വായനയ്ക്കു ശേഷം ...

മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം

15.9.13

പൊന്നി

എന്തിനാണീ പാതിരാത്രി ഇറങ്ങിപ്പുറപ്പെട്ടതെന്ന ചോദ്യം അപ്പോഴും മനസിന്റെ ഏതോ കോണിൽ കിടന്നു കറങ്ങുന്നുണ്ടായിരുന്നു. ബൈക്ക് പാർക്ക്‌ ചെയ്തു വീട്ടിലേക്കു നടക്കുമ്പോൾ സെക്യൂരിറ്റിക്കാരൻ അണ്ണാച്ചി പതിവ്പോലെ കൂർക്കംവലിച്ചുറക്കമായിരുന്നു. ഉറക്കം അയാളെ സംബന്ധിച്ചിടത്തോളം സങ്കൽപ്പികമായ മറ്റൊരു ലോകത്തിലേക്കുള്ള കൂടുമാറ്റമാണ്; മോഹഭംഗങ്ങളും നിരാശയും കുത്തിയൊലിച്ചു വന്നിട്ടും അതിലൊന്നും മുങ്ങിമരിക്കാതെ ജീവനോടെ ഇരിക്കുന്നത് തന്നെ ഈ സ്വപ്നാടനത്തിനാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. അയാളുടെ ശരിയായ പേര് അണ്ണാദുരൈ എന്നോ മറ്റോ ആണ് ; ഞങ്ങൾ നാലുവീട്ടുകാർക്കും അയാൾ വെറും അണ്ണാച്ചിയാണ്.

എന്റെ കൈകൾ അപ്പോഴും നന്നായി വിറച്ചു കൊണ്ടിരുന്നു.


ഈ ഉദ്യാന നഗരിയെ മൂടി നിൽക്കുന്ന മഞ്ഞിന്റെ ആവരണത്തെ എനിക്കിഷ്ടമാണ് ; വെളിച്ചെണ്ണ കട്ടപിടിച്ചു പോകുമെന്ന കാര്യത്തിലൊഴിച്ചു മറ്റൊരിക്കലും ഞാനതിനെ കുറ്റം പറഞ്ഞിട്ടില്ല. രാത്രിയിൽ നേർത്ത മഴത്തുള്ളികളുടെ മറവിൽ ശരീരത്തിന്റെ സൂക്ഷ്മതകളിലേക്ക് ആഴ്ന്നിറങ്ങുന്ന തണുത്തുറഞ്ഞ ദ്രംഷ്ടകൾ പകൽ വെളിച്ചത്തിൽ അതി സമർഥമായി ഒളിച്ചുവെക്കുന്നു ഈ നഗരം ; ഞാനതീ രാത്രി മനസിലാക്കുന്നു. ചാറ്റൽ മഴയത്ത്  ഇരുൾ കട്ടപിടിച്ചു  കിടന്ന വീഥിയുടെ ഓരോ കോണിലും ഒരാൾപ്പെരുമാറ്റത്തിനു കാതോർത്തു വൃഥാവിലാണെന്നറിഞ്ഞിട്ടും ഒരു കറക്കം.
 വാതിൽ തള്ളിത്തുറന്നകത്ത് കയറും മുൻപ് അടുത്ത വീടിന്റെ വാതിലിലേക്കൊന്നു പാളി നോക്കി; പാതി ചാരിയ വാതിലിനിടയിലൂടെ അകത്തേതോ മുറിയിൽ നിന്ന് വെളിച്ചവും സംസാരശബ്ദവും പുറത്തേക്ക് തലനീട്ടി നിൽപ്പുണ്ട്.
അവരുടെ അടുത്ത ബന്ധുക്കളോ സുഹ്രുത്തുക്കളോ ആയിരിക്കും .

പിന്നെ നോക്കിയതെന്റെ പൊന്നിയെയാണ് ; അത്ഭുതങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല; ഏകദേശം മുഴുവനായി തന്നെ വാടി, ചെടിച്ചട്ടിയിലെ മണ്ണുമായൊരു  അനശ്വരബാന്ധവത്തിനായി തല കുനിച്ചു നിൽക്കുന്നു.
      
