകന്നു പോയി .  കലിപൂണ്ട മൃഗങ്ങൾ ചുറ്റുമൊന്നു നോക്കി ; ഇല്ല ഒരു ശലഭം പോലുമില്ല.
    

തെക്കൻകാറ്റിൽ ആടിയുലഞ്ഞ തെച്ചിയുടെ ഇലകളവർ അപ്പോഴാണ്‌ ശ്രദ്ധിച്ചത് . പലതിനടിയിളുമുള്ള കൊക്കൂണുകൾ ആ കാറ്റത്ത് പാറിപ്പറന്നിരുന്നു. അവരുടെ കൈകളവയെ ഇലയിൽ നിന്നു വേർപ്പെടുത്തി, ഒന്ന് രണ്ടെണ്ണം തോട് പൊളിച്ചു നോക്കി; അവർ തേടിയ ശലഭങ്ങളെ കാണാതായപ്പോൾ ബാക്കിയുള്ളവ നിലത്തിട്ടു ചവുട്ടിയരച്ചു. തിരികെ വന്നയവനെ വരവേറ്റത് അവന്റെ പ്രിയപ്പെട്ട ശലഭങ്ങളുടെ മൃതിപൂകിയ കുഞ്ഞുങ്ങളായിരുന്നു.  

വർഷങ്ങൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു. ഇന്നാ വീടിന്റെ പടികയറി വരുമ്പോൾ അവനെ കാത്തിരിക്കുന്നത് അവന്റെയച്ചൻ ക്യാമറയിൽ പകർത്തിയ, ശലഭങ്ങളോടൊപ്പമുള്ള അവന്റെ പഴയ വർണചിത്രങ്ങളാണ്.  

അന്നവന്റെ വെളുത്ത ഷർട്ടിൽ പുരണ്ട ചോരക്കറകൾ എല്ലാം ചുവന്ന നിറത്തിലുള്ളതായിരുന്നുവെന്നു ആയവസരത്തിൽ അവളോർത്തു അത്ഭുതം കൊണ്ടു!    

6 comments:

  1. Replies
    1. ശലഭങ്ങളെ തേടി വന്നതിനു നന്ദി.
      വീണ്ടും വരിക

      Delete
  2. ആദ്യമായാണ്‌ ഇവിടെ - ആശംസകൾ ... എഴുത്തിന്റെ പാളിച്ചകൾ എഴുത്തുകാരന് അറിയാം എന്നാണെന്റെ വിശ്വാസം .

    ReplyDelete
    Replies
    1. ശലഭങ്ങളെ തേടി വന്നതിനു നന്ദി ; തെറ്റകൾ ചൂണ്ടികാണിക്കുന്നതിൽ പിശുക്ക് കാണിക്കരുത് എന്നൊരു അഭ്യർത്ഥന കൂടി നന്ദിക്കൊപ്പം ചേർക്കുന്നു .
      വീണ്ടും വരിക

      Delete
  3. അവസാനിപ്പിച്ഛിടത്ത് അല്പം ആശയക്കുഴപ്പം തോന്നിയത് എനിക്കുമാത്രമാണോ?

    ReplyDelete
    Replies
    1. ശലഭങ്ങളെ തേടിപ്പിടിച്ചു കൊല്ലുന്നവർ എല്ലാ വിഭാഗത്തിലും ഉണ്ട് എന്നായിരുന്നു ഉദ്ദേശം (പൊതുവെ കഥ തന്നെ പലർക്കും മനസിലായില്ല എന്നാണ് എനിക്ക് മനസിലാകുന്നത് ; ബിനലെ ഷോ പോലെ ആയി )

      Delete

എന്റെ ഈ കുത്തിക്കുറിക്കലുകൾക്കായി സമയം ചെലവിട്ടതിന് നന്ദി . താങ്കളുടെ അഭിപ്രായം , അതെന്തു തന്നെയായാലും ഇവിടെ രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.