മരിച്ചവരുടെ കണ്ണുകൾ കണ്ടിട്ടുണ്ടോ നീ?
അതെന്താ ഇപ്പൊ ഇങ്ങിനെ ഒരു ചോദ്യം?
അനിൽ അവൻ്റെ മുഖത്തേക്ക് നോക്കി.
ഹാ, ഉണ്ടോന്ന് പറ?
അവൻ്റെ മുഖത്ത് കുറച്ചൊരു അക്ഷമ കണ്ടു..
ഉണ്ട്, എന്ന് തോന്നുന്നു. ഓർമയില്ല. എന്തിനാ ?
അതിൻ്റെ നിറം എന്താണെന്ന് അറിയാമോ?
അവൻ വീണ്ടും ചോദിച്ചു
ഇല്ല.
അനിലിന് ഉത്തരം പറയാൻ തീരെ താല്പര്യം ഇല്ലായിരുന്നു. അവൻ പതിയെ കട്ടിൽ നിന്ന് എഴുന്നേറ്റു ജനലിന്റെ അടുക്കൽ ചെന്ന് നിന്ന് പുറത്തെ കായൽ കാഴ്ചകളിലേക്ക് നോക്കി നിന്നു.
പുറത്ത് മഴക്കാറുണ്ടോ? അതോ എൻ്റെ കണ്ണടിച്ചു പോയതാണോ?
ഹരി വീണ്ടും ചോദ്യങ്ങൾ തുടർന്നു.
ഒന്ന് പോടാ, ആകെ മൂടി നിൽക്കുവാ.
അനിൽ വിഷയം മാറ്റാൻ എന്ത് വേണമെന്ന് ആലോചിക്കുവായിരുന്നു.
അനിലേ, കുവൈറ്റിൽ നേഴ്സ് ആയ നിനക്കു മരിച്ചവരുടെ കണ്ണിൻറെ നിറം അറിയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
വെള്ള. അല്ലെങ്കിൽ കുറച്ച് നീല കലർന്ന വെള്ള. എന്തേയ് ?
ങാ, അതിൻ്റെ കാരണം അറിയാമോ?
അറിയാം.
എന്താ?
കണ്ണിൻറെ പല ലയറുകളും ...
പോടാ മണ്ടാ , അത് നിൻറെ സയൻസ്. ശരിക്കും കാരണം വേറെയാ.
ഓഹോ, എന്താണാവോ? അനിൽ കസേര വലിച്ചിട്ട് ഇരുന്നു.
അങ്ങിനെ ചോദിക്കു.. നമ്മുടെ വിശ്വാസമനുസരിച്ചു മരിച്ചവരുടെ ആത്മാവ് എവിടെ പോകും?
സ്വർഗത്തിൽ , അല്ലെങ്കിൽ നരകത്തിൽ.
അത് അവസാനം, മോക്ഷത്തിന് സമയമാകുമ്പോ. പുനർജ്ജനി എന്ന് കേട്ടിട്ടില്ലേ?
മതി , എങ്ങോട്ടാ കാട് കേറി? ഇവിടുന്നു എന്ന് ഇറങ്ങാൻ പറ്റും. എനിക്ക് വെള്ളിയാഴ്ച പോണം.
അറിയാടോ , അത് വരെയൊന്നും തന്നെ കാത്തിരിപ്പിക്കില്ല.
ഡാ , ഡാഷ് മോനെ .
നാവു വളച്ചാൽ ഇങ്ങനത്തെ വർത്തനമേ ഉള്ളൂവല്ലേ? വെറുതെയല്ല..
വെറുതെയല്ല ? ബാക്കി പറയടാ...
ഹരി അവൻ്റെ കണ്ണിലേക്ക് രൂക്ഷമായി നോക്കി.
ആ വിട്.
ആ വിട്ടു , നമുക്ക് പറഞ്ഞോണ്ടിരുന്നത് മുഴുവനാക്കാം. പുനഃർജ്ജനി - വീണ്ടും ഓരോ ജീവികളായി നമ്മൾ ജനിക്കും.
വ്വോ! സാറെ , അവസാനത്തെയാണ് മനുഷ്യജന്മം.
ആണോ? ചിലപ്പോ ശരിയായിരിക്കും. പക്ഷെ കണക്കൊക്കെ നോക്കിയിട്ട് ടാലി ആക്കിയിട്ടല്ലേ ഇതൊക്കെ നടക്കൂ.