നനഞ്ഞ വസ്ത്രങ്ങൾ മാറി കിടക്കയിലേക്ക് മറിയുമ്പോൾ തല നന്നായി വിങ്ങുന്നുണ്ടായിരുന്നു. മനസ് ശാന്തമാക്കാൻ ശ്രമിക്കുന്തോറും എവിടെ നിന്നൊക്കെയോ കൂടുതൽ ചിന്തകൾ തള്ളിക്കയറി വരുന്നു. ഇതിപ്പോ ഒരു ശീലമായി , മരുന്നൊന്നും കഴിക്കാറില്ല; വേദനയുടെ കാഠിന്യം കൂടുമ്പോൾ തനിയെയുറങ്ങി പോവും.
    
*******

കൃത്യമായി പറഞ്ഞാൽ രണ്ടു മാസവും അഞ്ചു ദിവസങ്ങൾക്ക് മുൻപാണ് പൊന്നി ഇവിടെയെത്തുന്നത്. അങ്ങനെ ഓർത്തുവെക്കാൻ തക്ക ഒരു പ്രത്യേകതയും ഞാനതിൽ കാണുന്നില്ല ; അതെനിക്ക് സമ്മാനിച്ചത് ശാലുവാണെന്നത് ഒഴികെ.

ശാലുവെന്റെ കാമുകിയാണ്; മറ്റൊരുത്തന്റെ ഭാര്യയുമാണ്. രണ്ടു പുരുഷന്മാർക്കായി തന്റെ യൗവ്വനം പകുത്തു നൽകിയിട്ടും അവളുടെ കണ്ണുകളിൽ ഒരു അസംതൃപ്തിയെന്നും നിഴലിച്ചു നിന്നിരുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. വന്യമായ കാമത്തേക്കാൾ അവളെ ലഹരി പിടിപ്പിച്ചിരുന്നത് നൃത്തമാണ്. അവളുടെ ചടുലതക്കും സൂക്ഷമതയ്ക്കും മുന്നിൽ പല പ്രതിഭകളും പമ്പരം പോലെ കറങ്ങി വീണിട്ടുണ്ട്. ആ ഉന്മാദലഹരി പലപ്പോഴും കാഴ്ച്ചക്കാരിലേക്ക് എത്തിക്കുന്നതിൽ അവൾ വിജയിച്ചിട്ടുമുണ്ട്. അങ്ങനെയൊരു വേദിയിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്.  വിവാഹത്തിനു ശേഷം നൃത്തം ഉപേക്ഷിക്കേണ്ടി വന്നത് അവളെ കുറച്ചൊന്നുമല്ല ഉലച്ചത്.  എന്റെ വീട്ടിൽ ചില രാത്രികൾ മുഴുവൻ അവൾ ഒരു ഭ്രാന്തിയെ പോലെ നൃത്തം ചെയ്തിരുന്നു. അവൾ ഭർത്താവിന്റെ കൂടെ അമേരിക്കയ്ക്ക് പോയിട്ടിന്നു രണ്ടു മാസവും അഞ്ചു ദിവസവും തികഞ്ഞു. 

പോകുന്നതിനു മുൻപ് അവളെനിക്കു സമ്മാനിച്ചിട്ട് പോയ സങ്കരയിനം ചെടിയാണ് പൊന്നി. അതിൽ നീലയും വെള്ളയും ഇടകലർന്ന മനോഹരങ്ങളായ പൂക്കൾ ഉണ്ടായിരുന്നു. അവളുടെ ഫ്ലാറ്റിന്റെ മട്ടുപ്പാവിൽ പൊന്നി പടന്നു പന്തലിച്ചു പുഷ്പ്പിച്ച് നിറഞ്ഞു നിന്നുരുന്നു.  ഏതു കോണിൽ നിന്ന് നോക്കിയാലും ഒരേപോലെയിരിക്കുന്ന അസംഖ്യം ഫ്ലാറ്റുകളിൽ ഇതിലൊന്നിൽ മാത്രമാണ്  ഇങ്ങനൊരു സുന്ദരദൃശ്യം ഉണ്ടായിരുന്നത്; പലരും അതിന്റെ വിത്തും കമ്പും ചോദിച്ചെത്തിയിരുന്നുവെങ്കിലും അവർക്കെല്ലാം നിരാശരായി മടങ്ങേണ്ടി വന്നിരുന്നു.

