ടീച്ചര്‍ എന്റെ മുഖത്തേക്കും അവനെയും ഒന്ന് സൂക്ഷിച്ചു നോക്കി.
വലിപ്പിച്ചതാണെന്ന് എനിക്കും ടീച്ചര്‍ക്കും മനസിലായി , പക്ഷെ ...
പക്ഷെ ഈ കുഞ്ചാക്കോബോബന് എവിടുന്നു വന്നു .. അതായിരുന്നു സംശയം.
ഭാഗ്യത്തിന് അധികം ആലോചിച്ചു കാട് കയറുന്നതിനു മുന്‍പേ അവന് തിരുവാ തുറന്നു
" ഇവനും വല്യ കഷണ്ടി ആണ് ടീച്ചറെ, മുടി കൊണ്ട് പൊത്തി വെച്ചേക്കുവല്ലേ കള്ളന് " - പറഞ്ഞു തീര്‍ന്നതും , ഞാന്‍ കഷ്ടപ്പെട്ട് ചീകി ഒതുക്കി വെച്ച മുടി , മേല്‍പ്പോട്ടുയര്‍ത്തി ആകെ അലങ്കോലമാക്കിയതും ഒരുമിച്ചായിരുന്നു.
നമ്മളു പിന്നെ ക്ലാസ്സിലെ ചുള്ളന്മാരുടെ ലിസ്റ്റില്‍ ഇല്ലാത്തത് കൊണ്ട് തരുണീമണികള്‍ ഒന്നും കണ്ടില്ല !
ങാ .. പറഞ്ഞു വരുമ്പം എന്നെയും അവനെയും നിങ്ങള്‍ അറിയില്ലല്ലോ !!!
ഞങ്ങള്‍ രണ്ടു പ്ലസ് ടു വിദ്യാര്‍ഥികള്‍ ; നഗരത്തിലെ കുപ്രസിദ്ധ വിദ്യാലയത്തില്‍ മെരിറ്റില്‍ അഡ്മിഷന് കിട്ടിയ രണ്ടു ജാഡത്തെണ്ടികള്‍ . ഒരു പക്ഷെ ആ ജാഡ ആയിരിക്കാം ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്.
അല്ല ! അതുമാത്രമല്ല കാരണം.
ബഹുഭൂരിഭാഗം വരുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ക്കിടന്നു ചക്രശ്വാസം വലിക്കുന്ന ഞങ്ങള്‍ കുറച്ചു മലയാളം മീഡിയക്കാരുടെ പ്രശ്നങ്ങള്‍ ടീച്ചര്‍മാരോട് തുറന്നു പറഞ്ഞത് ഞങ്ങള്‍ രണ്ടു പേരായിരുന്നു. നേരത്തെ പറഞ്ഞ ജാടയ്ക്കു ചെറുതല്ലാത്തൊരു സ്ഥാനം ഈ കൃത്യത്തിലും ഉണ്ട്.
ഹരികൃഷ്ണന്മാരെ പോലെ പരസ്പരം കളിയാക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്; മുരിങ്ങാക്കോലിനു വെള്ളപൂശിയ പോലത്തെ ഞാന്‍, പപ്പും പൂടയും പറിച്ച കോഴിയെ പോലെ അവന് . മസില് , പൊക്കം , മുടി , വലിയനെറ്റി ഇവയൊക്കെ പരാതി ഇല്ലാത്തവിധം ഞങ്ങള്‍ വീതിച്ചെടുത്തു, കിട്ടി എന്നതാവും ശരി. സൗന്ദര്യം ഇല്ലായ്മയും അതിനെ ചൊല്ലിയുള്ള അഹങ്കാരം ഇല്ലായ്മയും ഞങ്ങളെ കൂട്ടിയിണക്കി.
പൊതുവേ പരീക്ഷാക്കാലത്താണ് ഭക്തശ്ശിരോമണികള്‍ അമ്പലത്തില്‍ പോക്ക് പതിവെങ്കിലും 'ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ ' എന്ന ആപ്തവാക്യം ഞങ്ങളെ ദൈവത്തോടടുപ്പിച്ചു.
ആരുമില്ല എന്നു പറഞ്ഞത് മാന്‍പേടകളെ ഉദ്ദേശിച്ചു മാത്രമാണ് കേട്ടോ ! ശങ്കരാടി പറയും പോലെ നല്ല 'ഘടാഘടിയന്മാരായ' മാതാപിതാക്കള്‍ ഞങ്ങള്‍ക്കുണ്ട്....
അമ്പലത്തില്‍ പോവുക എന്ന് പറഞ്ഞാല്‍ , നിങ്ങളു കരുതും പോലെ ആയാസമുള്ള പണിയല്ല; (ആണെങ്കില്‍ ഞങ്ങളു ചെയ്യുമോ ?! കൊള്ളാം)
സ്കൂളിലേക്ക് കയറുന്നതിനു മുന്‍പ്, ഇടത്തോട്ടു തിരിയുന്നതിന് പകരം നേരെ ഒരു പത്തു മീറ്റര്‍ ; അമ്പലം എത്തി. ഈഴവശ്ശിവന്‍ ആണ് പ്രതിഷ്ഠ , ഗുരു കണ്ണാടിയാണ് പ്രതിഷ്ഠ നടത്തിയത് എന്നും കേട്ടുകേള്‍വി ഉണ്ട്.
