വായനയ്ക്കു ശേഷം ...

മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം

16.11.19

ചങ്ങരോത്തുന്നു കേട്ടൊരു പരിഭവം

പടിഞ്ഞാറു നിന്ന് ഇക്കുറി വലിയൊരു കാറ്റ് വരുന്നുണ്ടെന്നു പത്രം വായിക്കുന്ന വല്യപ്പൻ പറഞ്ഞു കേട്ടു. എന്നാണെന്ന് അറിയില്ല

പണ്ടത്തെ പോലെയല്ല!

ഇപ്പൊ കാലാവസ്ഥക്കാര് പറഞ്ഞാ അതിൽ കാര്യമില്ലാന്ന് പറയാൻ പറ്റൂലാ . അന്ന് ഓണത്തിന് വെള്ളം കേറിയേ പിന്നെയാ ഇങ്ങനെ.

മൂപ്പെത്താതെ പഴുത്താൽ കൊള്ളൂല്ലന്നാണ് ..

അങ്ങനെ നല്ലോണം മൂത്ത് പഴുക്കണം എന്ന് തന്നെയാ എനിക്ക് . മേലെ കൊമ്പിലുള്ളോരു ചിലർക്ക് മൂപ്പെത്താതെ തന്നെ നിറം മാറുന്നുണ്ട് . കത്തുന്ന വെയിലിൽ  വാടാതെ നോക്കാൻ അവർക്കൊക്കെ മേലെ കൊമ്പീന്ന് ചോലയുണ്ട്. നമ്മൾക്കങ്ങനെയാണോ ?

മണോം ഗുണോംന്നും  ഇല്ലെങ്കിലും  ഇളം വെയില് കൊണ്ട്, നല്ല സ്വർണ നിറത്തിൽ അങ്ങനെ തുടുത്ത് നിൽക്കണ കാണാൻ നല്ല രസാണ് , എനിക്ക് പോലും കൊതി തോന്നീട്ടുണ്ട് ; പിന്നെ പറമ്പി കളിക്കാൻ വന്ന പിള്ളേരുടെ കാര്യം പറയണോ ?


പൂവിട്ടത് നമ്മളൊക്കെ ഒരുമിച്ചാണെലും ഞാനിപ്പോഴും പച്ചകുപ്പായത്തിലാണ് . ഉള്ള് നല്ല മധുരമാണെന്നു പറഞ്ഞിട്ട് കാര്യമുണ്ടോ? അല്ല എങ്ങനെ പറയാൻ? മനുഷ്യനെ പോലെ വാ തുറന്നു മിണ്ടാൻ പറ്റില്ലല്ലോ .. ആ പിള്ളേരെങ്ങാൻ പറഞ്ഞാലായി .

മൂത്ത് പഴുത്ത് നല്ല തേൻ പോലെ മധുരിക്കണം, എന്നിട്ടതെങ്കിലും കുസൃതിക്കുടുക്ക എറിയുന്ന കല്ല് കൊണ്ട് വീഴണം ,ആ കുഞ്ഞു മുഖത്ത് വിരിയുന്ന സന്തോഷം കാണണം ,മാമ്പഴച്ചാറു പുരണ്ട കവിളിലൊരുമ്മ കൊടുക്കണം , എല്ലാം കഴിഞ്ഞു ആ കുഞ്ഞു കൈയിൽ നിന്ന് പറന്നു ദൂരെ ഒരിടത്ത്  വീണു മുളച്ചു വലിയൊരു മാവായി മാറണം .  ഇതൊക്കെയാണെന്റെ കൊച്ചുസ്വപ്നം

നിനക്കറിയോ ഈ കൊച്ചു കൊച്ചു സ്വപ്നങ്ങൾക്ക് തുരങ്കംവെക്കുന്നതാരൊക്കെയാണെന്ന് ?

ഏറ്റവും പേടി അപ്പുറത്തെ പറമ്പിലുള്ളോരെയാണ് , അവിടത്തെ കാർന്നോരു മാമ്പഴപുളിശ്ശേരി കൂട്ടിയ കാലം മറന്നൂന്നു ഇങ്ങോട്ട് നോക്കി അർഥം വെച്ച് പറഞ്ഞപോലെ തോന്നി. കൂട്ടാനിൽ കിടന്നു വെന്താൽ തീർന്നില്ലേ !!!