ആ ചെടിക്ക് പൊന്നി എന്ന് പേരിട്ടതും അവളാണ് ; അവളുടെ ഫ്ലാറ്റിനു മുകളിലുള്ള ഫ്ലാറ്റിലെ ഒരു സുന്ദരിക്കുട്ടിയാണ് പൊന്നി, ശാലുവിനു അവിടെയാകെ ഉണ്ടായിരുന്ന കൂട്ടുകാരി. അവളെ ഞങ്ങളെന്നും നീലയും വെള്ളവും സ്കൂൾ യൂണിഫൊമിലേ കണ്ടിട്ടുള്ളൂ; അങ്ങനെയാ കൊച്ചു സുന്ദരിയുടെ പേര് തന്നെ അവളാച്ചെടിക്കുമിട്ടു.  പൊന്നി.

പക്ഷെ ഇവിടെ എത്തിയപ്പോൾ മുതൽ പൊന്നിക്കൊരു മ്ലാനതയാണ് , പഴയ പോലെ പൂക്കളില്ല, അങ്ങിങ്ങായി ചെറുതായി ഒരു വാട്ടം. വളർന്നു വന്ന ചുറ്റുപാടിൽ നിന്നും പറിച്ചു നട്ടതിന്റെ ആകുലതകളാവണം.

ഏതാണ്ടിതേ സമയത്താണ് എന്റെ അയൽവാസി, ബീഹാറി , അയാളുടെ അമ്മയെയും കൊണ്ട് വന്നത്. ഏകദേശം എഴുപതിനോടടുത്ത് പ്രായമുള്ള ഒരു വൃദ്ധ. എപ്പോഴും സാരി കൊണ്ട് മുഖം മറച്ചു എനിക്കറിയാത്ത ഏതോ ഭാഷയിൽ ഇവിടെ എല്ലാവരോടും സംസാരിച്ചിരുന്നു. അവർ പറയുന്നത് ആർക്കും മനസിലാവില്ലെങ്കിലും അവർക്കൊരു പുഞ്ചിരി സമ്മാനിച്ച് എല്ലാവരും നടന്നകലും.

അവരെ ഞാൻ ശ്രദ്ധിച്ച് തുടങ്ങിയതൊരു രാത്രിയിലാണ്; മുന്നിലുള്ള റോഡിലെ വഴിവിളക്കിന്റെ മഞ്ഞപ്രകാശത്തെ നോക്കി ഏതോ വരികൾ മൂളുന്നുണ്ടായിരുന്നു. ഭാഷയും വരികളും മനസിലായില്ലെങ്കിലും നല്ല ഇമ്പമുണ്ടായിരുന്നു അത് കേൾക്കാൻ. പിന്നീട് പല രാത്രികളിലും അവരത് ആവർത്തിച്ചു.

ഒരിക്കലവരുടെ മുഖം ഞാൻ കണ്ടു ; പതിവിലും നേരത്തെ ജോലി കഴിഞ്ഞെത്തിയപ്പോൾ , ഗേറ്റ് കടന്നു വരുന്നത് സ്വന്തം മകനാണെന്ന് തെറ്റിദ്ധരിച്ചു ഓടിയിറങ്ങി വന്നതായിരുന്നു അവർ. ആദ്യ കാഴ്ചയിൽ ആരെയും ഭയപ്പെടുത്തുന്ന ഒരു മുഖമായിരുന്നു അവരുടേത്. ഒരു കണ്ണ് വല്ലാതെ പുറത്തേക്ക് തുറിച്ചിരുന്നു , അതിലാവട്ടെ  കൃഷ്ണമണി പൂർണമായും വെളുത്ത നിറത്തിലും; തിമിരം ബാധിച്ചതാണെന്നു പിന്നീടറിഞ്ഞു. ഇനിയും ആസ്വദിച്ചു തീർന്നിട്ടില്ലാത്ത ജീവിതത്തോടുള്ള പ്രതീക്ഷ മറുകണ്ണിൽ ജ്വലിച്ചു നിന്നു. ഞാനൊരു ചിത്രകാരൻ ആയിരുന്നെങ്കിൽ അവരുടെ ചിത്രം എന്തായാലും വരച്ചേനെ; കലാകാരന്റെ കഴിവിനെ മാറ്റുരച്ചു നോക്കാൻ പാകത്തിന് ഒരുപാട് സൂക്ഷ്മമായ വിശദാംശങ്ങൾ അവരുടെ മുഖത്തുണ്ടായിരുന്നു. അവരുടെ മുഖം മറച്ചുള്ള നടപ്പിന്റെ രഹസ്യം അങ്ങനെയാണ് വെളിപ്പെട്ടത്.

