വായനയ്ക്കു ശേഷം ...

മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം

11.8.13

റിയർവ്യൂ മിറർ


നാൽപതു കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിച്ചിരുന്നത് ഇന്ധനക്ഷമത  കൂട്ടാനായിരുന്നില്ല;  ഇരുൾമൂടിനിൽക്കുന്ന വഴികളിൽ മഞ്ഞനിറംചാലിച്ചെഴുതി മനോഹരമാക്കിയ ദൃശ്യം എന്റെ ബൈക്കിന്റെ റിയർവ്യൂ മിററിൽ  തെളിഞ്ഞിരുന്നു , അത് വ്യക്തമായി കാണാൻ കഴിയുന്നത് ഈ വേഗത്തിൽ പോകുമ്പോഴാണ് ..

മുന്നിലേക്ക്‌ നോക്കുമ്പോഴും കാണുന്നത് അതെ റോഡിന്റെ മറുപകുതി തന്നെയാണ് ; വിജനമായ നെടുനീളൻ റോഡ്‌ . ഇടയ്ക്കെപ്പോഴെങ്കിലും ചീറിപ്പാഞ്ഞു വരുന്ന ഹൈ ബീം കണ്ണുകൾ .

 പക്ഷെ കണ്ണാടിയിലെ ദൃശ്യങ്ങളിൽ കണ്ണിലേക്കു തുളങ്ങിറങ്ങുന്ന പ്രകാശരശ്മികളില്ല; അവിടെ കാണുന്നത് മറുപുറം ആണ്, ഒരു പക്ഷെ കഴിഞ്ഞുപോയ കാലത്തിന്റെ , സമയത്തിന്റെ , നേരിട്ട പ്രശ്നങ്ങളുടെയെല്ലാം കാണാതെ പോയ മറുപുറം, അറിയാതെ പോയ സൗന്ദര്യം.

 ചരിത്രത്തിലേക്ക് കണ്ണ് പായിച്ചു വാഹനം ഓടിക്കുക ദുഷ്കരമായതിനാൽ ബൈക്ക് ഇടതുവശം ചേർത്ത് ഒതുക്കി നിർത്തി. കണ്ണാടിയൊന്നു തിരിച്ചു നോക്കി, പുറകിലെ സീറ്റ്‌ ശൂന്യമാണ് .

ഈ യാത്ര തുടങ്ങുമ്പോൾ അവിടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നെനിക്കു ഓർമയില്ല ; ഇടയ്ക്ക് നിന്നാരെങ്കിലും കയറിയിരുന്നോ എന്നതും ഓർമയിലില്ല; ഇവിടെയിപ്പോൾ അങ്ങനെയൊരാൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ പണിപ്പെട്ടു ഭൂതകാലത്തിലേക്ക് വലിഞ്ഞെത്തി നോക്കേണ്ട കാര്യമുണ്ടെന്നു തന്നെ തോന്നുന്നില്ല.

കണ്ണാടിയിലൂടെ നോക്കുമ്പോൾ കാണാം - അങ്ങകലെ മഞ്ഞവെളിച്ചങ്ങൾ അവസാനിക്കുന്നയിടത്ത് ഇരുൾ കട്ടകുത്തി നിൽപ്പുണ്ട്. അവിടെ എന്തോ ഞാൻ മറന്നു വെച്ചു; അല്ലെങ്കിൽ എന്റെതായ എന്തോ അവിടെയുണ്ട് എന്നൊരു തോന്നൽ എന്നിൽ ബലപ്പെട്ടു വന്നു.

ബൈക്ക് സ്റ്റാൻഡിൽ ഇട്ടു പുറകിലേക്ക് നടന്നു , കുറച്ചധികം നടന്നപ്പോൾ ഞാനും ആ കണ്ണാടിയിൽ പ്രത്യക്ഷനായി. നേരത്തെ ഞാൻ കണ്ട മഞ്ഞവെളിച്ചങ്ങളുടെ സുന്ദരമായ കാൻവാസിൽ ഒരു കറുത്ത പൊട്ടായി ഞാനും പ്രത്യക്ഷനായി, ഞാനൊഴികെ മറ്റെല്ലാം നിശ്ചലമായിരുന്നു ..