"മ് മ്"
അനിൽ വെറുതെ ഒന്ന് മൂളി.
അപ്പൊ തിരിച്ചു ആദ്യത്തെ ചോദ്യത്തിലേക്ക്. എന്താണ് ആ നിറം വരുന്നത്?
നീ പറ.
ഹരിയോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് അനിലിന് അറിയാം.
പ്രാണൻ വിട്ടു പോകുന്നതിനു തൊട്ടു മുൻപുള്ള കാഴ്ച , അതി ഗംഭീരമാണ്.
നമ്മൾ കിടക്കുന്ന സ്ഥലത്ത് നിന്നു സൂം ഔട്ട് ചെയ്ത പോലെ നമ്മൾ പിന്നോട്ട് ഒരു പോക്കാണ്.
നമ്മുടെ ജീവിതത്തിൽ കൂടെ ഉണ്ടായിരുന്നവരെയൊക്കെ നമുക്ക് ആ സമയത്തെ മായകാഴ്ചയിൽ കാണാം.
അങ്ങിനെ പിന്നോട്ട് പോയി പോയി പ്ലെയിനിൽ നിന്നു കാണുന്ന പോലെ ..
വെള്ള മേഘങ്ങൾക്കിടയിലൂടെ അങ്ങിനെ അങ്ങിനെ പോകും , ചിലയിടത്ത് നീല ഭൂമി കാണാം. ആ കാഴ്ച നമ്മുടെ കണ്ണിൽ പ്രതിഫലിക്കുന്നതാണ്, അതാണ് ആ നിറം.
നീ വിശ്വാസമില്ലെങ്കിൽ മരിച്ചയാളുടെ കണ്ണിലേക്കു ഒരു ലെൻസോ മറ്റോ വെച്ച് നോക്കൂ. പെർസിസ്റ്റൻസ് ഓഫ് വിഷൻ - കുറച്ചു നേരത്തേക്ക് ആ കാഴ്ച കാണാം.
ഓഹോ പണ്ഡിതാ, ഈ വെള്ള മേഘമൊക്കെ കഴിഞ്ഞാൽ ശൂന്യാകാശം. അത് മൊത്തം ഇരുട്ടാ. അപ്പൊ നിൻറെ തിയറി തെറ്റിയില്ലേ?
ഇതാണ് നീ വെറും പൊട്ടനാണെന്ന് പറയുന്നത്. ഈ യമകിങ്കരന്മാർ നമ്മുടെ കണ്ണ് കെട്ടും മേഘങ്ങൾക്കിടയിൽ വെച്ച് . അവസാന കാഴ്ച തലച്ചോറിലെ പോലെ കണ്ണിലും അങ്ങിനെ പ്രതിഫലിച്ചു നിൽക്കും.
അതെന്തിനാണാവോ? ഹരിയുടെ ഭ്രാന്തുകൾ കേൾക്കാൻ അനിലിന് പലപ്പോഴും ഇഷ്ടമാണ്. ഒരു പക്ഷെ അവനു മാത്രമേ അത് ഇഷ്ടമാകാറുള്ളൂ.
സിമ്പിൾ. മരണത്തിൽ നിന്നു ചിലർ തിരിച്ചു വന്നു എന്നൊക്കെ കേട്ടിട്ടില്ലേ? അവന്മാരു ഓർമയിൽ നിന്നു റൂട്ട് തപ്പിയെടുത്ത് വല്ല എലോൺ മസ്കിനോ , ജെഫ് ബെസോസിനൊ കൊടുത്താൽ തീർന്നില്ലേ? ഇവന്മാര് പിന്നെ അങ്ങോട്ട് റോക്കറ്റ് വിട്ടു മരിച്ചവരെ തിരിച്ചു കൊണ്ട് വരാൻ നോക്കും.
അനിൽ എന്ത് പറയണമെന്ന് അറിയാതെ കുറെ നേരം അവൻ്റെ മുഖത്തേക്ക് നോക്കിയിരുന്നു. പിന്നീട് അവൻ്റെ ചുണ്ടിലൊരു കോണിൽ ചെറുപുഞ്ചിരി വിടർന്നു.
ഇനി വേറൊന്നു ചോദിക്കട്ടെ?