തണുത്തുറഞ്ഞ പ്രഭാതങ്ങളിൽ പാർക്കിങ്ങിനു അടുത്തുള്ള സ്ഥലത്തിരുന്നു അവർ വെയിലു കായുന്നത് ഞാൻ കണ്ടിട്ടുണ്ട്' ചുളിവു വീണ തൊലിയും സാരിയും തുളച്ചു കയറാനുള്ള മൂർച്ച ആ ദ്രംഷ്ടകൾക്കുള്ള കാര്യം ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.

ഒരിക്കലവർ എന്നോട് എന്തൊക്കെയോ പറഞ്ഞു; ആംഗ്യങ്ങളിൽ നിന്ന് എനിക്ക് മനസിലായത് - എന്റെ ബൈക്ക് കുറച്ചു നീക്കി വെക്കണമെന്നും  വെയിലുകായാൻ പോകുന്നതിനു അതൊരു തടസ്സമാകുന്നുവെന്നുമായിരുന്നു . ഞാൻ തലകുലുക്കിയ ശേഷം ബൈക്ക് കുറച്ചു മാറ്റി വെച്ചു. അവര് പറയുന്നത് മനസിലായി എന്ന് തോന്നിയത് കൊണ്ടാണോ എന്നറിയില്ല , പിന്നീട് പലപ്പോഴും കാണുമ്പോൾ അവരെന്നോട് എന്തൊക്കെയോ പറഞ്ഞു. എന്റെ മറുപടി എപ്പോഴും ചിരിയിലോ തലകുലുക്കലിലോ ഒതുങ്ങി. 

അവർ നിർത്താതെ കുറെ സമയം സംസാരിക്കും , പിന്നീട് ദൂരെക്കെങ്ങോ നോക്കിയിരിക്കും. വെറുമൊരു കേഴ്വിക്കാരാൻ മാത്രമായിരുന്നു ഞാൻ. സ്വന്തം നാടും നാട്ടുകാരെയും വിട്ട് മാറി നിൽക്കുന്നതിൽ അവർക്കഗാധമായ ഒറ്റപെടൽ തോന്നുന്നുണ്ടാവണം.

മറ്റൊരു ദിവസം അവരൊരു തുണ്ട് കടലാസും മൊബൈൽ ഫോണും കൊണ്ട് വന്നു എന്റെ കതകിൽ തട്ടി രാവിലെ തന്നെ ഉണർത്തി. എനിക്കൊട്ടും ഇഷ്ടമില്ലാത്ത കാര്യമാണ് എന്റെ ഉറക്കം തടസപ്പെടുത്തുന്നത്.  അതിൽ ഇംഗ്ലീഷിൽ രതീഷ്‌ എന്നൊരു പേരും ഒരു നമ്പറും കണ്ടു , അതാ ബീഹാറി അയൽവാസി , അവരുടെ മകന്റെയാണെന്ന് ഊഹിച്ചു ; അത് ശരിയായിരുന്നു. അല്ലെങ്കിലും "ആശയവിനിമയത്തിന് ഭാഷ" എന്നതിനപ്പുറം ഒരു സ്ഥാനം ഭാഷയ്ക്ക്‌ കൊടുക്കുന്നതിൽ എനിക്ക് യോജിപ്പുണ്ടായിരുന്നില്ല.

