വായനയ്ക്കു ശേഷം ...

മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം

23.7.12

മായക്കണ്ണാടി

" ടീച്ചറെ, ഇവനെ കണ്ടാല്‍ കുഞ്ചാക്കോബോബനെ പോലെ ഇല്ലേ ?! "
ടീച്ചര്‍ എന്റെ മുഖത്തേക്കും അവനെയും ഒന്ന് സൂക്ഷിച്ചു നോക്കി.
വലിപ്പിച്ചതാണെന്ന് എനിക്കും ടീച്ചര്‍ക്കും മനസിലായി , പക്ഷെ ...
പക്ഷെ ഈ കുഞ്ചാക്കോബോബന്‍ എവിടുന്നു വന്നു .. അതായിരുന്നു സംശയം.
ഭാഗ്യത്തിന് അധികം ആലോചിച്ചു കാട് കയറുന്നതിനു മുന്‍പേ അവന്‍ തിരുവാ തുറന്നു
 " ഇവനും വല്യ കഷണ്ടി ആണ് ടീച്ചറെ, മുടി കൊണ്ട് പൊത്തി വെച്ചേക്കുവല്ലേ കള്ളന്‍ " - പറഞ്ഞു തീര്‍ന്നതും , ഞാന്‍ കഷ്ടപ്പെട്ട് ചീകി ഒതുക്കി വെച്ച മുടി , മേല്‍പ്പോട്ടുയര്‍ത്തി ആകെ അലങ്കോലമാക്കിയതും ഒരുമിച്ചായിരുന്നു.

നമ്മളു പിന്നെ ക്ലാസ്സിലെ ചുള്ളന്മാരുടെ ലിസ്റ്റില്‍ ഇല്ലാത്തത് കൊണ്ട് തരുണീമണികള്‍ ഒന്നും കണ്ടില്ല !

ങാ .. പറഞ്ഞു വരുമ്പം എന്നെയും അവനെയും നിങ്ങള്‍ അറിയില്ലല്ലോ  !!!

ഞങ്ങള്‍ രണ്ടു പ്ലസ്‌ ടു വിദ്യാര്‍ഥികള്‍ ; നഗരത്തിലെ കുപ്രസിദ്ധ വിദ്യാലയത്തില്‍ മെരിറ്റില്‍ അഡ്മിഷന്‍ കിട്ടിയ രണ്ടു ജാഡത്തെണ്ടികള്‍ . ഒരു പക്ഷെ ആ ജാഡ ആയിരിക്കാം ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്. 

അല്ല ! അതുമാത്രമല്ല കാരണം. 

ബഹുഭൂരിഭാഗം വരുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ക്കിടന്നു ചക്രശ്വാസം വലിക്കുന്ന ഞങ്ങള്‍ കുറച്ചു മലയാളം മീഡിയക്കാരുടെ പ്രശ്നങ്ങള്‍ ടീച്ചര്‍മാരോട് തുറന്നു പറഞ്ഞത് ഞങ്ങള്‍ രണ്ടു പേരായിരുന്നു. നേരത്തെ പറഞ്ഞ ജാടയ്ക്കു ചെറുതല്ലാത്തൊരു സ്ഥാനം ഈ കൃത്യത്തിലും ഉണ്ട്. 

ഹരികൃഷ്ണന്മാരെ പോലെ പരസ്പരം കളിയാക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്; മുരിങ്ങാക്കോലിനു വെള്ളപൂശിയ പോലത്തെ ഞാന്‍, പപ്പും പൂടയും പറിച്ച കോഴിയെ പോലെ അവന്‍ . മസില്‍ , പൊക്കം , മുടി , വലിയനെറ്റി  ഇവയൊക്കെ പരാതി ഇല്ലാത്തവിധം ഞങ്ങള്‍ വീതിച്ചെടുത്തു, കിട്ടി എന്നതാവും ശരി.  സൗന്ദര്യം ഇല്ലായ്മയും അതിനെ ചൊല്ലിയുള്ള അഹങ്കാരം ഇല്ലായ്മയും ഞങ്ങളെ കൂട്ടിയിണക്കി.

പൊതുവേ പരീക്ഷാക്കാലത്താണ് ഭക്തശ്ശിരോമണികള്‍ അമ്പലത്തില്‍ പോക്ക് പതിവെങ്കിലും 'ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ ' എന്ന ആപ്തവാക്യം ഞങ്ങളെ ദൈവത്തോടടുപ്പിച്ചു.
ആരുമില്ല എന്നു പറഞ്ഞത്‌  മാന്‍പേടകളെ ഉദ്ദേശിച്ചു മാത്രമാണ് കേട്ടോ ! ശങ്കരാടി പറയും പോലെ നല്ല 'ഘടാഘടിയന്മാരായ' മാതാപിതാക്കള്‍ ഞങ്ങള്‍ക്കുണ്ട്‌.... 
അമ്പലത്തില്‍ പോവുക എന്ന് പറഞ്ഞാല്‍ , നിങ്ങളു കരുതും പോലെ ആയാസമുള്ള പണിയല്ല; (ആണെങ്കില്‍ ഞങ്ങളു ചെയ്യുമോ ?! കൊള്ളാം)
സ്കൂളിലേക്ക് കയറുന്നതിനു മുന്‍പ്, ഇടത്തോട്ടു തിരിയുന്നതിന് പകരം നേരെ ഒരു പത്തു മീറ്റര്‍ ; അമ്പലം എത്തി.  ഈഴവശ്ശിവന്‍ ആണ് പ്രതിഷ്ഠ , ഗുരു കണ്ണാടിയാണ് പ്രതിഷ്ഠ നടത്തിയത് എന്നും കേട്ടുകേള്‍വി ഉണ്ട്.