ഹരി വീണ്ടും അനിലിനെ നോക്കി.
ആ ചോദിക്കു..
ഈ വിരസമായ ആശുപത്രി റൂമിൽ വേറെ നേരമ്പോക്ക് ഒന്നുമില്ല. അനിൽ തലയാട്ടികൊണ്ടു പറഞ്ഞു.
ഞാൻ എങ്ങാൻ പോയാൽ എൻ്റെ കണ്ണിനു എന്ത് നിറമാകും?
ബ്രൗൺ. ആ നിറത്തിലുള്ള കണ്ണുള്ളവരുടെ നിറം മാറാറില്ല.
എൻ്റെ പൊന്നു നേഴ്സ് സാറെ. സയൻസ് വിട്ടില്ലേ?
പിന്നെന്താ നീ പറ?
വെള്ളയും നീലയും തന്നെ.
ഓഹോ , അപ്പൊ എല്ലാരേം കണ്ടിട്ടേ പോകൂ എന്നാണോ ?
ഡാ , ... ആശുപത്രിയിൽ കിടക്കുന്നവനോട് ഇങ്ങിനെ ഒക്കെ തുറന്നടിച്ചു പറയാമോ? അനിലിൻറെ കയ്യിൽ മെല്ലെ തട്ടി കൊണ്ട് ഹരി ചിരിച്ചു.
" നിന്നോട് പറയാം. കാരണം ദുഷ്ടന്മാർ പെട്ടന്ന് പോകില്ല എന്ന് കേട്ടിട്ടുണ്ട്."
രണ്ടു പേരും കുറെ നേരം കുലുങ്ങി ചിരിച്ചു.
"ഇതിനാടാ നിന്നെ സർവ ചെലവും വഹിച്ചു ഞാൻ കൊണ്ട് വന്നത്. " അവൻ അനിലിൻറെ കയ്യിൽ മുറുകെ പിടിച്ചു.
ഹരിയുടെ കൈക്ക് പഴയ മുറുക്കമില്ലാത്തത് അനിൽ ശ്രദ്ധിച്ചു.
ഞാൻ കാണുന്നത് അവരെ ഒന്നുമല്ല. കുറെ നാളായി എന്റേതെന്ന് പറയാൻ വീട്ടിലെ മതിലിൽ പടർത്തിയ ആ വള്ളിചെടി മാത്രമേ ഉള്ളൂ. അതിൽ നല്ല വയലറ്റ് പൂക്കൾ ഉണ്ടാകുമെന്നു പറഞ്ഞു അവൻ എന്നോട് 250 രൂപ വാങ്ങിയതാണ്, ചെടി ഒന്നിന്. അത് കാണണം എന്നുണ്ട്.
മ് മ് മ്
അനിൽ ഒന്ന് നീട്ടി മൂളുക മാത്രം ചെയ്തു. കുറെ നേരം എന്തൊക്കെയോ ആലോച്ചിച്ചു ആ കട്ടിലിന്റെ അരികിൽ തന്നെ ഇരുന്നു.
ഓർമയിൽ നിന്നു ഉണർന്നപ്പോൾ അനിൽ ഒന്ന് മുന്നോട്ടാഞ്ഞൂ ഹരിയെ നോക്കി.
വിജനമായ വരാന്തയിലൂടെ തിരിച്ചു താഴേക്ക് നടക്കുമ്പോൾ ഹരിക്കുള്ള മരുന്നുമായി ഇടനാഴിയുടെ അങ്ങേയറ്റത്ത്ത് സിസ്റ്റർ പ്രത്യക്ഷപെട്ടു..
പെർസിസ്റ്റൻസ് ഓഫ് വിഷൻ ആണത്രേ! പുല്ലൻ. അവൻ്റെ വാക്ക് വിശ്വസിക്കാൻ ഞാനും.
അനിൽ പിറുപിറുത്തതോണ്ട് നടന്നു.
എന്തെങ്കിലും പറഞ്ഞോ? സിസ്റ്റർ അനിലിൻറെ മുഖത്തേക്ക് നോക്കി.
വെളുത്ത മതിലിൽ പടർന്നു നിൽക്കുന്ന ചെടിയിലെ ആ വയലറ്റ് പൂക്കൾ അവർ കാണുമോ?
അറിയില്ല.