അതിനു ശേഷം പല ഉറക്കമില്ലാത്ത രാത്രികളിലും ജനൽ തുറന്നിട്ട്‌ ഞാൻ അവരുടെ പാട്ടിനു കാതോർത്തു കിടന്നിട്ടുണ്ട്. ചില ദിവസങ്ങളിൽ ഗേറ്റ് കടന്നവർ പുറത്തേക്ക് പോകുന്നതായും കണ്ടിട്ടുണ്ട്.  രാവിലെ നടക്കാൻ പോകാതിരിക്കാൻ  ഭാഷയും മുഖവും  കാരണങ്ങൾ ആയിരുന്നിരിക്കാം. ആകാശവും ചന്ദ്രനും നക്ഷത്രങ്ങളും എല്ലാ ദേശക്കാർക്കും സുപരിചിതമായ കാഴ്ച്ചയാണല്ലോ?  ഇരുളിന്റെ കറുത്ത ശീല കൊണ്ട് പകലിന്റെ അപരിചിതമായ മുഖം മറക്കാൻ രാത്രിക്ക് അപാരമായ ഒരു കഴിവുണ്ട്.  അതാവണം അവരെയും ആകർഷിച്ചത്.

ഒറ്റപ്പെടലെന്ന വികാരമുദിച്ചു കഴിഞ്ഞാൽ യാന്ത്രികമായ ചലനങ്ങൾക്കപ്പുറത്ത് നിന്നും ഒരൊളിഞ്ഞു നോട്ടം മാത്രമേ നിറക്കൂട്ടണിഞ്ഞ ജീവിതത്തോട് കാണൂ.
           
*******

  സമയാസമയത്ത് ആഹാരം കഴിക്കാത്തതും വേണ്ടത്ര ഉറക്കമില്ലാത്തതുമാണ് ഇടയ്ക്കിടെ തലവേദന ഉണ്ടാക്കുന്നതെന്നാണ് ഡോക്ടർ പറയുന്നത്. അതെന്തു തന്നെയായാലും അന്ന് രാത്രിയും കടുത്ത തലവേദന എന്നെ ഉറക്കത്തിലേക്ക് തള്ളി വിട്ടു.

എന്നും രാത്രി കൂര്ക്കം വലിച്ചുറങ്ങുന്ന അണ്ണാച്ചിയന്നെന്റെ സ്വപ്നത്തിൽ വന്നു . വേഗം ഡ്രസ്സ്‌ മാറി വണ്ടിയുടെ താക്കോലുമായി വരാൻ അയാളെന്നോട് ആവശ്യപ്പെട്ടു. ഒരാഴ്ച മുൻപേ കാണാതെ പോയ ബീഹാറിയുടെ അമ്മയുടെ അടുത്തേക്ക് പോകാനാണെന്നു പറഞ്ഞപ്പോൾ കൂടുതൽ ആലോചിക്കാതെ ഞാൻ അയാളുടെ കൂടെ പുറപ്പെട്ടു.  നേരം പുലരുവോളം ഞങ്ങൾ ഇരുണ്ട വഴികളിലൂടെ വണ്ടിയോടിച്ചു ; പുലരാറായപ്പോൾ ഒരു കുന്നിന്റെ മുകളിൽ എത്തിപ്പെട്ടു. വണ്ടിയവിടെ വെച്ചു , അണ്ണാച്ചി കാണിച്ച വഴിയിലൂടെ മുന്നിൽക്കണ്ട പാറകളിലേക്ക് വലിഞ്ഞു കയറി.