മൂപ്പെത്താതെ  നിറം മാറുന്നോരെ കണ്ടു ഞാനും ഒന്നിളകി എന്നുള്ളത് നേരാ ... പിന്നെ ആലോചിക്കുമോ ഞെട്ടറ്റു വീഴാത്തത് നന്നായി എന്ന് തോന്നാറുണ്ട് .  പിള്ളാര് അയ്യേന്നു പറഞ്ഞതു കളഞ്ഞാൽ പോയില്ലേ?

മനസ്സിൽ കുറെ നാളായി ഒരാധിയാണ്. ആ വീട്ടുകാര് മാത്രമല്ല പ്രശ്നം.  ഈ നാട്ടിമ്പുറത്തും എന്തൊക്കെ തരം രോഗങ്ങളാ ? പ്രാണികൾ വേറെ. മനുഷ്യമ്മാര് നല്ലോണം നോക്കി നടത്തണ കൂട്ടര് വരെ രാത്രിക്കു രാത്രി വേരും പറിഞ്ഞു വീഴ്ചയാ ! അല്ലാ ഈ മണ്ണി തന്നെയല്ലേ നമ്മടെ കാർന്നോമ്മാരു കൊല്ലക്കണക്കിനു നെഞ്ചും വിരിച്ച് നിന്നേ ?

അതും പോരാഞ്ഞു ദേ കാറ്റ്,മഴ. പ്രളയം കൊല്ലത്തി ഒരിക്കലെന്ന കണക്കായി; ആര് ചെയ്ത പാപത്തിൻറെ ആണാവോ?

ഒരാഴ്ച കൂടെ കഴിഞ്ഞാ മൂപ്പെത്തും . സന്ധ്യയായി തുടങ്ങി . ഒരൂട്ടം വാവലുകള് പറക്കുന്നുണ്ട് ചുറ്റും; എന്തോ ഒരു മണമാണ് അവറ്റകൾക്കു , ഇവിടൊന്നും ഇങ്ങനെ ഉള്ളതിനെ കണ്ടിട്ടില്ല.  പോയ വർഷം ഇത് പോലെ എവിടുന്നോ വന്ന കൂട്ടരാണ് ദേ ഞാനീ നിക്കുന്ന പറമ്പിലെ കുടുംബക്കാരെ മുച്ചൂടും ഒടുക്കീട്ടു പോയത്.

പറമ്പില് കളിമതിയാക്കി കുറച്ചു കുറുമ്പന്മാരു ഇങ്ങോട്ടു വരുന്നുണ്ട് . 

പടിഞ്ഞാറൂന്നു കാറ്റിനും വമ്പു കൂടി തുടങ്ങി ...






11 comments:

  1. തിരിച്ചുവരവ് കേമാക്കി... ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ! വീണ്ടും ഒരു വായനയിൽ കണ്ടു മുട്ടാം

      Delete
  2. Late വന്നാലും Latest വന്തിട്ടേൻ..... നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. നോം നമ്പ്യാർ മുതലാളി ആണേ

      Delete
    2. നന്ദിയുണ്ട് മുതലാളി നന്ദി :)

      Delete
  3. നമ്മളും ഇവിടെ ഒക്കെ unde. �� നന്നായിട്ടുണ്ട്

    ReplyDelete
  4. ഇവിടേം നന്ദി രേഖപ്പെടുത്തുന്നു

    ReplyDelete
  5. ഇടയ്ക്ക് എഴുതാൻ പറ്റാത്തതിന്റെ അസൂയ. വായിക്കാൻ പറ്റുന്നതിന്റെ അഹങ്കാരം. സമാസമം !

    ReplyDelete
    Replies
    1. എഴുതൂ, നമ്മക്കൊരോ ബ്ലോഗ് അങ്ങട് കാച്ചിയാലോ

      Delete
  6. കൂട് വിട്ട് കൂടുമാറ്റം പലതരത്തിലും കണ്ടിട്ടുണ്ട്...
    ഇത് ആദ്യമാണ്...ഒരു മാങ്ങക്കുള്ളിലോളം എത്തുന്ന മനസിനെ നമിച്ചു..
    വേറെ തരം ഒരു പിടിയാണത്...
    ഇനി സ്ഥിരമായിവരാം.
    ഫോളോ ചെയ്യുന്നുണ്ട് .സലാം

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ!
      നിങ്ങടെ ബ്ലോഗിൽ ഇച്ചിരി കടുപ്പമാണല്ലോ വാക്കുകൾ :)

      Delete

എന്റെ ഈ കുത്തിക്കുറിക്കലുകൾക്കായി സമയം ചെലവിട്ടതിന് നന്ദി . താങ്കളുടെ അഭിപ്രായം , അതെന്തു തന്നെയായാലും ഇവിടെ രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.