അകലെയായി കാണുന്ന ഇരുളിലേക്ക് സാവധാനം ചലിക്കുന്ന ഒരു നിഴൽ മാത്രമാണ് ഞാനിപ്പോൾ .  ഭൂതകാലത്തിലേക്ക് വർത്തമാന കാലത്തിലെ ഒരു പ്രജയ്ക്കും പ്രവേശനമില്ല. അതെനിക്കും അറിയാഞ്ഞിട്ടല്ല ; പക്ഷെ ഭൂതവും വർത്തമാനവും പങ്കിടുന്ന അതിർത്തിരേഖയെവിടെയെന്നു എനിക്ക് നിശ്ചയമില്ലായിരുന്നു. അറിയാതെ ഞാനതിലേക്ക് നടന്നു കയറുകയായിരുന്നു.

അതെ സമയം അങ്ങകലെ ചിത്രഗുപ്തന്റെ സൂപ്പർകമ്പ്യൂട്ടറുകൾ പ്രോഗ്രാമർക്ക് പിടികൊടുക്കാതെ പോയ ഈ നീക്കത്തെ സസൂക്ഷ്മം വീക്ഷിച്ചു കൃത്യമായി ഒരു പുനർനിർണയത്തിന് തയ്യാറെടുക്കുകയായിരുന്നു. ഗൂഗിളിന്റെ വഴികാട്ടി ദിശ പറയാൻ എടുക്കുന്ന സമയം ചിത്രഗുപ്തന്റെ സൂപ്പർകമ്പ്യൂട്ടറുകൾ എടുത്തു കൂടാ. ഞാനും കാലത്തിന്റെ അതിർത്തിരേഖയും തമ്മിൽ ചുവടുകളുടെ അകലം മാത്രമാണ് ബാക്കി.

ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരം അപ്പോഴേക്കും ആ കമ്പ്യൂട്ടർ  എങ്ങോട്ടോ അയച്ചു കഴിഞ്ഞിരുന്നു. ഒന്ന് മറിയാതെ ഞാൻ എന്റെ മുന്നോട്ടുള്ള പ്രയാണം തുടർന്നു.
എനിക്ക് പിന്നിൽ , വർത്തമാന കാലത്തിൽ , ഇരുളിൽ നിന്നും ചില നിഴലുകൾ പുറത്തുവന്നു , അവയതിവേഗം ആ കണ്ണാടിയുടെ അടുത്തേക്ക് നീങ്ങി. അതു പതിയെ ബൈക്കിലേക്ക് കയറി , കാലം ആ നിഴലുകൾക്ക് ചെയ്തു കൊടുത്ത സൗജന്യമായിരുന്നു എന്റെ മറവി , താക്കോൽ ഞാനവിടെ തന്നെ വെച്ചിരുന്നു.

പതിവിനു വിപരീതിമായി രണ്ടു ഹൈ ബീം കണ്ണുകൾ ഭൂതത്തിൽ നിന്നും വർത്തമാനത്തിലേക്ക് ചീറി പാഞ്ഞു വരുന്നുണ്ടായിരുന്നു. അപ്പോഴേക്കും ആ ബൈക്ക് ഒന്ന് മുരണ്ടു , പിറകിലെ ചുവന്ന വെളിച്ചം തെളിഞ്ഞു; ഞാനപ്പോഴും ഇതൊന്നുമറിയാതെ മുന്നോട്ടു തന്നെ നടന്നു.

അടുത്ത കാൽവെക്കുന്നത് അലംഘനീയമായ അദൃശ്യരേഖയുടെ പുറത്താണെന്ന് എനിക്കറിയില്ലായിരുന്നു , ആ രണ്ടു കണ്ണുകൾ എന്നെ കടന്നു ഭൂതത്തിൽ നിന്നും വർത്തമാനകാലത്തിൽ പ്രവേശിച്ചു, പോകുന്ന വഴി ആ റോഡിൻറെ വശത്ത് കഴിഞ്ഞ നിമിഷം തെളിഞ്ഞ ചുവന്ന പ്രകാശം ഊതിക്കെടുത്തി അതിന്റെ കുതിപ്പ് തുടർന്നു.