കഥയിലെ നായകന്‍ ഈ പറഞ്ഞ കണ്ണാടി അല്ല. ആ ക്ഷേത്രത്തില്‍ , ചന്ദനം കൊടുക്കുന്ന ഭാഗത്ത് ഒരു വലിയ നിലക്കണ്ണാടി ഉണ്ട് , അതാണ്‌ നമ്മുടെ താരം.

കാണാന്‍ ആളില്ലാത്തത് കൊണ്ട് കണ്ണാടി നോക്കി ചന്ദനം തൊടുന്ന ഏര്‍പ്പാടില്ലായിരുന്നു ഇരുവര്‍ക്കും. പക്ഷെ ഒരുദിവസം എന്തോ ഒരു മാറ്റം ; കണ്ണാടി നോക്കി കുറി വരച്ചു.

"ഈശ്വരാ ഇവനു ഇത്ര ഗ്ലാമറോ ?! ഇന്നലെവരെ കൂതറ ആയിരുന്നവന് പെട്ടെന്ന് എന്തു മാറ്റം".  കൂട്ടുകാരായാല്‍ ഇങ്ങനെ വേണം; സ്വന്തം മുഖം നോക്കി ചന്ദനം തൊടുന്നതിനു പകരം നോക്കിയത് മറ്റവന്റെ തിരുമോന്ത. 

മനസിന്‌ വിഷമമുള്ള കാര്യം ആണെങ്കിലും ( അവന്‍ സുന്ദരന്‍ ആയി എന്നുള്ളത്) കാര്യം അവനോടു തുറന്നു പറയാന്‍ ഞാന്‍ തീരുമാനിച്ചു. 

"ഡാ , ആ കണ്ണാടിയില്‍ കൂടി നോക്കുമ്പോള്‍ നിനക്ക് ഒടുക്കത്തെ ഗ്ലാമര്‍ !!! പക്ഷെ നേരിട്ട് കാണുമ്പോള്‍ പഴയ ഓഞ്ഞമുഖം തന്നെ " - അവന്‍ അങ്ങനെ സുഖിക്കേണ്ട.

"ഞാനും അത് തന്നെയാ പറയാന്‍ വന്നത്" - അവന്റെ മറുപടി എന്നെ അത്ഭുതപെടുത്തി; ഛെ, അവസാന വാചകം വേണ്ടായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലെല്ലോ ..

പിറ്റേന്നും ഞങ്ങള്‍ കണ്ണാടി നോക്കി ചന്ദനം തൊട്ടു ; ഇത്തവണ ഒരു നോട്ടം സ്വന്തം മുഖത്തേക്കും ഉണ്ടായിരുന്നു. സംഭവം ശരിയാ , ഒരു പൊടിക്ക് സുന്ദരന്‍ ആയിട്ടുണ്ട്‌.. ;  സന്തോഷത്തോടെ ക്ലാസ്സിലേക്ക് മടക്കം.

പിന്നീടുള്ള പല ദിവസങ്ങളും തുടങ്ങിയിരുന്നത് ഞങ്ങളുടെ സുന്ദരമുഖങ്ങള്‍ കണ്ടു കൊണ്ടായിരുന്നു ; അതിന്റെ ഫലം ആദ്യ പീരീഡ്‌ മുതല്‍ അറിയാന് ഉണ്ടായിരുന്നു - ഞങ്ങള്‍ എപ്പോഴും  outstanding students !!!
ഇപ്പൊ പറഞ്ഞത് ഞങ്ങളുടെ ശൈലി,  നിങ്ങള്‍ ചിലപ്പോള്‍ അതിനെ standing-out (പുറത്ത് നില്‍ക്കുന്ന) വിദ്യാര്‍ത്ഥികള്‍ എന്ന് പറയുമായിരിക്കും.  ഞങ്ങള്‍ ഇംഗ്ലീഷ് പഴയ ലിപിക്കാരാ , അതിന്റെ വ്യത്യാസമാ ... അത് വിട്.

ദൈവത്തിന്റെ അത്തരം പരീക്ഷണങ്ങളില്‍ ഒന്നും ഞങ്ങള്‍ തോറ്റില്ല , ഞങ്ങളുടെ സുന്ദരമുഖം കാണാന്‍ വീണ്ടും പോയി , ഒരുപാടു നാള്‍ .
"ഇത് പോലത്തെ കണ്ണാടിയും, കാഴ്ചയും എല്ലായിടത്തും , എല്ലാവര്‍ക്കും കൊടുക്കണേ ഭഗവാനേ " എന്ന് പ്രാര്‍ത്ഥിക്കാറുണ്ടെന്നു പ്രത്യേകം പറയേണ്ടല്ലോ. ഞങ്ങള്‍ അത്രയ്ക്ക്  സ്വാര്‍ത്ഥന്മാര്‍ അല്ല. 