കാണാന്‍ ആളില്ലാത്തത് കൊണ്ട് കണ്ണാടി നോക്കി ചന്ദനം തൊടുന്ന ഏര്‍പ്പാടില്ലായിരുന്നു ഇരുവര്‍ക്കും. പക്ഷെ ഒരുദിവസം എന്തോ ഒരു മാറ്റം ; കണ്ണാടി നോക്കി കുറി വരച്ചു.
"ഈശ്വരാ ഇവനു ഇത്ര ഗ്ലാമറോ ?! ഇന്നലെവരെ കൂതറ ആയിരുന്നവന് പെട്ടെന്ന് എന്തു മാറ്റം". കൂട്ടുകാരായാല്‍ ഇങ്ങനെ വേണം; സ്വന്തം മുഖം നോക്കി ചന്ദനം തൊടുന്നതിനു പകരം നോക്കിയത് മറ്റവന്റെ തിരുമോന്ത.
മനസിന് വിഷമമുള്ള കാര്യം ആണെങ്കിലും ( അവന് സുന്ദരന്‍ ആയി എന്നുള്ളത്) കാര്യം അവനോടു തുറന്നു പറയാന്‍ ഞാന്‍ തീരുമാനിച്ചു.
"ഡാ , ആ കണ്ണാടിയില്‍ കൂടി നോക്കുമ്പോള്‍ നിനക്ക് ഒടുക്കത്തെ ഗ്ലാമര്‍ !!! പക്ഷെ നേരിട്ട് കാണുമ്പോള്‍ പഴയ ഓഞ്ഞമുഖം തന്നെ " - അവന് അങ്ങനെ സുഖിക്കേണ്ട.
"ഞാനും അത് തന്നെയാ പറയാന്‍ വന്നത്" - അവന്റെ മറുപടി എന്നെ അത്ഭുതപെടുത്തി; ഛെ, അവസാന വാചകം വേണ്ടായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലെല്ലോ ..
പിറ്റേന്നും ഞങ്ങള്‍ കണ്ണാടി നോക്കി ചന്ദനം തൊട്ടു ; ഇത്തവണ ഒരു നോട്ടം സ്വന്തം മുഖത്തേക്കും ഉണ്ടായിരുന്നു. സംഭവം ശരിയാ , ഒരു പൊടിക്ക് സുന്ദരന്‍ ആയിട്ടുണ്ട്.. ; സന്തോഷത്തോടെ ക്ലാസ്സിലേക്ക് മടക്കം.
പിന്നീടുള്ള പല ദിവസങ്ങളും തുടങ്ങിയിരുന്നത് ഞങ്ങളുടെ സുന്ദരമുഖങ്ങള്‍ കണ്ടു കൊണ്ടായിരുന്നു ; അതിന്റെ ഫലം ആദ്യ പീരീഡ് മുതല്‍ അറിയാന്‍ ഉണ്ടായിരുന്നു - ഞങ്ങള്‍ എപ്പോഴും outstanding students !!!
ഇപ്പൊ പറഞ്ഞത് ഞങ്ങളുടെ ശൈലി, നിങ്ങള്‍ ചിലപ്പോള്‍ അതിനെ standing-out (പുറത്ത് നില്ക്കുന്ന) വിദ്യാര്‍ത്ഥികള്‍ എന്ന് പറയുമായിരിക്കും. ഞങ്ങള്‍ ഇംഗ്ലീഷ് പഴയ ലിപിക്കാരാ , അതിന്റെ വ്യത്യാസമാ ... അത് വിട്.
ദൈവത്തിന്റെ അത്തരം പരീക്ഷണങ്ങളില്‍ ഒന്നും ഞങ്ങള്‍ തോറ്റില്ല , ഞങ്ങളുടെ സുന്ദരമുഖം കാണാന്‍ വീണ്ടും പോയി , ഒരുപാടു നാള് .
"ഇത് പോലത്തെ കണ്ണാടിയും, കാഴ്ചയും എല്ലായിടത്തും , എല്ലാവര്ക്കും കൊടുക്കണേ ഭഗവാനേ " എന്ന് പ്രാര്‍ത്ഥിക്കാറുണ്ടെന്നു പ്രത്യേകം പറയേണ്ടല്ലോ. ഞങ്ങള്‍ അത്രയ്ക്ക് സ്വാര്ത്ഥന്മാര് അല്ല.
വര്‍ഷം ഒരുപാടായി, ഞങ്ങളിനിയും പോകും; ഞങ്ങളുടെ
സുന്ദരവദനങ്ങള്‍ കാണാന്‍ ...