കാലത്തിന്റെ അതിർവരമ്പിൽ നിന്നെനിക്ക് കിട്ടിയത് എന്റെ ജീവനായിരുന്നു എന്ന് മനസിലാകാനുള്ള വിവേകം അപ്പോഴെനിക്കുണ്ടായില്ല ; ഞാൻ വെറുമൊരു മനുഷ്യനെ പോലെ നിലവിളിച്ചു കൊണ്ട് തകർന്നു വീണ ആ കണ്ണാടിച്ചില്ലിന്റെയടുത്തെക്ക് ഓടി ; അവിടെ അപരിചിതരായ രണ്ടു നിഴലുകൾ മനുഷ്യരൂപം പൂണ്ട് രക്തത്തിൽ കുളിച്ചു കിടപ്പുണ്ടായിരുന്നു.

ഭാവിയിലേക്ക് കുതിച്ചു പാഞ്ഞ ആ ഹൈ ബീം കണ്ണുകളുടെ റിയർവ്യൂമിററിൽ ഈ ദൃശ്യം കൃത്യമായി പതിഞ്ഞത് നോക്കി ചിത്രഗുപ്തന്റെ പ്രോഗ്രാമ്മർ പുഞ്ചിരിച്ചു. ഞാനപ്പോൾ ആരെ വിളിക്കണമെന്നറിയാതെ മൊബൈലിൽ ബട്ടണുകൾ മാറി മാറി അമർത്തിക്കൊണ്ടിരിക്കുകയായിരുന്നു.
 

21 comments:

 1. കണ്ണാടി കാണുംനേരം

  അദൃശ്യരേഖ കടന്നാല്‍ തിരിച്ചുവരാന്‍ തോന്നുമോ.
  നല്ല കഥ

  ReplyDelete
  Replies
  1. ഇന്നലെകളിലും നാളെകളിലുമായി ജീവിക്കുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. നല്ലൊരു ഇന്നലെക്കായി നാം ഇന്ന് നന്നായി ജീവിക്കണമെന്നത് മറക്കുന്നു. ചിലപ്പോൾ വർത്തമാനകാലത്തിന്റെ ലൗകികങ്ങളായ ആസക്തികൾ ഒന്ന് വഴിമാറി ചിന്തിക്കാൻ കൂടി അവസരം നല്കാതെ നമ്മളെ തളച്ചിടും

   നന്ദി , വായനക്കും അഭിപ്രായത്തിനും.

   Delete
 2. അവതരണം നന്നായി ....
  ആശയവും മനോഹരം
  തുടരുക ഭാവുകങ്ങൾ

  ReplyDelete
  Replies
  1. നന്ദി പൈമാ
   അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളേക്കാൾ വിമർശനത്തിന്റെ ഉരകല്ലുകളാണ് എനിക്ക് പ്രിയങ്കരം.
   ഇനിയും വരണം , പ്രോത്സാഹിപ്പിക്കണം.

   Delete
 3. നല്ല കഥയാണ് - കാംബുള്ളത് . കുഴപ്പമില്ലാത്ത അവതരണം

  ReplyDelete
  Replies
  1. നന്ദി ശിഹാബ്
   അവതരണത്തിൽ പരീക്ഷണങ്ങൾ നടത്തി നോക്കുകയാണ്. വിചാരിച്ചത്ര ശരിയാവുന്നില്ല .. എഴുതി തെളിയും എന്ന് പ്രതീക്ഷിക്കുന്നു

   Delete
 4. നല്ല കഥ . വന്ന വഴികളിലെക്കുള്ള ഒരു തിരിഞ്ഞുനോട്ടം വളരെ മനോഹരമാക്കി.

  ReplyDelete
  Replies
  1. നന്ദി ഉദയപ്രഭൻ
   വീണ്ടും ഈ വഴി വരിക , ഉപദ്രവം മറ്റൊരു കഥയുടെ രൂപത്തിൽ തുടരാം :)

   Delete
 5. നല്ല കഥ.
  വ്യത്യസ്തമായ അവതരണം.

  ReplyDelete
  Replies
  1. നന്ദി ഡോക്ടർ
   അവതരണത്തിലെ ചീറ്റിപ്പോയ പരീഷണങ്ങളിൽ ഒന്നാണിതെന്നു തോന്നുന്നു. കഥ നന്നാകാൻ മരുന്നെന്തെങ്കിലും വേണ്ടി വരും :)

   Delete
 6. എഴുതി തെളിയുക..!!