വര്‍ഷം ഒരുപാടായി, ഞങ്ങളിനിയും പോകും; ഞങ്ങളുടെ  സുന്ദരവദനങ്ങള്‍ കാണാന്‍ ...22 comments:

 1. "ഡാ , ആ കണ്ണാടിയില്‍ കൂടി നോക്കുമ്പോള്‍ നിനക്ക് ഒടുക്കത്തെ ഗ്ലാമര്‍ !!! പക്ഷെ നേരിട്ട് കാണുമ്പോള്‍ പഴയ ഓഞ്ഞമുഖം തന്നെ " - അവന്‍ അങ്ങനെ സുഖിക്കേണ്ട.

  അവന്‍ അങ്ങനെയങ്ങ് സുഖിക്കേണ്ടാ...അത് കലക്കി

  ReplyDelete
  Replies
  1. :)
   ഇത് വായിക്കാന്‍ സമയം കണ്ടെത്തിയതിനു നന്ദി

   Delete
 2. ഇത് പോലത്തെ കണ്ണാടിയും, കാഴ്ചയും എല്ലായിടത്തും , എല്ലാവര്‍ക്കും കൊടുക്കണേ ഭഗവാനേ " .....കലക്കി മച്ചൂ...

  ReplyDelete
 3. kollam. nannayitundu.
  "saadana" yude kuravundu.

  ReplyDelete
  Replies
  1. "വെള്ളത്തില്‍ " കിടന്നു സാധകം ചെയ്യാത്തതിന്റെ കുറവ് തീര്‍ച്ചയായും ഉണ്ട്.. പതിയെ പതിയെ പരിഹരിക്കപെടും എന്ന് വിശ്വസിക്കുന്നു .. എഴുതി തെളിയുന്നത് പോലെ വായിച്ചു തെളിയാനും ശ്രമം നടക്കുന്നുണ്ട്. ഇത് വായിക്കാന്‍ സമയം കണ്ടെത്തിയതിനു നന്ദി

   Delete
 4. പ്രാര്‍ത്ഥിക്കാന്‍ ഓരോരാള്‍ക്കും ഓരോരൊ കാരണങ്ങളേ ! പ്രായത്തിന്റെ കുഴപ്പമായിരിക്കും ;)

  ReplyDelete
  Replies
  1. വിശ്വാസം , അതല്ലേ എല്ലാം !!!
   ഇത് വായിക്കാന്‍ സമയം കണ്ടെത്തിയതിനു നന്ദി

   Delete
 5. രസമുള്ള കുറിപ്പ്.

  കൂടുതലെഴുതാൻ, എഴുതിത്തെളിയാൻ, ആശംസകൾ!

  (Plz remove the word verification. It will inhibit people from putting comments)

  ReplyDelete
  Replies
  1. ഇത് വായിക്കാന്‍ സമയം കണ്ടെത്തിയതിനും നിര്‍ദേശത്തിനും നന്ദി. removed word verification

   Delete
 6. Replies
  1. നന്ദി , വീണ്ടും വരിക , വായിച്ചു അഭിപ്രായം പറയുക :)

   Delete
 7. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 8. ആ കണ്ണാടിക്കു എന്തോ കുഴപ്പം ഉണ്ടെന്നാ തോന്നുന്നേ.
  ഇഷ്ടമായി കേട്ടോ.

  ReplyDelete
  Replies
  1. നന്ദി , വീണ്ടും വരിക , വായിച്ചു അഭിപ്രായം പറയുക :)

   Delete
 9. കൊള്ളാമല്ലോ. നല്ല രസമുള്ള എഴുത്ത്.

  ReplyDelete
 10. സൌധര്യം ശാപമായി പോയല്ലേ..?രസകരമായി എഴുതി .ആശംസകള്‍

  ReplyDelete
 11. " ടീച്ചറെ, ഇവനെ കണ്ടാല്‍ കുഞ്ചാക്കോബോബനെ പോലെ ഇല്ലേ ?!

  എന്നെ കുറിച്ചാ പറയുന്നതെന്ന് കരുതിയാ വായിച്ചത്..പിന്നാലെ മനസ്സിലായത്..

  നല്ല പോസ്റ്റ്‌..വികൃതികള്‍ കലക്കുന്നു..

  ReplyDelete
 12. കണ്ണാടി നോക്കി, 'ഉം..തെറ്റില്ല' എന്ന ആത്മവിശ്വാസത്തോടെയാണല്ലൊ നാം എന്നും പുറത്തിറങ്ങുന്നത്...

  ReplyDelete

എന്റെ ഈ കുത്തിക്കുറിക്കലുകൾക്കായി സമയം ചെലവിട്ടതിന് നന്ദി . താങ്കളുടെ അഭിപ്രായം , അതെന്തു തന്നെയായാലും ഇവിടെ രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.