മുകളിലെത്തി ഇനിയെന്ത് എന്നയർഥത്തിൽ അണ്ണാച്ചിയെ നോക്കിയപ്പോഴേക്കും അയാളവിടെ നിന്നും അപ്രത്യക്ഷൻ ആയിരുന്നു.  കുന്നിൻ ചരുവിൽ പാറി നടക്കുന്ന അനേകായിരം മിന്നാമിന്നികളെ അപ്പോഴാണ്‌ ഞാൻ കണ്ടത്. അവയുടെ പറക്കലിന് ഒരു താളമുണ്ടായിരുന്നു , ക്രമേണ എവിടെ നിന്നോ ആ താളത്തിൽ ഒരു മൂളിപ്പാട്ട് കേട്ട് തുടങ്ങി , പല ദിക്കിൽ നിന്നും പക്ഷികൾ ആ പാട്ട് ഏറ്റുപാടി. ക്രമേണ ശബ്ദം കൂടുതൽ ഉച്ചത്തിലും വ്യക്തമായും കേൾക്കാൻ തുടങ്ങി; അതാ വൃദ്ധ പാടിയിരുന്ന പാട്ടാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

അവരുടെ പാട്ടും കിളികളുടെ ഏറ്റുപാടലും, മിന്നാമിന്നികളുടെ പറക്കലുമൊക്കെയായി സ്വർഗം താണിറങ്ങി ആ കുന്നിനു മുകളിൽ തൊട്ടു നിൽക്കുകയാണെന്ന് എനിക്ക് തോന്നി .
   
ഞാനിരുന്ന പാറയുടെ കുറച്ചു മുകളിലായി ആ വൃദ്ധയിരുന്നു പാടുന്നത് ഞാൻ കണ്ടു . അവർ പാട്ടവസാനിച്ചപ്പോൾ എന്നെ നോക്കി കൈ വീശിക്കാണിച്ചു.  എന്നത്തെയും പോലെ ഞാനവരെ നോക്കി ചിരിച്ചു .

കിളികൾ ഏറ്റുപാടൽ അവസാനിപ്പിച്ചയുടൻ മിന്നാമിന്നികളെ കാണാതായി , അങ്ങ് ദൂരെ കിഴക്കേ ചക്രവാളത്തിൽ സൂര്യനുദിച്ചു വരുന്ന കാഴ്ചയാണ് പിന്നീട് ഞാൻ കണ്ടത് . ഒരു ദിവസത്തേക്ക് മുഴുവനുമുള്ള ഊർജ്ജവുമായി ചുവന്നു തുടുത്ത സൂര്യൻ പതിയെ പ്രകാശം പരത്തിക്കൊണ്ട് ഉയർന്നു വന്നു. ഈ സൂര്യനെ പൂർണ മിഴിവോടെ , ഞാൻ കാണുന്ന ഈ തേജസ്സോടെ പകർത്താൻ ഒരു ഫോട്ടോഗ്രാഫർക്കും കഴിയാതെ പോയത് ഒരു നഷ്ടമായെന്നു ഞാൻ കണക്കു കൂട്ടി.

കൂടുതൽ പ്രകാശം പരന്നപ്പോൾ ഞാനിരിക്കുന്നത് കുന്നിന്റെ നെറുകയിൽ ആണെന്നും അതിനും മുകളിൽ അനന്തവിഹായസ്സു മാത്രമാണെന്നും മനസിലായി.  ഞാനിരുന്ന പാറയുടെ ഉയരം എന്നെ ഭയപ്പെടുത്തി. വീശിയടിക്കുന്ന കാറ്റിൽ ഞാൻ നിലതെറ്റി താഴേക്കു പതിച്ചു ചിന്നഭിന്നമാകുമെന്ന് ഞാൻ ഭയപ്പെട്ടു. ആ പാറയിൽ ഞാൻ അമർന്നിരുന്നു , വിരലുകൾ കൊണ്ട് അള്ളിപ്പിടിച്ചു, കണ്ണുകൾ ഇറുക്കിയടച്ചു. 

 ഏതാനും നിമിഷങ്ങൾക്കകം എന്റെ അലാറം അടിക്കുമെന്നും ഞാനീ സ്വപ്നത്തിൽ നിന്നുമുണരുമെന്ന ബോധം എന്റെ മനസ്സിൽ നിന്ന് ഭീതിയെ പതിയെ തട്ടി മാറ്റി. എന്റെ മനസും ശരീരവും പതിയെ അയഞ്ഞു. 
           
*******