  ReplyDelete
  Replies
  1. നന്ദി വിനോദേട്ടാ
   ശ്രമിക്കുന്നുണ്ട്

   Delete
 7. അവതരണത്തിൽ നടത്തിയ പരീക്ഷണങ്ങൾ കഥയ്ക്ക് വ്യത്യസ്തത നല്‍കുന്നുണ്ട്. എങ്കിലും ഒരു നല്ല കഥയായോ ?! വീണ്ടും വരും. കൂടുതല്‍ നല്ല കഥകള്‍ക്കായി :-)

  ReplyDelete
  Replies
  1. നന്ദി വിഷ്ണു, സത്യത്തിൽ ഇത് കഥയായോ എന്നത് തന്നെ സംശയമാണ് .
   എഴുതിത്തുടങ്ങുമ്പോൾ ഒരു കഥ ഒരിക്കലും മനസ്സിൽ ഉണ്ടായിരുന്നില്ല. രാത്രി ബൈക്ക് എടുത്തു കറങ്ങി നടന്നപ്പോൾ അതിനെക്കുറിച്ച് എഴുതാനായിരുന്നു പ്ലാൻ , പിന്നെയത് എപ്പോഴോ കഥയ്ക്ക്‌ വഴിമാറി

   Delete
 8. എന്‍റെ ഭ്രാന്തന്‍ ചിന്തകളുടെ മിറര്‍ ഇമേജ് പോലുണ്ട് ഈ കഥാ !! ഞാന്‍ ഏറ്റവും കൂടുതല്‍ ചിന്തിക്കുക ഒരു പക്ഷേ നഗരത്തിലെ ബയിക്ക് യാത്രകളില്‍ ആയിരിയ്ക്കും. എന്തായാലും അര്‍ഥവത്തായ അവതരണ രീതി . പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട് ഈ ബയിക്ക് യാത്രയിലെ മനോവിചാരങ്ങള്‍ അപകടങ്ങള്‍ക്ക് വഴി മാറുമോ എന്നു !!!!

  ReplyDelete
  Replies
  1. നന്ദി രവി , ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും.

   ഭ്രാന്തന്മാർ ഒരിക്കലും തനിച്ചല്ല സുഹൃത്തെ :) ലോകത്തിന്റെ ഓരോ കോണുകളിലും അവരുണ്ട്

   Delete
 9. ഇതിനു ഇന്നലെ ഒരു കമന്റ് ഇട്ടിരുന്നു! എവിടെ പോയോ ആവോ... കഥ എന്ന ചുരുക്കെഴുത്തിലെക്ക് എത്തിയോ എന്ന് എന്റെ വായനയുടെ അപര്യാപ്തത കൊണ്ടാകണം ഒരു സംശയം ഉണ്ട്. പക്ഷെ, പല വാക്യങ്ങളും, സങ്കല്‍പ്പങ്ങളും നന്നായിട്ടുണ്ട്. ആശംസകള്‍ !

  ReplyDelete
  Replies
  1. നന്ദി ,
   ഒരു കഥയായല്ല എഴുത്ത് തുടങ്ങിയത് ; അതിന്റെ പോരായ്മകൾ എല്ലാം ഉണ്ട്. നിലവാരം കുറയുമ്പോൾ അത് ചൂണ്ടിക്കാട്ടാൻ പ്രാപ്തരായ വായനക്കാർ എഴുതുന്നവരുടെ ഭാഗ്യമാണ് .

   സാധാരണ ആരെങ്കിലും കമന്റ്‌ ഇടുമ്പോൾ എനിക്ക് മെയിൽ വരാറുണ്ട് , ഇതിനു മുൻപ് ഒന്നും വന്നിരുന്നില്ല .

   Delete
 10. ധാരാളം കഥകള്‍ വായിച്ചു എനിക്ക് പരിചയമില്ല. എന്നിരുന്നാലും പരീക്ഷണം ഇഷ്ടപ്പെട്ടു. പ്രതെയ്കിച്ചും അവസാനഭാഗം നന്നായിരുന്നു.

  ReplyDelete

എന്റെ ഈ കുത്തിക്കുറിക്കലുകൾക്കായി സമയം ചെലവിട്ടതിന് നന്ദി . താങ്കളുടെ അഭിപ്രായം , അതെന്തു തന്നെയായാലും ഇവിടെ രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.